ഡൽഹിക്ക് പിന്നാലെ ബംഗളൂരുവിലും സ്കൂളുകൾക്ക് ബോംബ് ഭീഷണി

ബംഗളൂരു: ബംഗളൂരുവിലെ സ്കൂളുകളിൽ ബോംബ് ഭീഷണി. ഇമെയിലുകൾ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. എന്നാൽ അന്വേഷണത്തിൽ ഇവ വ്യാജമാണെന്ന് തെളിഞ്ഞു. 'സ്കൂളിനുള്ളിൽ ബോംബുകൾ' എന്ന തലക്കെട്ടോടെ ഒരു ഇമെയിൽ രാവിലെ തന്നെ സ്കൂളുകൾക്ക് ലഭിച്ചു. അതത് സ്കൂളുകളുടെ ക്ലാസ് മുറികളിൽ നിരവധി സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതായി സന്ദേശത്തിൽ അവകാശപ്പെട്ടു.

സ്ഫോടകവസ്തുക്കൾ കറുത്ത പ്ലാസ്റ്റിക് ബാഗുകളിൽ വിദഗ്ധമായി ഒളിപ്പിച്ചതായും അതിൽ പറഞ്ഞിരുന്നു. സ്കൂൾ അധികൃതർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡുകളും മറ്റ് പരിശോധന സംഘങ്ങളും സ്കൂളുകളിൽ എത്തി പരിശോധിക്കുകയായിരുന്നു. ഭീഷണി ലഭിച്ചതോടെ വിദ്യാർഥികളെയും ജീവനക്കാരെയും ഉടൻ തന്നെ പരിസരത്ത് നിന്ന് ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, വെള്ളിയാഴ്ച ഡൽഹിയിലെ 20 ലധികം സ്കൂളുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഏതാനും ദിവസങ്ങളായി ഇത്തരം സന്ദേശം പതിവാണെന്ന് പൊലീസ് അറിയിച്ചു. പശ്ചിംവിഹാറിലെ റിച്ച്മോണ്ട് ഗ്ലോബൽ സ്കൂൾ, രോഹിണി സെക്ടറിലെ അഭിനവ് പബ്ലിക് സ്കൂൾ എന്നിവക്ക് ഉൾപ്പെടെയാണ് ബോംബ് ഭീഷണി. സന്ദേശം ലഭിച്ചതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല.

ഇക്കഴിഞ്ഞ 14, 15, 16 തീയതികളിൽ ഡൽഹിയിലെ 11 സ്കൂളുകളും ഒരു കോളജും ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശമെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ സർക്കാറിന്‍റെ പിടിപ്പുകേടാണെന്നും കുട്ടികൾക്ക് സുരക്ഷയൊരുക്കാനാകാത്തത് അംഗീകരിക്കാനാകില്ലെന്നും മുൻ വിദ്യാഭ്യാസ മന്ത്രികൂടിയായ അതിഷി പറഞ്ഞു. 

Tags:    
News Summary - schools in Bengaluru receive bomb threat email

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.