നീലേശ്വരം: ചായ്യോം നരിമാളത്തെ വീട്ടിൽ മോഷണശ്രമത്തിനിടയിൽ അന്തർസംസ്ഥാന മോഷ്ടാവിനെ നീലേശ്വരം പൊലീസ് പിടികൂടി. നരിമാളത്തെ കരാറുകാരൻ സുരേഷ് പെരിങ്കുളത്തിന്റെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നിന് കവർച്ചാശ്രമം നടത്തുന്നതിനിടയിൽ പശ്ചിമബംഗാളുകാരനും മൂവാറ്റുപുഴ താമസക്കാരനുമായ നൗഫലിനെ (46)യാണ് എസ്.ഐ. കെ.വി. രതീശനും സംഘവും പിടികൂടിയത്.
മോഷണ ശ്രമത്തിനിടെ വീട്ടുകാർ ഉണർന്നതോടെ ഓടിരക്ഷപ്പെട്ട മോഷ്ടാവ് പൊലീസ് തിരച്ചിൽ വലയിലാവുകയായിരുന്നു. സുരേഷിന്റെ വീടിന്റെ പിൻവാതിലിന്റെ രണ്ട് ടവർ ബോൾട്ടുകൾ അറുത്തുമാറ്റിയാണ് അകത്തുകയറിയത്. വീടിന്റെ പിൻഭാഗത്തുനിന്ന് ശബ്ദംകേട്ട് സുരേഷ് ഉണർന്ന് ലൈറ്റിട്ടപ്പോൾ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. വീട്ടിലെ സി.സി.ടി.വി പരിശോധനയിൽ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചു.
തുടർന്നാണ് പൊലീസ് സംഘം തിരച്ചിൽ നടത്തിയത്. പരിശോധനക്കിടെ വന്ന ഓട്ടോറിക്ഷ നിർത്തി പരിശോധിച്ചപ്പോൾ റിക്ഷയിൽ ഉണ്ടായിരുന്ന നൗഫൽ ഇറങ്ങിയോടി. പിന്തുടർന്ന പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആഡംബര വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധമോഷ്ടാവാണ് നൗഫൽ. കഴിഞ്ഞ ജൂൺ 11ന് മലപ്പുറം അങ്ങാടിപ്പുറം മില്ലുംപടിയിലെ വീട്ടിൽനിന്ന് 90 പവൻ സ്വർണാഭരണങ്ങൾ കവർച്ചചെയ്ത കേസിൽ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കവർച്ച നടത്തിയത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കവർച്ച ചെയ്യുന്ന സ്വർണാഭരണങ്ങൾ പട്ടാമ്പി സ്വദേശി ബഷീർ മുഖേന വിൽപന നടത്തുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.