തിരുവനന്തപുരം: ജീവിതം കൊണ്ട് സമരപോരാട്ട കേരളത്തിന്റെ പര്യായമായി മാറിയ വി.എസ് എന്ന രണ്ടക്ഷരത്തിന്റെ ജീവൻ നാലാഴ്ച തുടിച്ച തിരുവവനന്തപുരം പട്ടത്തെ എസ്.യു.ടി ആശുപത്രിപരിസരം ഇന്നലെ സാക്ഷ്യംവഹിച്ചത് അതിവൈകാരിക രംഗങ്ങൾക്ക്. ‘‘കണ്ണേ കരളേ വി.എസേ..ധീര സഖാവേ വി.എസേ, ഇല്ല..ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളിലൊഴുകും ചോരയിലൂടെ...’’-ചാറ്റൽ മഴ പെയ്തിറങ്ങിയ സന്ധ്യയിൽ ആശുപത്രി പരിസരത്ത് മുഴങ്ങി കേട്ടത് ഒരേയൊരു ശബ്ദ്ം മാത്രം. വി.എസ്. അച്യുതാനന്ദന്റെ വിയോഗ വാർത്തയറിഞ്ഞ് ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരുനേക്കുകാണാൻ ആശുപത്രി പരിസരത്തെത്തിയത്. മിനിട്ടുകൾക്കകം ജനസാഗരത്തിന് കനംകൂടി. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമടക്കം നേതാക്കളെല്ലാം ആശുപത്രിക്കുള്ളിലാണ്. തിരക്കിട്ട ചർച്ചകളാണ് ഉള്ളിലെങ്കിൽ പ്രിയനേതാവിനെ അവസാനമായി കാണാനുള്ള കാത്തിരിപ്പാണ് പുറത്ത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നിന് ശേഷമാണ് വി.എസിന്റെ ആരോഗ്യനില ഗുരുതരമെന്ന വിവരം പുറത്തുവരുന്നത്. തുടർന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തി. 3.20ഓടെയായിരുന്നു വിയോഗം. ഈ സമയവും തങ്ങളുടെ പ്രിയനേതാവ് മടങ്ങിവരുമെന്ന പ്രതീക്ഷയിൽ പുറത്ത് കാത്തുനിന്നത് നിരവധി പേരാണ്. 4.12ഓടെയാണ് വിയോഗവാർത്ത പങ്കുവെച്ച് ആശുപത്രി വാർത്താക്കുറിപ്പ് പുറത്തുവന്നത്. 4.15ഓടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളെ കാണുകയും വിയോഗ വാർത്ത, പൊതുദർശനം, സംസ്കാരം എന്നിവ സംബന്ധിച്ച് വിവരങ്ങൾ വ്യക്തമാക്കുകയും ചെയ്തു. മന്ത്രി കെ.എൻ. ബാലഗോപാൽ, സി.പി.എം ജില്ല സെക്രട്ടറി വി. ജോയ് എം.എൽ.എ, വി.കെ. പ്രശാന്ത് എം.എൽ.എ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അഞ്ചോടെ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൽ ഭൗതികശരീരം പൊതുദർശനത്തിനുവെക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇതിനിടെ മന്ത്രിമാരും പാർട്ടി നേതാക്കളും പൊലീസ് മേധാവിയും ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. 6.45ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽനിന്ന് പുറത്തേക്ക് വന്ന് മാധ്യമങ്ങളെ കാണുകയും 6.55ഓടെ മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങുകയും ചെയ്തു. നിലയ്ക്കാത്ത മുദ്രാവാക്യം വിളികൾക്കിടയിലൂടെ ഏഴോടെ വി.എസ് എന്ന വിപ്ലവ സൂര്യനെയും വഹിച്ചുള്ള ആംബുലൻസ് എ.കെ.ജി പഠനകേന്ദ്രത്തിലേക്ക്. മുഖ്യമന്ത്രിയും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും അനുഗമിച്ചു. ഈസമയം വഞ്ചിയൂർ മുതൽ പാളയം വരെ പതിനായിരങ്ങൾ അണിചേർന്ന മനുഷ്യമതിൽ തന്നെ രൂപപ്പെട്ടിരുന്നു, തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്കുകാണാൻ.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ചൊവ്വാഴ്ച ഉച്ചക്കുശേഷം ആലപ്പുഴയിലേക്ക് പുറപ്പെടും. പാളയം- പി.എം.ജി- പ്ലാമൂട്- പട്ടം- കേശവദാസപുരം- ഉള്ളൂർ-പോങ്ങുമൂട്-ശ്രീകാര്യം-ചാവടിമുക്ക്- പാങ്ങപ്പാറ-കാര്യവട്ടം-കഴക്കൂട്ടം- വെട്ടുറോഡ്-കണിയാപുരം, പള്ളിപ്പുറം, മംഗലപുരം- ചെമ്പകമംഗലം- കോരാണി-മൂന്ന്മുക്ക് - ആറ്റിങ്ങൽ ബസ്റ്റാൻഡ്- കച്ചേരിനട-ആലംകോട്-കടുവയിൽ-കല്ലമ്പലം- നാവായിക്കുളം-28ാം മൈൽ- കടമ്പാട്ടുകോണം വഴിയാണ് വിലാപയാത്ര കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.