കണ്ടൽച്ചെടി നടുന്ന പാറയിൽ രാജൻ. ചി​​​ത്ര​​​ങ്ങ​​​ൾ: പി.​​​ സ​​​ന്ദീ​​​പ്


‘ലക്ഷക്കണക്കിന് കണ്ടൽച്ചെടികൾ സ്വന്തം കൈകളാൽ നട്ടുപിടിപ്പിച്ചു’ -അറിയാം, ‘കണ്ടൽ രാജ’ എന്ന പാറയിൽ രാജന്‍റെ പരിസ്ഥിതി ജീവിതം

വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രം. മത്സ്യത്തൊഴിലാളി അമ്പുവിന്‍റെ ആറുമക്കളില്‍ മൂന്നാമൻ. അച്ഛനൊപ്പം കണ്ണൂർ പഴയങ്ങാടിപ്പുഴയിൽ അതിരാവിലെ മീൻ പിടിക്കാൻ പോകുന്ന ബാല്യം.

പുഴയോരത്തെ കണ്ടൽക്കാടുകൾക്കിടയിൽനിന്ന് കൂടുതൽ മീൻ കിട്ടിത്തുടങ്ങിയതോടെ പച്ചപുതച്ച ആ കുറ്റിക്കാടുകളോട് ഉള്ളിൽ ഇഷ്ടം തോന്നി. പിന്നെ മെല്ലെ മെല്ലെ അവയുടെ കൂട്ടുകാരനായി.

ഒരുകൈയിൽ കണ്ടൽ വിത്തുമായി തീരങ്ങളായ തീരങ്ങളിലെല്ലാം ഓടിയെത്തി. അവിടങ്ങളിലെല്ലാം കൈയൊപ്പ് പോലെ നട്ടുവെച്ച ചെടികൾ ഇന്ന് കുറുവനംപോലെ വളർന്ന് വ്യാപിച്ചു. അന്ന​ത്തെ കുട്ടിക്ക് പ്രായമിപ്പോൾ 61 വയസ്സ്. പാറയിൽ രാജൻ എന്ന പേര് പറഞ്ഞാൽ അറിയാത്തവർക്ക് കണ്ടൽ രാജൻ എന്ന പേര് സുപരിചിതം.

രാജൻ താൻ വളർത്തിയ കണ്ടൽച്ചെടികൾക്കിടയിൽ

കണ്ടലുകൾക്ക് നടുവിൽ

പഴയങ്ങാടിപ്പുഴയുടെ ഓരത്തു നിന്ന് കണ്ടൽക്കാടുകളുടെ പര്യായപദമായി കല്ലേൽ പൊക്കുടൻ എന്ന ഇതിഹാസം കേരളവും കടന്ന് വളർന്നുപന്തലിച്ച​പ്പോൾ, മറുകരയിൽ അ​ത്രയൊന്നും മാധ്യമശ്രദ്ധ കിട്ടാതെ രാജൻ കണ്ടലുകൾക്കായി ജീവിക്കുന്നുണ്ടായിരുന്നു.

ഇതിനകം ലക്ഷക്കണക്കിന് കണ്ടൽച്ചെടികളാണ് രാജന്‍റെ കൈകളാൽ മണ്ണി​ലേക്ക് വേരാഴ്ത്തിയത്. എത്രയെണ്ണം നട്ടു​വെന്നതുപോലും ഓർത്തുവെച്ചിട്ടില്ല.

കുറ്റിക്കണ്ടല്‍, പൂക്കണ്ടല്‍, വള്ളിക്കണ്ടല്‍, ചക്കരക്കണ്ടല്‍, എഴുത്താണിക്കണ്ടല്‍, ചുള്ളിക്കണ്ടല്‍, ഉപ്പുകുറുവ തുടങ്ങി 20ലേറെ കണ്ടൽ വൈവിധ്യങ്ങൾ നട്ടുവളർത്തുന്നുണ്ട്. വിവിധതരം കണ്ടലുകളുടെ വിത്തുകളും വൈവിധ്യമാർന്നതാണ്. പേരക്കാ കുരുവിന്‍റെ വലുപ്പമുള്ളത് മുതൽ 20 സെന്‍റിമീറ്ററിലേറെ നീളമുള്ള വിത്തുകൾ വരെയുണ്ട്. ഇവ ശേഖരിച്ച് വീടിനടുത്ത് നഴ്സറിപോലെ നട്ടുവളർത്തുകയാണ് ചെയ്യുന്നത്.

