രാജീവ് ചന്ദ്രശേഖർ, പിണറായി വിജയൻ

‘വിരട്ടലുമായി ഇങ്ങോട്ടു വരേണ്ട, രാജീവ് ചന്ദ്രശേഖറിന് കേരളത്തെപ്പറ്റി അറിയില്ല’; ബി.ജെ.പി അധ്യക്ഷന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമം പരിപാടിയിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിച്ചതിനു പിന്നാലെ വിമർശനമുന്നയിച്ച് രംഗത്തുവന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. വിരട്ടലുമായി ഇങ്ങോട്ടു വരേണ്ടതില്ലെന്നും രാജീവ് ചന്ദ്രശേഖറിന് കേരളത്തെപ്പറ്റി അറിയില്ലെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ പരിപാടിയല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അവര്‍ നിശ്ചയിച്ചതാണ് ആഗോള അയ്യപ്പ സംഗമം നടത്താമെന്നത്. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതല്ല. ആരാധനയുടെ ഭാഗമായി കാണേണ്ടതാണ്. സര്‍ക്കാരിന്റെ പരിപാടിയല്ല. ദേവസ്വം ബോര്‍ഡിന്റെ പരിപാടിയാണത്. ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യാറുണ്ട്. അതല്ലാതെ മറ്റൊരു കാര്യവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“ശബരിമല എന്നത് നാടിന് മാത്രമല്ല, രാജ്യത്തിന് തന്നെ മാതൃകയായ ആരാധനാസ്ഥലമാണ്. ജാതിമതഭേദ ചിന്തകള്‍ക്കതീതമായിട്ടുള്ള സ്ഥലമാണ്. എല്ലാ മതസ്ഥര്‍ക്കും എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമാണ്. സാധാരണ അവിടെയെത്തുന്ന ഭക്തര്‍ വാവരെ കണ്ടാണ് അയ്യപ്പനെ ദര്‍ശിക്കാന്‍ പോകുന്നത്. അത്രമാത്രം മതമൈത്രി ഉള്‍ക്കൊള്ളുന്ന സ്ഥലമാണ്. ലക്ഷക്കണക്കിന് ആളുകളാണ് അവിടെ എത്തിച്ചേരുന്നത്. അയ്യപ്പ സംഗമത്തിന് കേരളത്തിലുള്ളവര്‍ക്ക് മാത്രമല്ല സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും താല്‍പര്യമാണ്.അതുകൊണ്ടുതന്നെ നല്ല നിലയ്ക്ക് ആ പരിപാടി നടക്കട്ടെ.

പിന്നെ, വിരട്ടല്‍ കൊണ്ടൊന്നും പുറപ്പെടേണ്ട. അതുകൊണ്ടൊന്നും പരിപാടി നടക്കാതിരിക്കില്ല കെട്ടോ. രാജീവ് ചന്ദ്രശേഖർ കേരളത്തിന്റെ നില ശരിയായ രീതിയില്‍ അറിയാത്തയൊരാളാണ്. അതുകൊണ്ടായിരിക്കാം വിരട്ടുന്ന രീതിയില്‍ വര്‍ത്തമാനം പറഞ്ഞതെന്ന് തോന്നുന്നത്. ഇപ്പോള്‍ ന്യൂനപക്ഷ പ്രീണനം പോയി ഭൂരിപക്ഷ പ്രീണനമായി മാറിയോ. എന്തെല്ലാമാണ് നാട്ടില്‍ നടക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുള്ളതാണ്. അക്രമസംഭവങ്ങള്‍ ഒഴികെയുള്ള കേസുകളെല്ലാം പിന്‍വലിക്കുമെന്ന് തീരുമാനിച്ചിട്ടുള്ളതാണ്. ഇവരുടെയെല്ലാം നിവേദനങ്ങളുടെ അടിസ്ഥാന്തതിലാണ് തീരുമാനമെടുത്തത്. അതില്‍ ഒന്നും ബാക്കി നില്‍ക്കുന്നില്ല. അയ്യപ്പ സംഗമം നടക്കട്ടെ. ഭക്തരായവര്‍, അയ്യപ്പന്റെ ആളുകള്‍ എല്ലാവരും പങ്കെടുക്കട്ടെ. നമുക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാം” -മുഖ്യമന്ത്രി പറഞ്ഞു.

