പെരുന്തോയിൽ ജനവാസമേഖലയോട് ചേർന്ന് കാട്ടാനകൾ ഇറങ്ങിയപ്പോൾ
പത്തനാപുരം: കിഴക്കൻ മലയോര മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായതോടെ ജനജീവിതം ദുഃസ്സഹം. കാർഷിക മേഖലയിൽ ദുരിതം വിതച്ച് കാട്ടുമൃഗങ്ങൾ വിഹരിക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നോക്കി നിൽക്കുകയാണ് വനപാലകരും. പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ വനം-തോട്ടം മേഖലകൾ അതിരുപങ്കിടുന്ന പുന്നല, കറവൂർ, പെരുന്തോയിൽ മേഖലകളിലാണ് വന്യമൃഗശല്യം രൂക്ഷമായത്.
ഒരു കാലത്ത് താലൂക്കിൽ ഏറ്റവും അധികം കൃഷി ചെയ്തിരുന്ന പുന്നലയിൽ, ഇപ്പോൾ പലരും കൃഷി ഉപേക്ഷിച്ച മട്ടാണ്. കാട്ടാനകളും കാട്ടുപന്നിയും പുലിയും മ്ലാവുമൊക്കെ കൃഷിയിടങ്ങളിൽ വിഹരിച്ചതോടെ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. സൗരവേലി കെട്ടി കാട്ടുപന്നിയിൽ നിന്ന് രക്ഷനേടാൻ കഴിയുമെങ്കിലും അടുത്തിടെയായി കാട്ടാനകളും കൃഷിയിടങ്ങളിൽ എത്തി തുടങ്ങി.
ഓണവിപണി പ്രതീക്ഷിച്ച് കൃഷിയിറക്കാനിരുന്നവരും ഇത്തവണ പിൻവാങ്ങി. പുന്നല, തച്ചക്കോട്, കടശ്ശേരി മേഖലകളിലെല്ലാം ഇതാണ് അവസ്ഥ. വാഴകൃഷി വ്യാപകമായിരുന്നെങ്കിലും ഇപ്പോഴെല്ലാം അപ്രക്ത്യക്ഷമായ നിലയിലാണ്. ഇരുചക്ര വാഹന യാത്രികർക്ക് നേരെയുള്ള കാട്ടുപന്നി ആക്രമണവും വളർത്തു മൃഗങ്ങളെ പുലി പിടിക്കുന്നതുമായ അവസ്ഥ ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ഗ്രാമപഞ്ചായത്തുകൾക്ക് അധികാരമുണ്ടെങ്കിലും അവർ അതിന് തയാറാകുന്നില്ല. ഒരു കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നതിന് കുറഞ്ഞത് 3000 രൂപ ചെലവ് വേണ്ടിവരും.
പെരുന്തോയിൽ മേഖലയിൽ കാട്ടാനകളാണ് വില്ലന്മാർ. കഴിഞ്ഞ ആഴ്ച അച്ചൻകോവിൽ-അലിമുക്ക് റോഡിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വനമേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലും രാത്രിയിൽ എത്തുന്ന കാട്ടാനക്കൂട്ടം വലിയ നാശനഷ്ടങ്ങളാണ് വരുത്തുന്നത്. കറവൂർ-പെരുന്തോയിൽ -തലപ്പാകെട്ടു ഭാഗങ്ങളിൽ ഇപ്പോഴും കാട്ടാനകളുടെ സാന്നിധ്യമുണ്ട് .
സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ഭാഗത്ത് സൗരവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് തകർത്താണ് കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ എത്തുന്നത്. കാട്ടാനകളുടെ മുന്നിലകപ്പെടുന്ന യാത്രക്കാർ രക്ഷപെടാനുള്ള ശ്രമത്തിനിടെ വാഹനം മറിഞ്ഞ് പരിക്കേൽക്കുന്നതും നിത്യസംഭവമാണ്. വനമേഖലയിൽ കിടങ്ങ് നിർമിച്ച് കാട്ടാന ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയാൻ ഒന്നരകോടി രൂപ മുടക്കിൽ പദ്ധതി ആവിഷ്കരിച്ചെങ്കിലും ഫലം കണ്ടില്ല. വന്യമൃഗശല്യം കാരണം വീട് വിട്ടു പോകുന്നവരും മേഖലയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.