ജുബൈൽ അമിറൽ പ്രോജക്റ്റ് കോംപ്ലക്സിൽ നടന്ന മാസ് കോൺക്രീറ്റ് പോറിങ്
ജുബൈൽ: സൗദിയുടെ വ്യവസായ ചരിത്രത്തിൽ മാസ് കോൺക്രീറ്റ് പോറിങ്ങിൽ ചരിത്ര വിജയം നേടി നാസർ എസ്. അൽഹാജ്രി കോർപറേഷൻ (എൻ.എസ്.എച്ച്). അരാംകോയുടെ അമിറൽ പ്രോജക്റ്റ് കോംപ്ലക്സിൽ എച്ച്.ഡി.പി.ഇ ആൻഡ് ലോജിസ്റ്റിക് പാക്കേജ് 2, 3 ന്റെ ക്ലീൻ വാട്ടർ ലിഫ്റ്റിംഗ് ബേസിനിലാണ് മണിക്കൂറിനുള്ളിൽ 5,071 ക്യൂബിക് മീറ്റർ കോൺക്രീറ്റ് പോറിങ് നടത്തി ചരിത്രം കുറിച്ചത്. സിനോപ്പക്ക് നടത്തിയ 1,900 ക്യൂബിക് മീറ്റർ കോൺക്രീറ്റ് പോറിങ് ആണ് ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലുത്.
കോൺക്രീറ്റിനു മുമ്പ് നടന്ന ആസൂത്രണ യോഗങ്ങളും, ഡിസൈൻ തയാറെടുപ്പുകളും, ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളും എല്ലാം എഞ്ചിനീയറിങ് വൈദഗ്ദ്ധ്യത്തിന്റെയും മികച്ച മാനേജ്മെന്റിന്റെയും വിജയമായി ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് ഒന്നിന് ഉച്ചക്ക് ആരംഭിച്ച കോൺക്രീറ്റ് പോറിങ് അടുത്ത ദിവസം അതേ സമയം വിജയകരമായി പൂർത്തിയാക്കി. രണ്ടു ഷിഫ്റ്റുകളിലായി 350 ഓളം തൊഴിലാളികൾ, ഏഴു സ്റ്റാൻഡ്ബൈ യൂനിറ്റുകളുടെ പിന്തുണയോടെ പ്രവർത്തിച്ച ആറു പമ്പുകൾ, മണിക്കൂറിൽ 275 ക്യൂബിക് മീറ്റർ ശേഷിയുള്ള പ്ലാന്റുകൾ, പ്രമുഖ കോൺക്രീറ്റ് വിതരണക്കാരായ ക്വാൻബാർയും സൗദി റെഡിമിക്സ്യും എല്ലാം ചേർന്ന് മണിക്കൂറിൽ 220 ക്യൂബിക് മീറ്റർ കോൺക്രീറ്റ് സ്ഥിരതയോടെ എത്തിച്ചു.
1,200 ടൺ റീബാർ, രാത്രിയും പകലും ഒരുപോലെ തെളിഞ്ഞ ലൈറ്റിങ് സംവിധാനങ്ങൾ, കൺസ്ട്രക്ഷൻ, ക്വാളിറ്റി, മെയിന്റനൻസ്, എച്ച്.എസ്.ഇ, അഡ്മിൻ തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെയും ഏകോപനശേഷി ഒത്തുചേർന്നപ്പോൾ പദ്ധതി വലിയ വിജയമാവുകയായിരുന്നു.
സുരക്ഷ വിഭാഗത്തിന്റെ ശക്തമായ മേൽനോട്ടത്തിൽ ഒരു തൊഴിലാളിക്കും ഒറ്റ അപകടവുമില്ലാതെ പ്രവർത്തനം പൂർത്തിയായത് കമ്പനിക്ക് അഭിമാനമായി. സാറ്ററോപ്, അമിറാൾ പദ്ധതി മാനേജ്മെന്റ് ടീം, മയിർ ടെക്നിമൗണ്ട് ടീം എന്നിവരുടെ നേതൃത്വത്തിൽ കമ്പനി എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ ഗണേഷ് രവിപിള്ളയും , സീനിയർ വൈസ് പ്രസിഡന്റ് എ. സുരേഷും എൻ.എസ്.എച്ച് എഞ്ചിനീയറിങ് മികവും ടീം ഏകോപനവും അഭിനന്ദിക്കപ്പെട്ടു. റീജനൽ ഓപറേഷൻ ഡയറക്ടർ അഗസ്റ്റിൻ പൊൻരാജ്, റീജനൽ മാനേജർ ഷെറിൻ, സീനിയർ പ്രോജക്റ്റ് മാനേജർ ഗുണശേഖരൻ എന്നിവരാണ് പ്രവർത്തനത്തിനും ഏകോപനത്തിനും നേതൃത്വം നൽകിയത്.
ഗൾഫ് മേഖലയിലെ ഏറ്റവും അഭിലഷണീയമായ ഡൗൺ സ്ട്രീം വിപുലീകരണങ്ങളിൽ ഒന്നാണ് അമിറൽ പദ്ധതി. ലോകോത്തര പെട്രോകെമിക്കൽ കോംപ്ലക്സിനെ സാറ്ററോപ് റിഫൈനറിയുമായി സംയോജിപ്പിക്കുന്നതിലൂടെ സൗദി അറേബ്യയുടെ വിഷൻ 2030 നെ പ്രതിഫലിപ്പിക്കുന്നു. ഫീഡ്സ്റ്റോക്കുകളെ ഉയർന്ന മൂല്യമുള്ള രാസ ഉൽപന്നങ്ങളാക്കി മാറ്റുക, വ്യാവസായിക വൈവിധ്യവൽക്കരണം ഉത്തേജിപ്പിക്കുക, ഗണ്യമായ തൊഴിലവസരങ്ങളും നിക്ഷേപവും സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.