കേരള കാളിദാസ അവാർഡ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽനിന്ന് ഏറ്റുവാങ്ങുന്നു
ഹരിപ്പാട്: എഴുത്തിന്റെ മായാജാലവും സാമൂഹിക സേവനത്തിന്റെ മനുഷ്യത്വവും സമന്വയിപ്പിച്ച് കവിതയിലൂടെയും പ്രവൃത്തിയിലൂടെയും സമൂഹത്തിന് പ്രചോദനമാകുകയാണ് എഴുത്താളൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഡോ. അരുൺകുമാർ.
കവി, അധ്യാപകൻ, ഗാനരചയിതാവ്, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ, നിയമജ്ഞൻ, യോഗാചാര്യൻ എന്നീ നിലകളിൽ പ്രതിഭ തെളിയിച്ച വ്യക്തിത്വമാണ്. മലയാളത്തിലും ഇംഗ്ലീഷിലും കവിതകളിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം. സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് അരുൺ കുമാറിന്റെ വേറിട്ട സവിശേഷത.
അരികുവത്കരിക്കപ്പെട്ടവർക്കുവേണ്ടി സമയവും ഊർജവും ചെലവഴിക്കുന്ന സജീവ സാമൂഹികപ്രവർത്തകനാണ് ഇദ്ദേഹം. അണ്ണാമലൈ സർവകലാശാലയിൽനിന്ന് എം.എ, നിയമ ബിരുദം, പുതുച്ചേരി സർവകലാശാലയിൽനിന്ന് എം.എച്ച്.ആർ, പിഎച്ച്.ഡി തുടങ്ങിയവ അദ്ദേഹം 2002ൽ ഹൈസ്കൂൾ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇപ്പോൾ മുണ്ടക്കയം മുരുക്കുംവയൽ വി.എച്ച്.എസ്.ഇയിലെ ഇംഗ്ലീഷ് അധ്യാപകനാണ്.
ആദ്യ പ്രസിദ്ധീകരണമായ സുദർശനം എന്ന മലയാള കവിതാസമാഹാരം സാഹിത്യപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഗുഡ് വിഷൻ ആൻഡ് ട്രൂത്ത്, ഗുഡ്നെസ് ആൻഡ് ബ്യൂട്ടി ബിഹൈൻഡ് ലവ്, എഴുത്താളൻ, നോവ് എന്നിവയാണ് പ്രധാന കൃതികൾ. സെപ്റ്റംബറിൽ പുറത്തിങ്ങുന്ന അർജന്റീന എന്ന സിനിമയിലെ ഒരു ഗാനവും അരുൺകുമാറിന്റേതാണ്.
2019ലെ കലാസാഹിതി അവാർഡ്, കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക അവാർഡ്, ഒ.എൻ.വി. അവാർഡ്, വേഡ്സ് വർത്ത് അവാർഡ്, ശ്രേഷ്ഠഭാഷ മലയാളം അവാർഡ്, ആദ്യത്തെ മാനിഷാദ അവാർഡ്, എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
2024ൽ ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ പുരസ്കാരം ഡോ. അരുൺകുമാറിനാണ് ലഭിച്ചത്. ശിവശങ്കരപിള്ള പിതാവും ഡോ. എൽ. ജയശ്രീ മാതാവുമാണ്. ആലപ്പുഴ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലെ മാനേജർ എസ്. ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: അനന്തു, പാര്‍വതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.