ഈരാറ്റുപേട്ട: നഗരസഭ ആസ്തി രജിസ്റ്ററിലുള്ള എട്ടു വലിയ തേക്ക് മരങ്ങൾ 2019 ആഗസ്റ്റ് 19 ന് മോഷണം പോയ കേസ് അട്ടിമറിച്ചതായി ആക്ഷേപം. ഇതുമൂലം നഗരസഭക്ക് ലഭിക്കേണ്ട ലക്ഷങ്ങൾ നഷ്ടപ്പെട്ടതായും ചൂണ്ടിക്കാട്ടുന്നു. ടി.ബിക്ക് സമീപം നഗരസഭ റോഡിന് ഒരു വശത്ത് നഗരസഭ ആസ്തി രജിസ്റ്ററിലുള്ള തേക്കിൻ തടികൾ മോഷണം പോയ സംഭവമാണ് തേഞ്ഞുമാഞ്ഞു പോകുന്നത്.
വീടിന് ഭീഷണിയായി നിൽക്കുന്ന തേക്ക് മരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ആർ.ഡി.ഒക്ക് പരാതി നൽകിയിരുന്നു. നഗരസഭ നടപടി സ്വീകരിക്കേണ്ട വിഷയമാണെന്ന് ആർ.ഡി.ഒ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ 2019 മാർച്ച് 25 ന് ഇദ്ദേഹം നഗരസഭയിൽ അപേക്ഷ നൽകി. ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകി ദിവസങ്ങൾക്ക് ശേഷമാണ് വൻ തേക്ക് മരങ്ങൾ മോഷണം പോയത്.
തടി വെട്ടിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അന്നത്തെ നഗരസഭ വൈസ് ചെയർമാൻ പൊലീസിൽ പരാതി നൽകി. തുടർന്ന് മോഷണം പോയതിൽ കുറച്ചു തേക്കിൻ തടി അരുവിത്തുറ കോളജ് റോഡിൽ പ്രത്യക്ഷപ്പെട്ടു. നഗരസഭയുടെ പരാതിയിൽ എഫ്.ഐ.ആർ ഇട്ട പൊലീസ് തേക്കിൻ തടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
എന്നാൽ, 2020 മെയ് 20ന് രാഷ്ട്രീയ ഇടപെടൽ മൂലം പൊലീസ് കേസ് റദ്ദാക്കി. ഇതിനെതിരെ കോടതിയിൽ പോകാൻ നഗരസഭ ഭരണസമിതി തയാറായില്ല. 35 ലക്ഷം രൂപയുടെ തേക്കിൻ തടികളാണ് മോഷണം പോയതെന്ന് പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു.
തേക്ക് വെട്ടിമാറ്റാൻ അപേക്ഷ നൽകിയ ആൾ തന്നെ തേക്ക് നിന്ന സ്ഥലം തന്റേതാണെന്ന് 2021 ജൂലൈ 15ന് ഈരാറ്റുപേട്ട മുൻസിഫ് കോടതിയിൽ ഹരജി ഫയൽ ചെയ്തു. കോടതി സർവേ കമീഷണറെ നിയമിക്കുകയും കമീഷണർ റിപ്പോർട്ട് പ്രകാരം തേക്കിൻ തടി 2022 ആഗസ്റ്റ് 11 ന് ലേലം ചെയ്യുകയും ചെയ്തു. 2,80 500 രുപക്കാണ് തടി ലേലത്തിൽ വിറ്റത്. തടി മോഷണം പോയ സമയം മുതൽ എല്ലാ കേസും തോറ്റു കൊടുത്തതിനാൽ തടിയിൽനിന്നു ലഭിക്കേണ്ട ലക്ഷങ്ങളാണു നഗരസഭക്ക് നഷ്ടമായതെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.