കാലാവധി കഴിഞ്ഞ വിസ പിഴകൂടാതെ പുതുക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി

മസ്കത്ത്: വിസകാലാവധി (വർക്ക് പെർമിറ്റ്) കഴിഞ്ഞ പ്രവാസികള്‍ക്ക് പിഴയില്ലാതെ കരാര്‍ പുതുക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതനുസരിച്ചാണ് തൊഴിൽ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള ഗ്രേസ് പീരിയഡ് നീട്ടിയത്. ജൂലൈ 31ന് അവസാനിക്കുമെന്ന് നേരത്തേ തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു.

തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലുടമകളെയും തൊഴിലാളികളെയും പിന്തുണക്കുന്നതിനുമായി മന്ത്രാലയം ജനുവരിയിലാണ് സംരംഭത്തിന് തുടക്കമിട്ടത്. ഇളവുകളുടെ പാക്കേജിൽ 60 ദശലക്ഷത്തിലധികം ഒമാൻ റിയാലിന്റെ പിഴകളും സാമ്പത്തിക ബാധ്യതകളും ഉൾപ്പെടുന്നു. ഏഴ് വര്‍ഷത്തില്‍ കൂടുതലായുള്ള പിഴകളാണ് ഒഴിവാക്കുക. കോവിഡ് കാലയളവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്.

വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് പിഴകള്‍ കൂടാതെ കരാര്‍ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ബന്ധപ്പെട്ട കക്ഷികളും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അംഗീകൃത സേവന വിതരണ ചാനലുകളിലൂടെയും സമയപരിധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അഭ്യർഥിച്ചു.

അടുത്ത രണ്ട് വര്‍ഷത്തേക്ക് തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ കഴിയും. എന്നാല്‍, തൊഴിലുടമ ഒരു തൊഴിലാളിയുടെ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരുടെ സേവനങ്ങള്‍ അവസാനിപ്പിക്കാനും യാത്രാ ടിക്കറ്റ് നല്‍കാനും സാധിക്കും. നിലവിലുള്ള എല്ലാ പിഴകഴും ഫീസുകളും അധിക ബാധ്യതകളും റദ്ദാക്കപ്പെടും.

രാജ്യത്തെ തൊഴില്‍ വിപണിക്ക് ഉണര്‍വ് പകര്‍ന്ന് 60 ദശലക്ഷം റിയാലിലധികം മൂല്യമുള്ള ഇളവുകളുടെയും സാമ്പത്തിക ഒത്തുതീര്‍പ്പുകളുടെയും പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതില്‍ ഉള്‍പ്പെടുത്തിയാണ്, ഏഴ് വര്‍ഷം മുമ്പ് ലേബര്‍ കാര്‍ഡുകള്‍ കാലഹരണപ്പെട്ട വ്യക്തികളുടെ എല്ലാ പിഴകളും കുടിശ്ശികകളുമാണ് തൊഴില്‍ മന്ത്രാലയം റദ്ദാക്കിയിരിക്കുന്നത്. കൂടാതെ, 2017 ലും അതിനു മുമ്പും രജിസ്റ്റര്‍ ചെയ്ത കുടിശ്ശികകള്‍ അടക്കുന്നതില്‍നിന്ന് വ്യക്തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കിയിട്ടുമുണ്ട്.

Tags:    
News Summary - Deadline for renewing expired visas without penalty extended to December 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.