അപകട നിലയിലുള്ള നീലേശ്വരം താലൂക്കാശുപത്രി വളപ്പിലെ ജലസംഭരണി
നീലേശ്വരം: ഏതുനിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയിലാണ് ഈ ജലസംഭരണി. നീലേശ്വരം താലൂക്കാശുപത്രി വളപ്പിലുള്ള ജലസംഭരണിയാണ് കാലപ്പഴക്കംമൂലം തകർന്നുവീഴാവുന്ന സ്ഥിതിയിലുള്ളത്. ദിവസവും 400ൽപരം രോഗികളെത്തുന്ന താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗത്തിന് സമീപത്താണ് വാട്ടർ അതോറിറ്റിയുടെ ജലസംഭരണി അപകടഭീഷണിയുയർത്തി നിൽക്കുന്നത്.
50,000 ലിറ്റർ വെള്ളം ദുർബലമായ സംഭരണിയിലൂടെ ദിവസവും ശേഖരിക്കുന്നുണ്ട്. ജലസംഭരണിയിലെ ചോർച്ചയിൽ വെള്ളം ഒരുപാട് ഒഴുകിപ്പോകുന്നുണ്ട്. തുടർന്ന് നീലേശ്വരം നഗരസഭ അധികൃതർ ജലസംഭരണിയുടെ സുരക്ഷ പരിശോധിക്കാനും പകരം സംവിധാനം ഒരുക്കാനും വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി നഗരസഭ പുതിയ സ്ഥലം സമീപത്തുതന്നെ അനുവദിച്ചിട്ടും വാട്ടർ അതോറിറ്റി ഒരു നടപടിക്കും മുതിർന്നില്ല.
ആശുപത്രിയുടെ സമീപത്തെ 170ഓളം കുടുംബങ്ങൾക്കാണ് നിലവിൽ ഈ സംഭരണിയിൽനിന്ന് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഒരു വർഷം മുമ്പ് നീലേശ്വരം താലൂക്കാശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് ജലസംഭരണിയുടെ അപകടനില നേരിട്ടുകണ്ട് ബോധ്യപ്പെട്ടിരുന്നു. അപകടനിലയിലെന്ന് ബോധ്യം വന്ന മന്ത്രി പൊളിച്ചുനീക്കാൻ നിർദേശവും നൽകി. എന്നാൽ, വാട്ടർ അതോറിറ്റിക്ക് ഒരുകുലുക്കവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.