രാജീവ് ചന്ദ്രശേഖർ പറഞ്ഞത്

മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും വിമർശിച്ച് കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖര്‍ രംഗത്തുവന്നത്. അയ്യപ്പ സംഗമം എന്ന പരിപാടിയിലേക്ക് സ്റ്റാലിനെ ക്ഷണിച്ചതിനെ രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ഹിന്ദു വിശ്വാസത്തെയും ശബരിമലയിലെ പവിത്രമായ പാരമ്പര്യത്തെയും അവഹേളിച്ചവരാണ് ഇരുവരും. ഹിന്ദുക്കളെയും അയ്യപ്പ ഭക്തരെയും അപമാനിച്ചതിന് ഇരു നേതാക്കളും പരസ്യമായി മാപ്പ് പറയണം. ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത് നാടകമാണെന്നും, ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ശ്രമമാണെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.

“മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, എം.കെ. സ്റ്റാലിന്‍ എന്നിവര്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരും കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഹിന്ദുക്കളും നല്‍കുന്ന സന്ദേശമാണിത്. നിങ്ങള്‍ രണ്ടുപേരും വര്‍ഷങ്ങളായി ശബരിമലയെയും അയ്യപ്പ ഭക്തരെയും ഹിന്ദു വിശ്വാസങ്ങളെയും തകര്‍ക്കുന്നതിനും അപമാനിക്കുന്നതിനും വേണ്ട നിരവധി പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെന്നത് ചരിത്ര സത്യമാണ്. പിണറായി വിജയന്‍ നിരവധി അയ്യപ്പഭക്തരെ ജയിലിലടച്ച്, അവര്‍ക്കെതിരെ കേസെടുക്കുകയും പൊലീസ് അതിക്രമം അഴിച്ചുവിടുകയും ചെയ്തു. ശബരിമലയില്‍ കാലാകാലമായി നിലനിന്ന് പോന്നിരുന്ന ആചാരങ്ങളെ ലംഘിക്കാനും അപമാനിക്കാനും സാധ്യമായതെല്ലാം ചെയ്തു. സ്റ്റാലിനും അദ്ദേഹത്തിന്റെ ഒന്നിനും കൊള്ളാത്ത മകനും ഹിന്ദുക്കളെ ആവര്‍ത്തിച്ച് അപമാനിക്കുകയും ഹൈന്ദവ വിശ്വാസം ഒരു രോഗമാണെന്ന് പോലും പറയുകയും ചെയ്തു.

ഇതെല്ലാം ഓരോ ഹിന്ദുവിന്റെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്; അവരാരും ഇത് ഒരിക്കലും മറക്കുകയോ നിങ്ങളോട് പൊറുക്കുകയോ ഇല്ല. അതുകൊണ്ട്, തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സി.പി.എം സര്‍ക്കാര്‍ 'അയ്യപ്പ സംഗമം' ആഘോഷിക്കുന്നത് നാടകവും 'ജനങ്ങളെ വിഡ്ഢികളാക്കാനുള്ള' കുതന്ത്രത്തിന്റെ ഭാഗവുമാണ്. അയ്യപ്പഭക്തര്‍ക്കെതിരെ കേസെടുത്ത് ജയിലടച്ചതിന് പിണറായി വിജയന്‍ സര്‍ക്കാര്‍ മാപ്പ് പറയണം. ശബരിമലയുടെ ആചാരങ്ങള്‍ ലംഘിച്ചതിന് അയ്യപ്പസ്വാമിയോട് മാപ്പ് അപേക്ഷിക്കുകയും വേണം.

സ്റ്റാലിനും മകന്‍ ഉദയനിധിയും കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവര്‍ ഹിന്ദുക്കളോട് മാപ്പ് പറഞ്ഞേ മതിയാവൂ. ഇതൊന്നും ചെയ്യാതെ, സ്റ്റാലിനോ പിണറായിയോ ശബരിമല ഭക്തരെയോ അവരുടെ വിശ്വാസത്തെയോ ദുരുപയോഗം ചെയ്യാനും ഈ പരിപാടിയില്‍ പങ്കെടുക്കാനും ശ്രമിച്ചാല്‍, ബി.ജെ.പിയുടെ ഓരോ പ്രവര്‍ത്തകനും ഇതിനെതിരെ തെരുവിലിറങ്ങും. ഈ വിഷയത്തില്‍ ഞങ്ങളുടെ ശക്തിയെ നിങ്ങള്‍ കുറച്ചുകാണരുത്. ആദ്യം നിങ്ങള്‍ മാപ്പ് ചോദിക്കുക. ഒരു ഇന്ത്യക്കാരന്റെയും വിശ്വാസത്തെ അപമാനിക്കാന്‍ ബി.ജെ.പി അനുവദിക്കില്ല” -രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു.

Tags:    
News Summary - 'Don't come here with threatening, Rajeev Chandrasekhar doesn't know about Kerala'; CM's reply to BJP president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.