തെലങ്കാന സ്വദേശി ഗംഗാ രാജത്തിന് നവോദയ യാംബു
ജീവ കാരുണ്യ കൺവീനർ എ.പി സാക്കിർ യാത്രാരേഖകൾ കൈമാറുന്നു
യാംബു: തൊഴിൽ പ്രതിസന്ധിയിലകപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത രണ്ടു ഇന്ത്യൻ തൊഴിലാളികളെ ജിദ്ദ നവോദയ യാംബു സന്നദ്ധ പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സ്വദേശി ബിനു ഓമന, തെലങ്കാന സ്വദേശി ഗംഗാ രാജം എന്നിവരെയാണ് രേഖകൾ ശരിയാക്കി നാട്ടിലെത്തിച്ചത്. അൽ ഖുറിയാത്തിൽ ആദ്യമായി ജോലിക്കെത്തിയ ബിനു ഓമന തൊഴിൽ പ്രശ്നത്തിൽ പെട്ട് സ്പോൺസർഷിപ്പ് മാറ്റി പുതിയ സ്പോൺസറുടെ കീഴിൽ യാംബുവിൽ എത്തിയതായിരുന്നു. ഹെവി ഡ്രൈവർ ജോലി ചെയ്തു വരവെ ഇഖാമയുടെ കാലാവധി കഴിഞ്ഞ് ഹുറൂബിലായി. അത് നീക്കം ചെയ്യാൻ സ്പോൺസർ ആവശ്യപ്പെട്ട തുക നൽകിയിട്ടും ഹുറൂബിൽ നിന്ന് മാറാതെ പുതിയ ജോലി തേടാനോ നാട്ടിൽ പോവാനോ കഴിയാതെ ദുരിതത്തിലായതിനെ തുടർന്നാണ് നവോദയ സന്നദ്ധ പ്രവർത്തകർ പ്രശ്നത്തിൽ ഇടപെട്ടത്.
എട്ടു വർഷം മുമ്പ് ദമ്മാമിൽ എത്തിയ ഗംഗാ രാജനും ഇഖാമ കാലാവധി കഴിഞ്ഞപ്പോൾ ഹുറൂബ് ആവുകയായിരുന്നു. റിയാദ് എംബസിയിൽ നിന്നും കഴിഞ്ഞ വർഷം ലഭിച്ച ഇ. പിന്നീട് ക്യാൻസലാവുകയും ചെയ്തിരുന്നു. പിന്നീട് യാംബുവിലെത്തിയ ഗംഗാ രാജം പ്രതിസന്ധിയിൽ സഹായിക്കാൻ ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ജീവകാരുണ്യവിഭാഗത്തോട് ആവശ്യപ്പെടുകയായിരുന്നു. ഗംഗാ രാജത്തിന്റെ കേസിൽ ജിദ്ദ കോൺസുലേറ്റിലെ പാസ്പോർട്ട് വിഭാഗം വൈസ് കോൺസുൽ ദിനേശ് സാറിന്റെ പ്രത്യേക പരിശ്രമ ഫലമായി വീണ്ടും പുതിയ ഇ. സി അനുവദിച്ച് ജിദ്ദ കോൺസുലേറ്റിൽ നിന്നും യാംബു നവോദയ ജീവ കാരുണ്യ വിഭാഗം കൺവീനർ എ.പി സാക്കിറിന് കൈമാറി.
ഗംഗാ രാജത്തിന് ഫൈനൽ എക്സിറ്റ് വാങ്ങിച്ച് കൊടുത്ത് നാട്ടിലേക്കയക്കണമെന്ന് അദ്ദേഹം നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബിനു ഓമനയെയും ഗംഗാ രാജത്തിനെയും ഒരുമിച്ച് ജിദ്ദയിൽ ഷുമൈസി ഡീപോർട്ടേഷൻ സെന്ററിലെ ജവാസാത്തിൽ എത്തിച്ച് ഫൈനൽ എക്സിറ്റ് ലഭിച്ചപ്പോൾ വിമാന ടിക്കറ്റെടുത്ത രണ്ടുപേരെയും ജിദ്ദയിൽ നിന്ന് നവോദയ പ്രവർത്തകർ യാത്രയാക്കുകയായിരുന്നു. ജിദ്ദ നവോദയ യാംബു ജീവ കാരുണ്യ കൺവീനർ എ.പി സാക്കിറിന്റെയും മറ്റു ഏരിയ ഭാരവാഹികളുടേയും നിരന്തര പരിശ്രമങ്ങളുടെ ഫലമാണ് ഇരുവരും നീണ്ട വർഷങ്ങളുടെ ദുരിത പൂർണമായ പ്രവാസത്തിൽ നിന്ന് മോചനം കിട്ടി നാടണഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.