വാണി
ഹരിപ്പാട്: പ്രകൃതിയെയും മണ്ണിനെയും സ്നേഹിച്ച് ജൈവകൃഷിക്കായി ജീവിതം ഉഴിഞ്ഞുവെച്ച വാണിയെ തേടി വീണ്ടും പുരസ്കാരം. കൃഷിവകുപ്പിന്റെ 2024 വർഷത്തെ സംസ്ഥാന തല അവാർഡിൽ മികച്ച കർഷകതിലക പുരസ്കാരമാണ് ഹരിപ്പാട് പാലക്കുളങ്ങര മഠം വി. വാണിക്ക് ലഭിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് അവാർഡ്.
16 വർഷമായി പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ നടത്തുന്ന വി. വാണി കാർഷിക ബിരുദധാരിയാണ്. ജൈവ വൈവിധ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, തദ്ദേശീയ ഭക്ഷ്യ വിഭവങ്ങളുടെ മൂല്യ വർധനവ് എന്നിവ ലക്ഷ്യമാക്കി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഹരിപ്പാട് നഗരത്തിനോട് അടുത്ത് നാലേക്കർ സ്ഥലത്ത് വാണി ഒരുക്കിയ കൃഷിയിടവും അനുബന്ധ സംവിധാനങ്ങളും ആരെയും ആകർഷിക്കുന്നതാണ്.
നാടൻ വിത്തുകളുടെ സംരക്ഷണം, നാട്ടുമരങ്ങളുടെ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം, നാടൻ പശുക്കൾ, നാടൻ മത്സ്യങ്ങൾ,നാടൻ കോഴി, താറാവ്, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ ഫലവൃക്ഷങ്ങൾ, 12 ഇനം വാഴകൾ, ഔഷധച്ചെടികൾ തുടങ്ങി വൈവിധ്യങ്ങൾ നിറഞ്ഞതാണ് വാണിയുടെ കൃഷിയിടം.
അപൂർവങ്ങളായ വനസസ്യങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും കലവറ കൂടിയാണ് വാണിയുടെ കൃഷിയിടം. കൃഷിയിടത്തിനോട് ചേർന്നുള്ള പ്രകൃതി ജൈവ കലവറ എന്ന ഇക്കോ ഷോപ്പ് ജൈവ കർഷകർക്കും ജൈവ ഉൽപന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും വലിയ ആശ്രയമാണ്.
രുചിര പ്രകൃതി ഭക്ഷ്യ ഉത്പന്ന ശാല, വാസു ജൈവാങ്കണം എന്ന ചെറുകിട നേഴ്സറി ,ജൈവ കൃഷി പാഠശാല,ജൈവകർഷക കൂട്ടായ്മ, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം, പരിസ്ഥിതി ബോധവത്ക്കരണ - സംരക്ഷണ പ്രവർത്തനങ്ങൾ, ബോധവത്കരണ പ്രവർത്തനങ്ങൾ ഇതോടൊപ്പം നടത്തിവരുന്നു. സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകളാണ് വാണിയുടെ കൃഷിയിടം സന്ദർശിക്കാൻ ഇവിടെയെത്തുന്നത്. 2019-ൽ കൃഷിവകുപ്പിന്റെ സംസ്ഥാന യുവ കർഷക അവാർഡ് വാണിക്കയായിരുന്നു.
സരോജിനി ദാമോദർ മികച്ച ജൈവകൃഷിക്കുള്ള സംസ്ഥാനതല അക്ഷയ ശ്രീ അവാർഡ്, സംസ്ഥാന യുവജന ക്ഷേമ ബോർഡിൻറെ സംസ്ഥാന യുവപ്രതിഭ പുരസ്കാരം, വനം വകുപ്പിന്റെ വനമിത്ര പുരസ്കാരം, ഞാറ്റുവേല പുരസ്കാരം മൂഴിക്കുളം ശാല, മികച്ച വനിതാ സാമൂഹിക പ്രവർത്തകർക്കുള്ള രഹ്ന അവാർഡ്,മികച്ച സംരക്ഷണ കർഷകയ്ക്കു ള്ള (സസ്യജാലം) പുരസ്കാരം തുടങ്ങി പ്രമുഖങ്ങളായ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജീവിതപങ്കാളി വിജിത്തും ഒരേ മനസ്സോടെ ഈ പ്രവർത്തനങ്ങളിൽ വാണിക്ക് ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.