കൊല്ലം: കൊല്ലം-തേനി ദേശീയപാത (എൻ.എച്ച് 183) വികസനത്തിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പാതയോരത്ത് ഇനി പുതിയ നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകരുതെന്ന് വില്ലേജ് ഓഫിസുകൾക്ക് രേഖാമൂലം നിർദേശം നൽകി. അതിനാൽ ദേശീയപാതക്കരികിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കില്ല. തദ്ദേശ സ്ഥാപനങ്ങൾക്കും ഇതുസംബന്ധമായ നിർദേശം നൽകി.
കൊല്ലം, ഭരണിക്കാവ്, വണ്ടിപ്പെരിയാർ, കുമളി, തേനി തുടങ്ങിയ ജങ്ഷനുകളിലൂടെയാണ് പാത കടന്നുപോവുക. ദേശീയപാത 83ലെ തേനിയും ദേശീയപാത 66ഉം തമ്മിൽ ബന്ധിപ്പിക്കുന്നതാണ് റോഡ്. കയറ്റിറക്കങ്ങൾ പരമാവധി ഒഴിവാക്കാൻ നിലവിലുള്ളതിനേക്കാൾ ഉയർത്തിയാകും റോഡ് നിർമിക്കുക. കൊല്ലം കടവൂർ, തേവള്ളി, തൃക്കടവൂർ, അഞ്ചാലുംമൂട്, പെരിനാട്-ഈസ്റ്റ്, കല്ലട, ഭരണിക്കാവ്, ചക്കുവള്ളി, ആനയടി, താമരക്കുളം, ചാരുംമൂട്, ചുനക്കര, മാങ്കാംകുഴി, കൊല്ലകടവ്, ആഞ്ഞിലിമൂട്, ചെങ്ങന്നൂർ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുട്ടിക്കാനം, വണ്ടിപ്പെരിയാർ കുമളി വഴിയാണ് റോഡ് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുക.
തുടർന്ന് കമ്പം, ഉത്തമപാളയം വഴി തേനിയിൽ എത്തിച്ചേരുന്നതാണ് കൊല്ലം-തേനി ദേശീയപാത. ദേശീയപാത നാലുവരിയാക്കുന്നതിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ച് മൂന്നുമാസമായിട്ടും സ്ഥലംഏറ്റെടുക്കൽ നടപടി വൈകുകയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ആവശ്യമുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാത്തതും നടപടി വൈകാൻ കാരണമാകുന്നു. ജില്ലയുടെ ചുമതല കൊല്ലം ദേശീയപാത വിഭാഗം ഡെപ്യൂട്ടി തഹസിൽദാർക്കാണ്.
ഇവർക്ക് ദേശീയപാത 66 ന്റെ വികസന പ്രവർത്തനങ്ങളുടെ കൂടി ചുമതലകൾ വഹിക്കേണ്ടിവരുന്നതിനാൽ അതും മറ്റൊരു പ്രതിസന്ധിയാണ്. സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി നിവേദനം നൽകിയിട്ടുണ്ട്. കൊല്ലം-തേനി ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാറും കേന്ദ്രമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
കൊല്ലം ബൈപാസ് മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ 54 കിലോമീറ്റർ വികസനത്തിന് നിലവിൽ 1993 കോടി രൂപയാണ് നിർമാണ ചെലവായി എസ്റ്റിമേറ്റിലുള്ളത്. ഇത് 2200 കോടി ആയി ഉയർത്തുമെന്നാണ് സൂചന. പൊതുമരാമത്ത് പദ്ധതികളുടെ നിരക്ക് വർധിച്ചതാണ് കാരണം. സംസ്ഥാന റവന്യൂ വകുപ്പിന് നിർദേശം ലഭിച്ചാൽ കല്ലിടൽ നടപടികൾ വേഗത്തിലാകും. ദേശീയപാത പൊതുമരാമത്ത് വിഭാഗവും സ്ഥലമേറ്റെടുക്കൽ സംഘവും നേരത്തെ പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്തിയിരുന്നു. 24 മീറ്റർ വീതിയിൽ കൊടുംവളവുകൾ നിവർത്തിയും ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കിയും ഗ്രേഡിങ് വർധിപ്പിച്ചുമാണ് ദേശീയപാത 183 യാഥാർഥ്യമാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.