ദുബൈ എയർപോർട്ടിൽ നിന്ന് ഏറ്റുവാങ്ങിയ ‘സുവനീർ പാസ്പോർട്ടു’മായി കുട്ടി
ദുബൈ: വേനൽക്കാലത്ത് ദുബൈയിലെത്തുന്ന സഞ്ചാരികൾക്ക് നഗരത്തിലെ വിനോദസഞ്ചാര അനുഭവങ്ങൾ കൂടുതൽ എളുപ്പത്തിലും ആകർഷകമായും പരിചയപ്പെടുത്തുന്നതിനായി പുതിയ സംരംഭത്തിന് തുടക്കം. ദുബൈ സർക്കാർ മീഡിയ ഓഫിസിന്റെ ക്രിയാത്മക വിഭാഗമായ ബ്രാൻഡ് ദുബൈ, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സുമായി(ജി.ഡി.ആർ.എഫ്.എ) സഹകരിച്ചാണ് സംരംഭം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ദുബൈ വിമാനത്താവളത്തിലൂടെ എത്തുന്ന കുടുംബ സന്ദർശകരെ ആകർഷകമായ ‘സുവനീർ പാസ്പോർട്ടു’കൾ നൽകി സ്വീകരിക്കും.
പ്രത്യേകിച്ച് കുട്ടികളെ ആകർഷിച്ച് ദുബൈ എയർപോർട്ടിലെ എമിഗ്രേഷൻ കൗണ്ടറിൽ ഇത് വിതരണം സജീവമാണ്. പാസ്പോർട്ടുകളിൽ ദുബൈയിലെ വൈവിധ്യമാർന്ന വേനൽക്കാല വിനോദങ്ങളെ ആകർഷകമായ രീതിയിൽ പരിചയപ്പെടുത്തുന്നുണ്ട്. പാസ്പോർട്ടിൽ നൽകിയിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ സന്ദർശകർക്ക് ദുബൈ ഡെസ്റ്റിനേഷൻസ് വെബ്സൈറ്റിലേക്ക് പ്രവേശിക്കാൻ സാധിക്കും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ‘ദുബൈ ഡെസ്റ്റിനേഷൻസ്’ വേനൽക്കാല പ്രചാരണ പരിപാടിയുടെ ഭാഗമായാണ് സംരംഭം.
ദുബൈയുടെ ടൂറിസം സാധ്യതകൾ ലോകമെമ്പാടുമുള്ള സന്ദർശകരിലേക്ക് എത്തിക്കുന്നതിനും അവരുടെ ദുബൈ യാത്ര കൂടുതൽ അവിസ്മരണീയമാക്കുന്നതിനും സംരംഭം സഹായകമാകുമെന്ന് ജി.ഡി.ആർ.എഫ്.എ വിശദീകരിച്ചു. കുടുംബങ്ങളോടൊപ്പം ദുബൈ സന്ദർശിക്കുന്നവർക്ക് വേനൽക്കാലത്ത് ആസ്വദിക്കാൻ കഴിയുന്ന നിരവധി ഇൻഡോർ ആകർഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പാസ്പോർട്ടിലൂടെയും വെബ്സൈറ്റിലൂടെയും ലഭ്യമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.