മുഖ്യമന്ത്രി പിണറായി വിജയൻ

ഭൂപതിവ് ഭേദഗതി നിയമത്തിന് ചട്ടങ്ങളായി, എൽ.ഡി.എഫിന്‍റെ ഒരു വാഗ്ദാനം കൂടി യാഥാർഥ്യമാകുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി നിയമത്തിന് ചട്ടങ്ങളായെന്നും ഇനി സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രിക്കൊപ്പം നടത്തിയ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

“1960ലെ നിയമപ്രകാരം വ്യക്തികൾക്കും കുടുംബങ്ങൾക്കും വിവിധ ആവശ്യങ്ങൾക്കായി പട്ടയം നൽകാൻ വ്യവസ്ഥയുണ്ട്. പലരും മറ്റ് ആവശ്യങ്ങൾക്കായി, പട്ടയ വ്യവസ്ഥകൾക്ക് അനുസൃതമല്ലാതെ ഭൂമി ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തു. ഇതിൽ പലപ്പോഴും കോടതി ഇടപെട്ട് നിയന്ത്രണങ്ങൾ കൊണ്ടുവന്നു. പലപ്പോഴും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായി. ജനങ്ങളുടെ ആവശ്യമുൾപ്പെടെ പരിഗണിച്ചാണ് ഭൂപതിവ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. നിയമം നിലവിൽവരുന്നതോടെ എൽ.ഡി.എഫിന്‍റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് യാഥാർഥ്യമാകുകയാണ്. ഇതോടെ മലയോര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

ഹൈകോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ പരിശോധിച്ച ശേഷം വിവിധ യോഗങ്ങൾ ചേർന്നാണ് ചട്ടങ്ങൾക്ക് അംഗീകാരം നൽകിയത്. ഇതുവരെയുള്ള വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കാനുള്ള ചട്ടങ്ങൾ, കൃഷിഭൂമി മറ്റ് വിനിയോഗത്തിന് അനുവദിക്കുന്നതിനുള്ള ചട്ടങ്ങൾ എന്നിവക്കാണ് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയത്. ഭൂമി തരംമാറ്റം ക്രമപ്പെടുത്താൻ ചട്ടങ്ങളുണ്ടാക്കി. ജനപക്ഷത്ത് നിന്നുള്ള ഭേദഗതി നിർദ്ദേശം ആണിത്. പട്ടയ ഭൂമി വകമാറ്റിയുള്ള ഉപയോഗിച്ച പ്രശ്നം പൂർണമായും പരിഹരിക്കപ്പെടും.

നിശ്ചിത സമയ പരിധി പാലിക്കാതെ ഭൂമി വിറ്റത് നിശ്ചിത ഫീസ് വാങ്ങി ക്രമീകരിക്കും. വകമാറ്റിയുള്ള വിനിയോഗം മാത്രമാണ് ക്രമീകരിക്കുക. ബാക്കി ഭൂമിയിൽ പട്ടയവ്യവസ്ഥ ബാധകമായിരിക്കും. ക്രമീകരണത്തിന് ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ല. പട്ടയഭൂമിയിലെ പൊതു- സർക്കാർ - വാണിജ്യ കെട്ടിടങ്ങൾക്ക് കോംപൗണ്ടിങ് ഫീ ഉണ്ടാവില്ല. വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ അവയുടെ വലിപ്പം കൂടി കണക്കാക്കി ഫീസ് ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടയ ഭൂമിയിലുള്ള കാർഷിക ആവശ്യങ്ങൾക്കുള്ള കെട്ടിടം, അൺഎയ്ഡഡ് സ്കൂൾ, അംഗീകൃത രാഷ്രീയ പാർട്ടികളുടെ കെട്ടിടം എന്നിവയ്ക്ക് ന്യായവിലയുടെ ഒരു ശതമാനം ഫീസ് ഈടാക്കും. 3000 മുതൽ 5000 വരെ ചതുരശ്ര അടി വരെയുള്ള വാണിജ്യ വ്യാവസായിക കെട്ടിടങ്ങൾക്ക് ന്യായവിലയുടെ അഞ്ച് ശതമാനം ഫീയും പെർമിറ്റും ലൈസൻസുമുള്ള ക്വാറികൾക്കും പ്രവർത്തനാനുമതി കിട്ടിയ ക്വാറികൾക്കും ന്യായവിലയുടെ 50 ശതമാനം ഈടാക്കി ക്രമപ്പെടുത്തും. പതിനായിരം മുതൽ 25000 ചതുരശ്ര അടിയുള്ള കെട്ടിടങ്ങൾ 20 ശതമാനം ഫീസ്, 25000 മുതൽ 50000 ചതുരശ്ര അടി ന്യായവിലയുടെ 40 ശതമാനം ഫീയും ഈടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജി.എസ്.ടി വരുമാന നഷ്ടത്തിൽ കേരളത്തിന് വലിയ ആശങ്കയുണ്ട്. കേന്ദ്ര സർക്കാറിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വയനാട് തുരങ്ക പാതയുടെ നിർമാണത്തിന് തുടക്കമാകുകയാണ്. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. രണ്ട് പാക്കേജുകളിലായാണ് നിർമാണം നടക്കുക. പാലം, അപ്രോച്ച് റോഡ് ഒന്നാം പാക്കേജ്, sണൽ നിർമാണം രണ്ടാം പാക്കേജ് എന്നിങ്ങനെയാവും നിർമാണം. സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകർന്നെന്ന് ചില കേന്ദ്രങ്ങൾ ബോധപൂർവം പ്രചരണം നടത്തുന്നുണ്ട്. വ്യാജപ്രചരണങ്ങൾ ശക്തിപ്പെടുകയാണ്. ചെലവുകൾ ചുരുക്കി, നികുതി പരിസരവും വർധിപ്പിച്ചു മുന്നോട്ടുപോകുകയാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 

Tags:    
News Summary - Land Registry Amendment Act becomes law, another promise of LDF comes true - CM Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.