കുട്ടിക്കഥ: ദമ്പതികളുടെ കൃഷി

കോസല രാജ്യത്തെ രാജാവായിരുന്നു വീരനരസിംഹൻ. അദ്ദേഹത്തിന്റെ പത്നിയായിരുന്നു കൗസല്യാ രാജ്ഞി. ഇരുവർക്കും സ്വന്തം നാടുകാണണമെന്നും ജനങ്ങളുടെ ക്ഷേമം അന്വേഷിക്കണമെന്നും തോന്നി. വേഷം മാറി പാടവരമ്പത്തും റോഡിലും നടന്നു.

അതിനിടെയാണ് ഇരുന്ന് കുഴിക്കുന്ന വൃദ്ധ ദമ്പതികളെ കാണുന്നത്. രാജാവും രാജ്ഞിയും അടുത്തുവന്നു. മാവിന്റെയും പ്ലാവിന്റെയും തൈകൾ നടുകയായിരുന്നു ഇരുവരും.

‘‘മുത്തച്ഛാ, എന്താണ് നിങ്ങൾ ചെയ്യുന്നത്?’’ -രാജാവ് ചോദിച്ചു.

‘‘മോനേ, ഞങ്ങൾ പ്ലാവും മാവും വെച്ചുപിടിപ്പിക്കുകയാണ്’’ -മുത്തച്ഛൻ പറഞ്ഞു.

‘‘മുത്തച്ഛാ, നിങ്ങൾ നട്ടുവളർത്തുന്ന ഈ വൃക്ഷങ്ങളിൽ ഫലം ഉണ്ടാകുന്നതുവരെ നിങ്ങൾ ജീവിച്ചിരിക്കുമെന്ന് വല്ല ഉറപ്പുമുണ്ടോ?’’ -രാജാവ് വീണ്ടും ചോദിച്ചു.

‘‘മോനേ നമ്മൾ എല്ലാ കൊല്ലവും ധാരാളം മാങ്ങയും മാമ്പഴവും ചക്കയും ചക്കപ്പഴവും കഴിക്കാറുണ്ടല്ലോ?, പണ്ട് നമുക്കുമുമ്പ് ജീവിച്ചിരുന്നവർ ആരൊക്കെയോ നട്ടുവളർത്തിയതാവണം നമ്മൾ ഇപ്പോൾ കഴിക്കുന്ന എല്ലാ ഫലങ്ങളും. ഞങ്ങളും അങ്ങനെ ചെയ്യുകയാണ്. വരുന്ന തലമുറക്ക് ഫലം അനുഭവിക്കാൻ നമ്മളൊക്കെ അങ്ങനെ ചെയ്തല്ലേ പറ്റൂ’’ -മുത്തച്ഛൻ വളരെ ഗൗരവത്തിൽ പറഞ്ഞു.

പ്രായമായ മുത്തച്ഛന്റെ വാക്കുകൾ വളരെ വിലപ്പെട്ടതായി രാജാവിനുതോന്നി. അദ്ദേഹം വൃദ്ധ ദമ്പതികളെ താണുവണങ്ങി കൊട്ടാരത്തിലേക്ക് തിരിച്ചു. അടുത്ത ദിവസം രാജാവ് മന്ത്രിയെ വിട്ട് വൃദ്ധ ദമ്പതികളെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ധാരാളം വിലപ്പെട്ട സമ്മാനങ്ങൾ കൊടുത്തയക്കാനും രാജാവ് മറന്നില്ല.

വൃദ്ധ ദമ്പതികളുടെ മാതൃക സ്വീകരിച്ച് രാജാവ് വരുംതലമുറക്ക് ഉപകാരപ്രദമായ നിരവധി കാര്യങ്ങൾ രാജ്യത്ത് നടപ്പാക്കി. വീരനരസിംഹന്റെ രാജ്യത്ത് ഐശ്വര്യവും സമ്പൽസമൃദ്ധിയുംകൊണ്ട് ജനങ്ങൾ സന്തോഷമായിവാണു.

എഴുത്ത്: പത്മാ സുബ്രഹ്മണ്യം





Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.