സി.പി.എം പ്രവർത്തകർ രമേശ് ചെന്നിത്തല എം.എൽ.എയുടെ കോലം കത്തിക്കുന്നു
ഹരിപ്പാട്: കാർത്തികപ്പള്ളി ഗവ. യു.പി സ്കൂളിന്റെ മേൽക്കൂര തകർന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ സംഘർഷം. സംഘർഷത്തിൽ മാധ്യമപ്രവർത്തകനും യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരിക്ക്. വിഷയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് സ്കൂളിന് പുറത്തും അകത്തും ഉണ്ടായത്. മാധ്യമപ്രവർത്തകരെ സി.പി.എം പഞ്ചായത്ത് അംഗം നിബുവിന്റെ നേതൃത്വത്തിൽ തടഞ്ഞത് വാക്കേറ്റത്തിന് ഇടയായി. മീഡിയ വൺ റിപ്പോർട്ടർ യു. ഷൈജുവിനെയും കാമറമാൻ ഫൈസൽ നീർക്കുന്നത്തെയും ബലംപ്രയോഗിച്ച് പുറത്താക്കാൻ ശ്രമിച്ചു. നിരവധി രക്ഷാകർത്താക്കളും സ്കൂളിലെത്തിയിരുന്നു. സംഘർഷത്തെതുടർന്ന് ഉച്ച വരെ ക്ലാസ് ഉണ്ടായിരുന്നുള്ളു.
മൂന്ന് ദിവസം മുമ്പ് വരെയും അപകടാവസ്ഥയിലായ കെട്ടിടത്തിനുള്ളിൽ ക്ലാസുകൾ നടന്നതായി അവർ പറഞ്ഞു. നിർമാണം പൂർത്തിയായ കെട്ടിടത്തിൽ ക്ലാസ് ആരംഭിച്ചതോടെ സ്കൂൾ വളപ്പിലെ മുഴുവൻ ആളുകളെയും പൊലീസ് പുറത്തേക്ക് നീക്കി. ബി.ജെ.പി പ്രവർത്തകരാണ് സ്കൂളിന്റെ വടക്കേ ഗേറ്റിനു മുന്നിൽ ആദ്യം സമരം ആരംഭിച്ചത്. സമരം ഉദ്ഘാടനം ചെയ്യാൻ എത്തിയ ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് സന്ദീപ് വാചസ്പതി സ്കൂളിനുള്ളിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തടഞ്ഞു. പ്രവർത്തകർ ക്ഷുഭിതരായി ഗേറ്റ് തള്ളി തുറക്കുകയും സന്ദീപ് വാചസ്പതിയെ അകത്തേക്ക് കയറ്റിവിടുകയും ചെയ്തു.
പിന്നീട് കെ.എസ്.യു-യൂത്ത് കോൺഗ്രസ് മാർച്ച് ഗേറ്റ് തുറന്ന് സ്കൂൾ വളപ്പിൽ കടക്കുകയും ഇതിനെ ചോദ്യം ചെയ്ത് സി.പി.എം പ്രവർത്തകരും വന്നതോടെ വാക്കേറ്റവും ഉന്തും തള്ളുമായി. സി.പി.എം പഞ്ചായത്ത് അംഗം നിബു പ്ലാസ്റ്റിക് കസേര യൂത്ത് കോൺഗ്രസുകാർക്ക് നേർക്ക് വലിച്ചെറിഞ്ഞതോടെ പ്രതിഷേധം അക്രമാസക്തമായി. യൂത്ത് കോൺഗ്രസുകാർ ഭക്ഷണ പാത്രത്തിന്റെ മൂടിയും കൈയിൽ കിട്ടിയ സാധനങ്ങളും തിരിച്ചും വലിച്ചെറിഞ്ഞതോടെ സ്കൂൾ വളപ്പ് സംഘർഷഭൂമിയായി. പാത്രത്തിന് ഏറുകൊണ്ട് മാതൃഭൂമി കാമറമാൻ ബോണി വർഗീസിന്റെ തലക്ക് പരിക്കേറ്റു.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഡാനിയുടെ മൂക്കിനും പരിക്കുപറ്റി. അപകടത്തിന് പിന്നിൽ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റെയും രമേശ് ചെന്നിത്തല എം.എൽ.എയുടെയും അനാസ്ഥയാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, സി.പി.എം പ്രവർത്തകർ പ്രതിഷേധം നടത്തി. രമേശ് ചെന്നിത്തലയുടെ കോലം കത്തിച്ചു. മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അയവുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.