ജെ.എസ്. മിനിമോൾ കൃഷിയിടത്തിൽ
മണ്ണുത്തി: ഒരു കാലഘട്ടത്തിൽ തകർന്ന് പോയ കൊക്കോ കൃഷിയെ പുനർജീവിപ്പിച്ച് സാധ്യതകൾ കർഷകരിലെത്തിച്ചതിനുള്ള അംഗീകാരമായി ജെ.എസ്. മിനിമോൾക്കുള്ള പുരസ്കാരം. കാർഷിക സർവകലാശാലയിലെ കോക്കോ ഗവേഷണ വിഭാഗം മേധാവി ജെ.എസ്. മിനിമോളാണ് മികച്ച കാർഷിക ഗവേഷകക്കുള്ള അംഗീകാരം നേടിയത്. 2008 മുതൽ ആരംഭിച്ച കൊക്കോ ഗവേഷണത്തിന് ലഭിച്ച ആദ്യ അംഗീകാരമാണ് ഡോ.മിനിമോളിലൂടെ കാർഷിക സർവകലാശാലക്ക് ലഭിച്ചിരിക്കുന്നത്. കാർഷിക വിപ്ലവത്തിന് വിത്തുപാകിയ ഡോ.എം.എസ്. സ്വാമിനാഥന്റെ പേരിലുള്ള അവാർഡാണ്.
1980കളിൽ കേരളത്തിലെ കർഷകർ വ്യാപകമായി കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞെങ്കിലും വിപണിയിൽ വാങ്ങുന്നതിന് ആൾ ഇല്ലാതെ വന്നതോടെ കൊക്കോ വ്യാപകമായി നശിപ്പിക്കുന്ന സാഹചര്യമായിരുന്നു. 2002ൽ സർവിസിലെത്തിയ മിനിമോൾ ഉൾപ്പെടെ ഗവേഷകരുടെ പ്രയത്ന ഫലമായി ഗുണമേന്മയുള്ള വിത്തുകളും കൊക്കോ കായക്ക് മികച്ച വിപണിയും കണ്ടെത്തുന്നതിൽ വിജയിച്ചു.
ഇവരുടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് വേണ്ടി അഞ്ച് കോടിയിലധികം രൂപയാണ് പ്രതിവർഷം കാർഡ്ബറിസ് കമ്പനി ചിലവഴിക്കുന്നത്. ഇന്ന് ഡോ. മിനിമോളുടെ നേതൃത്വത്തിൽ കൊക്കോയുടെ 11 മുന്തിയ ഇനം ഹൈബ്രിഡുകൾ വികസിപ്പിച്ചിട്ടുണ്ട്. ഹൈബ്രിഡ് തൈകൾ ഇന്ത്യയൊട്ടാകെ വിതരണം ചെയ്യുന്നുണ്ട്.
മൂല്യവർധിത ഉൽപന്നങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്തി ചെറുകിട വ്യവസായത്തിനുള്ള സാധ്യതയും യൂനിവേഴ്സിറ്റിയിൽ വികസിപ്പിച്ചു. തൃശൂർ സ്വദേശിയായ ഇവർ 2008 മുതൽ ഇവിടെ പ്രവർത്തിച്ച് വരുന്നു. മകൻ അഭിനവ് ആറാം ക്ലാസ് വിദ്യാർഥിയാണ്. ഭർത്താവ് പരേതനായ അശോകൻ എ. മച്ചിങ്ങൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.