പീരുമേട്: താലൂക്ക് ആശുപത്രി പ്രവർത്തനത്തിലെ അപാകതകൾക്കെതിരെ താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം. വാഴൂർ സോമൻ എം.എൽ.എ അടക്കമുള്ളവരാണ് രൂക്ഷവിമർശനവുമായി രംഗത്ത് വന്നത്. തോട്ടം തൊഴിലാളികളും സാധാരണക്കാരായ കർഷകരും ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിലെ അനുബന്ധ സൗകര്യം മെച്ചപ്പെട്ടപ്പോൾ ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ കുറവ് പ്രവർത്തനത്തെ ബാധിക്കുകയാണെന്നാണ് പ്രധാന ആരോപണം.
ഡോക്ടർമാരുടെ ശീതസമരം രോഗികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും വാഴൂർ സോമൻ എം.എൽ.എ കുറ്റപ്പെടുത്തി. 2023 നവംബർ മുതൽ എക്സ്റേ പ്രവർത്തിക്കുന്നില്ല. ഗൈനക്കോളജി ഡോക്ടറുടെ അഭാവത്തിൽ പ്രസവവാർഡ് പ്രവർത്തിക്കുന്നില്ല.
മരുന്നുകൾ മിക്കവയും ഇല്ലെന്നും പരാതി ഉയർന്നു. ചില ഡോക്ടർമാർ അവധിയിൽ പോകുന്നു. നീണ്ട അവധിയെടുത്ത് ഇവിടേക്ക് വരാൻ ഡോക്ടർമാർ തയാറാകുന്നില്ല. ഇത് പരിഹരിച്ച് ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കണം. കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും വർധിച്ചിട്ടുണ്ട്. ഒരു വർഷത്തിനു മുമ്പ് എല്ലാ സൗകര്യങ്ങളോടുകൂടിയും പ്രസവ വാർഡ് ആരംഭിച്ചു. അതോടൊപ്പം തന്നെ ലാബ് സൗകര്യങ്ങളും മോർച്ചറിയും മറ്റു സൗകര്യങ്ങളും ആരംഭിച്ചു.
ഭൗതികസൗകര്യം വർധിപ്പിച്ച് പരാതികൾ പരിഹരിച്ച് പോകാൻ ശ്രമിക്കുമ്പോൾ രോഗികൾക്ക് ആശ്രയമാക്കേണ്ട ചില ഡോക്ടർമാർ ഇവിടെ ഗുണകരമല്ലാത്ത നിലപാട് സ്വീകരിക്കുകയാണെന്ന് പ്രതിനിധികൾ വിമർശിച്ചു. വണ്ടിപ്പെരിയാറിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഇറച്ചിക്കടകളിൽനിന്ന് മാലിന്യം തോട്ടിലേക്ക് ഒഴുകുന്നതായും ഇവ പെരിയാറിൽ എത്തുന്നതായും പരാതിയുയർന്നു.
മലിനജലം കലർന്ന വെള്ളമാണ് പമ്പ് ചെയ്ത് കുടിവെള്ളമായി ഉപയോഗിക്കുന്നതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പ്രശ്നം പരിഹരിക്കാൻ സ്ലോട്ടർ ഹൗസ് നിർമിക്കുമെന്ന് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അറിയിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ജോസഫ്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ്, വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.എം. നൗഷാദ് അടക്കമുള്ള ജനപ്രതിനിധികളും ഏതാനും വകുപ്പ് മേധാവികളും പങ്കെടുത്തു.
പങ്കെടുക്കാത്ത വകുപ്പ് മേധാവികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും തീരുമാനിച്ചു. താലൂക്ക് വികസന സമിതി യോഗത്തിൽ വകുപ്പ് മേധാവികൾ വിട്ടുനിന്ന് ഓഫിസിലെ മറ്റ് ജീവനക്കാരെ പങ്കെടുപ്പിക്കുന്ന പ്രവണത തുടരുകയാണെന്നും ആക്ഷേപമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.