വിവിധ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സൗദി അറേബ്യയിലെ കിങ് സൽമാൻ ചാരിറ്റി പ്രവർത്തകർ നൽകിയ മാനുഷിക സഹായങ്ങളുടെ മാതൃകകൾ
റിയാദ്: വികസന കുതിപ്പിനൊപ്പം ലോകമെമ്പാടുമുള്ള പ്രതിസന്ധികളും ദുരന്തങ്ങളും ബാധിച്ചവരുടെ ഹൃദയങ്ങളിൽ പ്രത്യാശ നട്ടുപിടിപ്പിച്ചുകൊണ്ട്, അതിരുകൾക്കപ്പുറമുള്ള മാനുഷിക ദാനത്തിന്റെ തിളക്കമാർന്ന മാതൃകയായി സൗദി അറേബ്യ അതിന്റെ കുതിപ്പ് തുടരുകയാണ്. ഒരോ വർഷവും ആഗസ്റ്റ് 19ന് ലോക മാനുഷിക ദിനത്തിൽ ലോകത്തിന് മുമ്പാകെ സൗദിയുടെ ആ മാനുഷിക ദാനത്തിന്റെ മുഖം കൂടുതൽ തിളങ്ങുകയാണ്. ഈ രംഗത്ത് സൗദി ഭരണകൂടം കാണിക്കുന്ന അതീവ താൽപര്യവും ശ്രദ്ധയും എടുത്തുപറയേണ്ടതാണ്.
സൗദി അറേബ്യ സ്ഥാപിതമായതു മുതൽ ആരംഭിച്ച അതിന്റെ ദുരിതാശ്വാസ, മാനുഷിക പങ്ക് ഉറച്ച ദൃഢനിശ്ചയത്തോടെയും ഉദാരമായ ദാനത്തിലൂടെയും തുടരുന്നു. 173 രാജ്യങ്ങളിലായി 7,983ലധികം പദ്ധതികൾക്കായി 53,000 കോടി റിയാലിലധികം മൂല്യമുള്ള മാനുഷിക, വികസന സഹായങ്ങൾ ഇതിനകം നൽകിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ദാതാക്കളുടെ രാജ്യങ്ങളിലൊന്നായി സൗദിയുടെ സ്ഥാനം ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.വിദേശ രാജ്യങ്ങളിലെ മാനുഷിക വിഭാഗമായി പ്രവർത്തിക്കുന്നതിനായി 2015 മെയ് 13ന് കിങ് സൽമാൻ മാനുഷിക സഹായ, ദുരിതാശ്വാസ കേന്ദ്രം സ്ഥാപിതമായത് മാനുഷികദാന, സേവന രംഗത്തെ വലിയ മുന്നേറ്റത്തിനാണ് ആക്കംകൂട്ടിയത്. സുതാര്യത, നിഷ്പക്ഷത, പ്രഫഷണലിസം എന്നിവയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം സ്ഥാപിതമായതിനുശേഷം 108 രാജ്യങ്ങളിലായി എട്ട് ബില്യൺ യു.എസ് ഡോളറിലധികം വിലമതിക്കുന്ന 3612 പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇത് ദരിദ്രരായ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യുകയുണ്ടായി.
ഫലസ്തീൻ ജനതക്കുള്ള പിന്തുണയുടെ ഭാഗമായി ഗസ്സ മുനമ്പിലെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനായി സഹായം എത്തിക്കുന്നതിൽ സൗദി എന്നും മുമ്പിലാണ്. കെ.എസ് റിലീഫ് കേന്ദ്രം വ്യോമ, കടൽ പാലം പ്രവർത്തിപ്പിച്ചിട്ടുണ്ട്. അതിലൂടെ 58 വിമാനങ്ങളും എട്ടു കപ്പലുകളുമായി സഹായം എത്തിച്ചിട്ടുണ്ട്. 7180 ടണ്ണിലധികം ഭക്ഷണം, മെഡിക്കൽ, ഷെൽട്ടർ സാമഗ്രികൾ എന്നിവ അതിലുൾപ്പെടും. ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് 20 ആംബുലൻസുകളും എത്തിച്ചു. 90.35 മില്യൺ ഡോളറിന്റെ ദുരിതാശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നതിനായി അന്താരാഷ്ട്ര സംഘടനകളുമായി കേന്ദ്രം കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്.
സിറിയൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട്, ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിനായി കേന്ദ്രം വ്യോമ, കര ഗതാഗത സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു. കൂടാതെ ‘സൗദി ഹോപ്പ് വളന്റിയർ പ്രോഗ്രാം’ ആരംഭിച്ചു. 45 സ്പെഷ്യാലിറ്റികളിലായി 3000ത്തിൽ അധികം പുരുഷ-വനിത വളന്റിയർമാരുടെ പങ്കാളിത്തത്തോടെ 104 വളന്റിയർ കാമ്പയിനുകൾ നടപ്പിലാക്കി. 2023 ഫെബ്രുവരിയിൽ സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തോടുള്ള ദ്രുത പ്രതികരണമായി കേന്ദ്രം സഹായത്തിന്റെ ഒരു എയർലിഫ്റ്റ് ആരംഭിച്ചു. ‘സാഹിം’പ്ലാറ്റ്ഫോമിലൂടെ ഒരു പൊതു പ്രചാരണം സംഘടിപ്പിച്ചു. കേൾവിക്കുറവ് പരിഹരിക്കുന്നതിന് കോക്ലിയർ ഇംപ്ലാന്റുകൾക്കും ഓഡിറ്ററി പുനരധിവാസത്തിനുമായി സൗദി ഹിയറിങ് പ്രോഗ്രാം ആരംഭിച്ചു. സൗദിയുടെ ഏറ്റവും ശ്രദ്ധേയമായ മാനുഷിക നേട്ടങ്ങളിലൊന്നാണ് സൗദി സയാമീസ് വേർപ്പെടുത്തൽ പദ്ധതി. 27 രാജ്യങ്ങളിൽ നിന്നുള്ള 66 സൂക്ഷ്മ ശസ്ത്രക്രിയകൾ പൂർണമായും സൗജന്യമായി പദ്ധതി നടത്തി. സൗദി മുൻകൈയിൽ ഈ ശ്രമങ്ങളുടെ ബഹുമാനാർഥം ഐക്യരാഷ്ട്രസഭ നവംബർ 24 ലോക സയാമീസ് വേർപ്പെടുത്തൽ ദിനമായി പ്രഖ്യാപിച്ചു.
യമനിൽ മൈൻ നീക്കം ചെയ്യുന്നതിനായി ‘മസാം’പദ്ധതി കേന്ദ്രം ആരംഭിച്ചു. 5,00,000ത്തിലധികം മൈനുകൾ വിജയകരമായി നീക്കം ചെയ്തു. കൂടാതെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്ക് സേവനങ്ങൾ നൽകിയിട്ടുള്ള ഒരു കൃത്രിമ അവയവ പദ്ധതി ഇതിൽ ഉൾപ്പെടുന്നു. യമനിലെ ബാല സൈനികരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയും നടത്തുകയുണ്ടായി. ഇത് 530ലധികം കുട്ടികൾക്കും അവരുടെ കുടുംബങ്ങളിലെ 60000 അംഗങ്ങൾക്കും പ്രയോജനം ചെയ്തു. സന്നദ്ധസേവനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെന്റർ സൗദി ഇന്റർനാഷനൽ വളന്റിയർ പോർട്ടൽ ആരംഭിച്ചു. ഇതിൽ 80000ത്തിലധികം വളന്റിയർമാരുണ്ട്. 55 രാജ്യങ്ങളിലായി ഏകദേശം 991 പരിപാടികൾ അവർ നടപ്പിലാക്കിയിട്ടുണ്ട്. 2,36,000 സൗജന്യ ശസ്ത്രക്രിയകൾക്ക് വിധേയരായവർ ഉൾപ്പെടെ രണ്ടു ദശലക്ഷത്തിലധികം ആളുകൾക്ക് ഇത് പ്രയോജനപ്പെട്ടു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ‘സാഹിം’ ഓൺലൈൻ പ്ലാറ്റ്ഫോം ശ്രദ്ധേയമായ വിജയം കൈവരിച്ചു. ഏകദേശം 8.46 ദശലക്ഷം ദാതാക്കളിൽനിന്ന് 1.6 ബില്യൺ ഡോളറിലധികം സമാഹരിച്ചു. കേന്ദ്രത്തിന്റെ പരിപാടികളുടെ തുടർച്ചക്ക് ഇത് സംഭാവന നൽകി. ലോകമെമ്പാടുമുള്ള ഏറ്റവും ദുർബലരായ വിഭാഗങ്ങളിലേക്ക് സഹായം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.