പിടിയിലായ പ്രതികൾ
പന്തളം: പന്തളത്ത് തട്ടുകട അക്രമിച്ച് കട ഉടമയെ ക്രൂരമായി മർദ്ദിച്ച അഞ്ചംഗ സംഘത്തെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ മുളക്കുഴ, പെരിങ്ങാല രാഹുൽ സദനത്തിൽ, ചിറയിൽ മേലേതിൽ അഖിൽ. എം.എസ് (23), ചെങ്ങന്നൂർ കാരയക്കാട്, വെട്ടിയിൽ പടിഞ്ഞാറ്റേതിൽ ജിത്തുരാജ് (24), ചെങ്ങന്നൂർ, കാരയക്കാട്, ക്രിസ്റ്റിവില്ലയിൽ ക്രിസ്റ്റിൻ മോഹനൻ (24), ചെങ്ങന്നൂർ മുളക്കുഴ, പന്തുവള്ളി വീട്ടിൽ ഷിയാസ് (24), ചെങ്ങന്നൂർ മുളക്കുഴ അരീക്കര വിനോദ് ഭവനിൽ അഖിൽ ലാൽ (25) എന്നിവരെയാണ് പന്തളം പൊലീസ് പിടികൂടിയത്.
മറ്റ് കൂട്ടാളികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പെരിങ്ങാലയിലെ ഒളിത്താവളത്തിൽ നിന്നാണ് പ്രതികളെ സാഹസികമായി പൊലീസ് പിടികൂടിയത്. എം.സി റോഡിൽ പന്തളം മണികണ്ഠൻ ആൽത്തറക്ക് സമീപം തൃപ്തി തട്ടുകടയിൽ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. സംഘം ചേർന്ന് ഭക്ഷണം കഴിക്കാൻ എത്തിയ ഇവർ പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അക്രമത്തിൽ കട ഉടമ പന്തളം മങ്ങാരം പാലത്തടത്തിൽ ശ്രീകാന്തിന് (37) തലക്ക് ഗുരുതരപരിക്കേറ്റിരുന്നു. ഇദ്ദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമിസംഘം തട്ടുകട പൂർണമായും തകർത്തിരുന്നു. ബുധനാഴ്ച രാത്രി കടയിലെത്തിയ സംഘം മൂന്ന് ചായയും മൂന്ന് മുട്ട പൊരിച്ചതും ആവശ്യപ്പെട്ടു. ഇവ നൽകിയപ്പോൾ സംഘം രണ്ട് ചായ മാത്രമാണ് ഉപയോഗിച്ചത്. തുടർന്ന് രണ്ട് ചായയുടെ പണം മാത്രം നൽകി പോകാൻ ഒരുങ്ങിയപ്പോൾ ശ്രീകാന്ത് മൂന്ന് ചായയുടെയും എടുത്ത മുട്ട പൊരിച്ചതിന്റെയും വില തരണമെന്ന് പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തുടർന്ന് ശ്രീകാന്തിനെയും ജീവനക്കാരനെയും സംഘം പിടിച്ചുതള്ളി. കടയിലെ ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിക്കും പരിക്കേറ്റിരുന്നു. അക്രമി സംഘം കൂടുതൽ പേരെ വിളിച്ചുവരുത്തിയാണ് തട്ടുകട ആക്രമിച്ചത്.
പ്രതികൾക്ക് ലഹരി ഇടപാടുകാരുമായുള്ള ബന്ധം, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പന്തളം എസ്.എച്ച്.ഒ റ്റി.ഡി. പ്രജീഷ്, സബ് ഇൻസ്പെക്ടർ അനീഷ് ഏബ്രഹാം, പൊലീസുദ്യോഗസ്ഥരായ എസ്. അൻവർഷ, അൻസാജു, അമൽ ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.