അക്രമികൾ തല്ലിത്തകർത്ത തട്ടുകട, പരിക്കേറ്റ ശ്രീകാന്ത്
പന്തളം: പന്തളത്ത് തട്ടുകട തല്ലിത്തകർത്ത് ഗുണ്ടാസംഘം. ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. എം.സി റോഡിൽ മണികണ്ഠൻ ആൽത്തറക്ക് സമീപത്തെ തൃപ്തി തട്ടുകടയിലാണ് ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്. ആക്രമണത്തിൽ തലക്ക് പരിക്കേറ്റ പന്തളം മങ്ങാരം പാലത്തടത്തിൽ ശ്രീകാന്തിനെ (37) പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിസംഘം കട പൂർണമായും തകർത്തു. ബുധനാഴ്ച രാത്രി പത്തിന് ശ്രീകാന്തിന്റെ ജ്യേഷ്ഠൻ ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള കടയിലെത്തിയ സംഘം, മൂന്ന് ചായയും മൂന്ന് ഓംലെറ്റും ആവശ്യപ്പെട്ടു. ഇതിൽ രണ്ട് ചായ മാത്രമാണ് ഇവർ കുടിച്ചത്.
തുടർന്ന് രണ്ട് ചായയുടെ പണം നൽകി മടങ്ങാൻ ശ്രമിച്ചപ്പോൾ മുഴുവൻ തുകയും നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ സംഘം ശ്രീനാഥിനെയും ജീവനക്കാരനെയും പിടിച്ചുതള്ളി. ഈസമയം കടയിലുണ്ടായിരുന്നവർ പറന്തലിൽ തട്ടുകട നടത്തുന്ന സഹോദരൻ ശ്രീകാന്തിനെയും പൊലീസിനെയും വിവരമറിയിച്ചു.
പന്തളത്തെ തട്ടുകടയിൽ എത്തിയ ശ്രീകാന്തിനെ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. നാരങ്ങ ഗ്ലാസുകൊണ്ടും പൂച്ചട്ടികൊണ്ടും സ്റ്റീൽ മഗ് കൊണ്ടും തലക്ക് ആക്രമിക്കുകയായിരുന്നു. ശ്രീകാന്തിന്റെ തലക്ക് 21 തുന്നൽ ഇട്ടു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കടയിലെ സാധനങ്ങൾ മുഴുവൻ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിനിടെ കുഴഞ്ഞുവീണ ശ്രീകാന്തിനെയും ശ്രീനാഥിനെയും ജീവനക്കാരും ഓടിക്കൂടിയവരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പന്തളം പൊലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. ആക്രമണത്തിന് പിന്നിൽ പത്തംഗ സംഘമാണെന്ന് പൊലീസ് പറഞ്ഞു. കുളനട, ഉള്ളന്നൂർ, പാണിൽ മേഖലയിലുള്ള സ്ഥിരം ഗുണ്ടാസംഘമാണ് പിന്നിലെന്ന് സംശയിക്കുന്നതായും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.