ഷൊർണൂർ: തന്റെ വീടിന് സമീപം ബഹളം വെച്ച യുവാക്കളെ ഗുണദോഷിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുളപ്പുള്ളി തച്ചോത്ത് നിതിൻ ചന്ദ്രൻ (28), കുളപ്പുള്ളി ചോലയിൽ മനൂപ് (34), കുളപ്പുള്ളി തച്ചോത്ത് വിജീഷ് (40) എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ ഏഴിന് വൈകീട്ട് ഏഴരക്ക് കണയം റോഡിലെ വായനശാലക്ക് സമീപമുള്ള കുളപ്പുള്ളി നായാടിക്കുന്നത്ത് സുബ്രഹ്മണ്യന്റെ മകൻ സുവിന്റെ (24) വീടിനടുത്തുനിന്നാണ് യുവാക്കൾ ബഹളം വെച്ചത്. അതുകേട്ട് വീട്ടിൽനിന്ന് ഇറങ്ങി വന്ന സുവിൻ യുവാക്കളെ ഗുണദോഷിക്കാൻ ശ്രമിച്ചിരുന്നു.
അവർ സുവിനെ വീട്ടിൽനിന്ന് വിളിച്ചു വരുത്തി ഒന്നാം പ്രതി നിതിൻ ചന്ദ്രൻ കൈയിലുണ്ടായിരുന്ന കല്ലുകൊണ്ട് തലക്കും മുഖത്തും കഴുത്തിന് പുറത്തും ഇടിക്കുകയും മറ്റു രണ്ടു പ്രതികൾ മുഖത്ത് അടിക്കുകയും ചെയ്തു. ഷൊർണൂർ സ്റ്റേഷൻ ഇൻസ്പെക്ടർ വി. രവികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സേതുമാധവൻ, എ.എസ്.ഐ അനിൽ കുമാർ, സി.പി.ഒമാരായ റിയാസ്, സജീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതികളെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.