ബാലകൃഷ്ണൻ മൊകേരി എഴുതിയ കവിത
പടിവാതിൽക്കൽ
അച്ഛനെ കാത്തിരിക്കുന്ന
പൂമ്പാറ്റ പോലുള്ള കുഞ്ഞുമോളോട്,
പാതയോരത്ത്
എങ്ങനെയോ അതിജീവിച്ചു നിന്ന
ഒരു തുമ്പ
ഇടറിയ വാക്കുകളാൽ,
പൂക്കളമൊരുക്കേണ്ടേ കുഞ്ഞേ,
എന്നെ വിളിക്കുന്നില്ലേ ?
എന്നു ചോദിച്ചതു കേട്ട്
കാറ്റു പോലും ശ്വാസമടക്കിയപ്പോൾ,
പൂക്കളം തീർക്കാതെ -
യോണമില്ലല്ലോ എന്നും
നിന്നെപ്പോലുള്ള കാട്ടുചെടികളുടെ
പൂവിറുക്കാറില്ല ഞങ്ങളെന്നും,
അച്ഛൻ അങ്ങാടിയിൽ നിന്ന്
കൊണ്ടുവരുന്ന വില കൂടിയ
പല തരം പൂക്കളാൽ
ഞങ്ങൾ പൂക്കളം തീർക്കുമെന്നും
കുഞ്ഞുമോൾ പറഞ്ഞു.
അപ്പോൾ,
ഒരു കാറ്റുപോലുമില്ലെങ്കിലും
തുമ്പച്ചെടി ഒടിഞ്ഞ്
നീർച്ചാലിലേക്കു വീണുപോയി!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.