കനത്ത മഴയെ തുടർന്ന് കല്ലും കടവ് തോട്ടിലെ ജലനിരപ്പ് ഉയർന്നപ്പോൾ
പത്തനാപുരം: സംരക്ഷണമില്ലാതെ കല്ലുംകടവ് തോട് നാശോന്മുഖമായതോടെ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിൽ. മഴ ശക്തമാകുന്നതോടെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശമാണ് കല്ലുംകടവ്, വൺവെ റോഡ് തുടങ്ങി ടൗൺ ഉൾപ്പെടുന്ന സമീപ പ്രദേശങ്ങൾ. പത്തനംതിട്ട ജില്ലയിലെ കൂടലിൽ നിന്നും ഉത്ഭവിക്കുന്ന കല്ലുംകടവ് തോടിന് സംരക്ഷണമൊരുക്കാൻ അധികൃതർ തയ്യാറാകാത്തതാണ്, ഇതോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങൾ വെള്ളത്തിലാകാൻ പ്രധാന കാരണം.
എല്ലാവർഷവും മഴ ശക്തി പ്രാപിക്കുമ്പോൾ ജനതാ ജങ്ഷനിൽ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ വെള്ളം കയറുന്നത് പതിവാണ്. ഇതിനോട് ചേർന്നു കിടക്കുന്ന ജവഹർ കോളനിയിലും സ്ഥിരമായി വെള്ളം കയറാറുണ്ട്. മഴ ഇതേ അവസ്ഥയിൽ തുടർന്നാൽ ഈ പ്രദേശത്ത് വെള്ളപ്പൊക്ക സാധ്യതയും ഏറെയാണ്.
മണ്ണും, ചെളിയും നിറഞ്ഞ് തോടിന്റെ ആഴം കുറഞ്ഞതോടെ തോട്ടിൽ പെട്ടെന്ന് തന്നെ ജലനിരപ്പ് ഉയരും. ചെറിയ മഴ പെയ്താൽ പോലും തോട് നിറഞ്ഞൊഴുകുന്ന അവസ്ഥയാണ്. എല്ലാവർഷവും തോട് സംരക്ഷണത്തിനായി ഗ്രാമപഞ്ചായത്ത് ബജറ്റിൽ പണം വകയിരുത്താറുണ്ടെങ്കിലും ഒന്നും ഫലവത്താകാറില്ല.
തോടിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞു തോട്ടിലേക്ക് പതിച്ചു തുടങ്ങി. തോടിന് പൊതുവെ വീതി കുറവായതിനാൽ ജലനിരപ്പ് ഉയർന്ന് ഇതിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിയിലേക്ക് വെള്ളം കയറുകയും, വെള്ളം വലിയുമ്പോൾ ആ ഭൂമിയുടെ തീരം ഇടിഞ്ഞ് തോട്ടിൽ പതിക്കുകയും ചെയ്യും. വർഷങ്ങളായി ഈ അവസ്ഥ തുടരുകയാണ്. ഇതോടെ സ്വകാര്യ വ്യക്തികളുടെ ഭൂമിയും നഷ്ടപ്പെടുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നെങ്കിലും ഇനിയും പരിഹരമായിട്ടില്ല.
തോട് സംരക്ഷണത്തിനായി ഗ്രാമ പഞ്ചായത്ത് വകയിരുത്തുന്ന ഫണ്ട് തികയാതെ വരുന്ന സാഹചര്യവുമുണ്ട്. ഇതാണ് തോടിന്റെ സംരക്ഷണത്തിന് പ്രധാന തടസ്സവും.
തോടിനോട് ചേർന്ന് വൻ തോതിൽ കാട് പിടിച്ചതും റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി. അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ നിലവിലെ റോഡ് കൂടി ഇടിഞ്ഞ് തോടായി മാറാനുള്ള സാധ്യതയും വിദൂരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.