എ.ബി.സി പദ്ധതിയുടെ കെട്ടിടത്തിനായി മണ്ണെടുപ്പ് ആരംഭിച്ചപ്പോള്‍
പത്തനാപുരം: ജില്ലയിൽ തെരുവുനായ് ശല്യം വർധിക്കുമ്പോൾ പരിഹാരമെന്നോണം കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ജില്ല പഞ്ചായത്തിന്റെ തെരുവുനായ് പുനരധിവാസ ഷെൽട്ടർ ഹോം കുരിയോട്ടുമലയിൽ ‘ഒരു പട്ടി പോലും’ തിരിഞ്ഞു നോക്കാതെ കാടുകയറി നശിക്കുന്നു. ഇവിടെ തെരുവുനായ് വന്ധ്യംകരണ പദ്ധതി ഉൾപ്പെടെ എ.ബി.സി സെന്റർ തുടങ്ങുമെന്ന പ്രഖ്യാപനവും ജലരേഖയായി. 2022 ഡിസംബറില്‍ നിർമിച്ച കെട്ടിടങ്ങളാണ് നിലവിൽ പൂർണമായും കാടുപടർപ്പുകൾക്കിടയിൽ നില്‍ക്കുന്നത്. ഒരു ഷട്ടറിൽ 250 തെരുവുനായ്കളെ ഉൾപ്പെടുത്താന്‍ കഴിയുന്ന മൂന്ന് ഷെഡുകൾ ആണ് നിർമിച്ചത്. 60 ലക്ഷം രൂപയായിരുന്നു പദ്ധതി വിഹിതം.
പ്രത്യേകം കമ്പാർട്ട്മെന്റുകൾ ആക്കുവാനോ മാലിന്യനിർമാർജനത്തിനോ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനോ ഈ ഫണ്ട് പര്യാപ്തമായിരുന്നില്ല. ഇതോടെ ഷെഡ് നിർമാണം മാത്രമായി പദ്ധതി ഒതുങ്ങി. രണ്ടാം ഘട്ടത്തില്‍ 30 ലക്ഷം രൂപ കൂടി അനുവദിച്ച് കരാർ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ജില്ലയിൽ തെരുവുനായ ശല്യം വർധിക്കുമ്പോൾ കൃത്യമായി ഇവയെ പിടികൂടുന്നതിനോ എ.ബി.സി പദ്ധതി നടപ്പിലാക്കുന്നതിനോ അധികൃതര്‍ മെനക്കെടുന്നില്ല. പുനലൂർ നഗരസഭയിൽ ആരംഭിച്ച എ.ബി.സി പദ്ധതി തുടക്കത്തിലെ പാളി. നിലവിൽ പദ്ധതി നടപ്പിലാക്കാനുള്ള കെട്ടിടത്തിനായി ഒന്നേകാൽ കോടി രൂപ ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി അനുവദിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി രണ്ട് ദിവസം മുമ്പാണ് കുരിയോട്ടുമലയിൽ മണ്ണെടുപ്പ് ആരംഭിച്ചത്. സമീപത്തെ ബഫല്ലോ ബ്രീഡിങ് ഫാമിന് ദോഷകരമാകാത്ത രീതിയിൽ പൂർണമായും വിജനമായ പ്രദേശത്താണ് കെട്ടിടങ്ങള്‍. ഷട്ടർ ഫോമിലേക്ക് പ്രത്യേകം വഴി കൂടി നിർമിച്ചാണ് തെരുവുനായ്കളെ സംരക്ഷിക്കുവാനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടുന്ന നായ്കളെ ഇവിടെ എത്തിച്ച മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ വന്ധീകരണ ശസ്ത്രക്രിയ നടത്തും. തുടർന്ന് അഞ്ചുദിവസം കൂടി പാർപ്പിച്ചശേഷം തിരികെ പിടികൂടിയ സ്ഥലത്ത് തന്നെ തുറന്നു വിടും. പരിക്കേറ്റതോ അക്രമണകാരികളോ ആയ തെരുവുനായ്കളെ ദീർഘകാലം ഇവിടെ പാർപ്പിക്കാനും പദ്ധതിയുണ്ട്. പ്രത്യേകം ഭക്ഷണമൊരുക്കുന്നുള്ള സംവിധാനവും അടിസ്ഥാന സൗകര്യങ്ങളും എല്ലാം ഒരുങ്ങുന്ന വിശാലമായ പദ്ധതിയാണ് ജില്ല പഞ്ചായത്ത് വിഭാവനം ചെയ്തത്.
മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി തുടങ്ങിയിടത്ത് തന്നെയാണ്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിക്കുവാൻ തീരുമാനിച്ചിരുന്നത്. ആദ്യഘട്ടത്തിൽ കുരിയോട്ടുമലക്ക് സമീപത്തെ ചുരുക്കം പഞ്ചായത്തുകളെയും നഗരസഭകളെയും ഉൾപ്പെടുത്തിയ പദ്ധതിയില്‍ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും കൂടി ഉൾപ്പെടുത്താനുള്ള ആലോചനയും നടക്കുന്നുണ്ട്. തെരുവുനായ്കളുടെ നിയന്ത്രണം ജില്ലയിൽ നിലച്ചിട്ട് ഏകദേശം രണ്ടു വർഷത്തോളം പിന്നിടുന്നു. 75,000 തെരുവുനായ്കള്‍ ജില്ലയിൽ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുമ്പോള്‍ അധികൃതര്‍ പദ്ധതി പൊടിതട്ടിയെടുത്തു കാണിക്കും. കുരിയോട്ടുമലയിൽ എ.ബി.സി സെന്റർ ഉടൻ എന്ന് കഴിഞ്ഞ ദിവസവും ജില്ല പഞ്ചായത്ത് അധികൃതർ പ്രഖ്യാപിച്ചു. ഇതിനിടയിലും നായുടെ കടിയേറ്റ് കുരുന്നുകളുടെ അടക്കം ജീവൻ പൊലിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.