ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ ഉപരോധം ഏർപ്പെടുത്തുമെന്ന യു.എസ് ഭീഷണി പ്രത്യാഘാതമുണ്ടാക്കില്ലെന്ന് ഇന്ത്യ. മറ്റ് രാജ്യങ്ങളിൽനിന്ന് ആവശ്യത്തിന് എണ്ണ ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്ന് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് പ്രശ്നമുണ്ടായാൽ മറ്റ് രാജ്യങ്ങളെ ആശ്രയിച്ച് പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാവശ്യമായ അസംസ്കൃത എണ്ണയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതാണ്. പരമ്പരാഗതമായി, മിഡിലീസ്റ്റായിരുന്നു പ്രധാന ഇന്ധന സ്രോതസ്സ്. എന്നാൽ, മൂന്ന് വർഷമായി റഷ്യയിൽനിന്നാണ് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്നത്. യുക്രെയ്ൻ ആക്രമണത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങളിൽ ഭൂരിഭാഗവും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തലാക്കിയതാണ് ഇതിന് വഴിയൊരുക്കിയത്. ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളെ ആകർഷിക്കാൻ റഷ്യ വില കുറച്ച് എണ്ണ വിൽപന നടത്തുകയായിരുന്നു.
ഇന്ത്യൻ എണ്ണക്കമ്പനികൾ ഈ അവസരം പരമാവധി മുതലെടുത്തു. ഒരുകാലത്ത് നാമമാത്രമായിരുന്നു റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി. ഇപ്പോൾ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയിൽനിന്നാണ്. ഗയാന പോലുള്ള നിരവധി പുതിയ എണ്ണ വിതരണ രാജ്യങ്ങൾ വിപണിയിലേക്ക് വരുന്നുണ്ടെന്നും ബ്രസീൽ, കാനഡ തുടങ്ങിയ നിലവിലുള്ള ഉൽപാദകരിൽ നിന്ന് കൂടുതൽ എണ്ണ ലഭിക്കാമെന്നും ഹൈഡ്രോകാർബൺസ് ഡയറക്ടറേറ്റ് ജനറൽ സംഘടിപ്പിച്ച ഊർജ സമ്മേളനത്തിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയും യു.കെയും സ്വതന്ത്ര വ്യാപാര കരാറിൽ അടുത്തയാഴ്ച ഒപ്പുവെച്ചേക്കും. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന കരാറാണ് തയാറാകുന്നത്. വ്യാപാര കരാർ സംബന്ധിച്ച ചർച്ച മേയ് ആറിന് പൂർത്തിയായിരുന്നു.
2030ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 12,000 കോടി ഡോളറാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കരാറിന്റെ ഭാഗമായി ഇന്ത്യയിൽനിന്നുള്ള തുകൽ, പാദരക്ഷകൾ, വസ്ത്രങ്ങൾ തുടങ്ങിയ തൊഴിൽ പ്രാധാന്യമുള്ള ഉൽപന്നങ്ങളുടെ കയറ്റുമതി തീരുവ ഒഴിവാക്കും. അതേസമയം, ബ്രിട്ടനിൽ നിന്നുള്ള വിസ്കി, കാറുകൾ എന്നിവയുടെ ഇറക്കുമതിച്ചുങ്കം ഇന്ത്യയും ഒഴിവാക്കും. കരാറിൽ ഒപ്പുവെച്ചശേഷം ബ്രിട്ടീഷ് പാർലമെന്റിന്റെയും കേന്ദ്ര മന്ത്രിസഭയുടെയും അംഗീകാരം ആവശ്യമാണ്. ഒപ്പിട്ടാൽ നടപ്പാകാൻ ഒരു വർഷത്തോളമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.