പീരുമേട്: പീരുമേടിന് സമീപം മൂന്നിടങ്ങളിൽ കാട്ടാന നാശം വിതച്ചു. തോട്ടാപ്പുരയിൽ വെള്ളിയാഴ്ച രാത്രി ഒൻപതിന് ഇറങ്ങിയ ആനക്കൂട്ടം പുലർച്ചെ വരെ ജനവാസമേഖലയിലെ കൃഷിഭൂമികളിൽ നാശം വിതച്ചു.
വഴിയാത്രക്കാരൻ ആനക്ക് മുന്നിൽ പെട്ടെങ്കിലും ആക്രമണത്തിൽ നിന്ന് രക്ഷപെട്ടു. പ്ലാക്കത്തടം കോളനിയിലും ആന കൃഷി നശിപ്പിച്ചു. ഒരു മാസക്കാലമായി ഏഴിലധികം ആനകൾ ഇവിടെ നാശം വിതക്കുകയാണ്. തോട്ടാപ്പുരയിലും, പ്ലാക്കത്തടത്തും ഐ.എച്ച്.ആർ.ഡി.സ്കൂളിന് സമീപവും ആനകളുണ്ട്. വീടിന് സമീപം നിന്ന തെങ്ങ് മറിച്ചിടുകയും വാഴകൾ നശിപ്പിക്കുകയും ചെയ്തു.
പുലർച്ചെ നാലിന് ആനകൾ പീരുമേട് - സർക്കാർ അതിഥി മന്ദിരത്തിന്റെ റോഡിൽ നില ഉറപ്പിച്ചു. ഇതുവഴി എത്തിയ കാർ യാത്രക്കാർ ആനകൾക്ക് മുന്നിൽപ്പെട്ടെങ്കിലും പിന്നിലേക്ക് എടുത്ത് രക്ഷപെട്ടു.
രാത്രി ജനവാസ മേഖലയിലെ റോഡുകളിൽ ആനകൾ തമ്പടിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുകയാണ്. പുലർച്ചെ ബസ് യാത്ര ചെയ്യേണ്ട വരും ഭയപ്പാടിലാണ്.
ആനക്കൂട്ടം രാത്രി എത്തുമ്പോൾ വനംവകുപ്പ് അധികൃതർ എത്തി പടക്കം പൊട്ടിച്ച് സമീപത്തെ പൊന്തക്കാടുകളിലും. ആൾ താമസമില്ലാത്ത പുരയിടങ്ങളിലേക്കും ഓടിച്ചു വിടുന്നുണ്ട്. വനപാലകൾ മടങ്ങുമ്പോൾ ആനകൾ മടങ്ങിയെത്തി നാശം വിതക്കുകയാണ്.
ജനവാസമേഖലയിൽ തമ്പടിച്ചിരിക്കുന്ന ആനകളെ ഉൾവനത്തിലേക്ക് തുരണമെന്നും ഇവ മടങ്ങി എത്താതെ വനാതിർത്തിയിൽ പട്രോളിങ് നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.