രാജേഷ് ബാബു ബാലകൃഷ്ണൻ
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് എട്ട് മാസത്തോളമായി റിയാദിലെ അൽമവാസാത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് യാക്കര സ്വദേശി രാജേഷ് ബാബു ബാലകൃഷ്ണൻ (48) മരിച്ചു.
മൂന്ന് വർഷത്തോളമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. രാത്രി ഭക്ഷണത്തിനുശേഷം ഉറങ്ങാൻ കിടന്ന രാജേഷ് ബാബു രാവിലെ ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ തറയിൽ വീണുകിടക്കുന്നത് കാണുകയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എട്ട് മാസത്തോളമായുള്ള ചികിത്സയിൽ പുരോഗതി കാണാത്തതിനെ തുടർന്ന് തുടർ ചികിത്സക്കായി നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിരുന്നു. തീരെ അവശനായതിനാൽ എയർ ആംബുലൻസ് സൗകര്യത്തിൽ മാത്രമേ നാട്ടിലെത്തിക്കാൻ സാധിക്കൂ എന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു.
2013 മുതൽ 2018 വരെ അഞ്ച് വർഷം സൗദിയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് നാല് വർഷത്തിന് ശേഷം വീണ്ടും പ്രവാസ ജീവിതം സ്വീകരിക്കുകയായിരുന്നു. പാലക്കാട് മേട്ടുപാളയം സ്‌ട്രീറ്റ് പുത്തൻ വീട്ടിൽ ബാലകൃഷ്ണൻ, സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സുചിത്ര, ഏകമകൻ: ശ്രീയാൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.