നേരത്തേ പരിസ്ഥിതി സ്നേഹികളും സന്നദ്ധ സംഘടനകളും അടക്കമുള്ള ആവശ്യക്കാർക്ക് ഇവ കൈയോടെ കൊടുക്കുകയായിരുന്നു പതിവ്. എന്നാൽ, ഇങ്ങനെ കൊടുത്തതിൽ പലതും നടാതെ നശിപ്പിക്കപ്പെട്ടതായി അറിഞ്ഞതോടെ ആ പരിപാടി നിർത്തി. ഇപ്പോൾ, ആർക്കെങ്കിലും കണ്ടൽത്തൈകൾ വേണമെങ്കിൽ രാജനും കൂടെ പോകും. സംഘാടകർക്ക് അവ നടേണ്ട രീതി കാണിച്ചുകൊടുക്കും. ഒപ്പംനിന്ന് തൈകൾ നട്ടുവെന്ന് ഉറപ്പുവരുത്തിയേ മടങ്ങൂ.


മീൻപിടിത്തം ഉപജീവന മാർഗം

മീൻപിടിത്തമാണ് ഉപജീവന മാർഗം. മിക്ക ദിവസവും അതിരാവിലെ അഞ്ചിന് പുഴയിലിറങ്ങും. ചിലപ്പോൾ അർധരാത്രി ഒരുമണിക്കാവും മീൻതേടിയുള്ള യാത്ര. ഈ സമയത്തൊക്കെ കണ്ടലിലേക്കും കണ്ണുപായും. വിത്തുകിട്ടിയാൽ കരുതിവെക്കും. മുളപ്പിച്ച തൈകൾ ഒഴിഞ്ഞ സ്ഥലങ്ങളിൽ നടും.

പഴയങ്ങാടി, താവം, മുട്ടുകണ്ടി തുടങ്ങി പരിസരപ്രദേശങ്ങളിലും ദൂരസ്ഥലങ്ങളിലുമെല്ലാം തൈ നടും. കഴിഞ്ഞ ദിവസം ഏഴിമല നാവിക അക്കാദമി​യുടെ നേതൃത്വത്തിൽ ആയിരത്തിലേറെ തൈ നടാൻ എല്ലാ ഒരുക്കവും നടത്തിയതായിരുന്നു. അതിനിടെ, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതോടെ പരിപാടി മാറ്റിവെച്ചു. ടൂറിസവും വികസനവും കണ്ടലുകളുടെ അന്തകനായി മാറുന്നു​വെന്നതാണ് രാജനെ അലട്ടുന്ന സങ്കടം.

ലക്ഷങ്ങളുടെ കടം, ഒപ്പം ജപ്തി ഭീഷണിയും

രണ്ടേക്കറോളം ഭൂമി രാജന് സ്വന്തമായുണ്ട്. അവിടെ കണ്ടലുകൾ ഇടതൂർന്ന് വളർന്നുനിൽക്കുന്നു. സംരക്ഷിതവനമാക്കുന്നതിന്‍റെ ഭാഗമായി കണ്ടല്‍പ്രദേശങ്ങള്‍ വനംവകുപ്പ് ഏറ്റെടുക്കാൻ നീക്കം തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും നടപടി ഇനിയും പൂർത്തിയായിട്ടില്ല.

മകന്‍റെ പഠനം, മകളുടെ വിവാഹം എന്നിവക്കായി 2018ല്‍ കണ്ണൂർ ജില്ല ബാങ്കിന്‍റെ കണ്ണപുരം ശാഖയില്‍നിന്ന് വീടും സ്ഥലവും ഈട് നല്‍കി അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നു. പ്രളയവും കോവിഡും വന്നതോടെ തിരിച്ചടവ് മുടങ്ങി. പലിശയും കൂട്ടുപലിശയുമായി 13 ലക്ഷം കവിഞ്ഞു.

സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിജ്ഞാപനംചെയ്ത രണ്ടേക്കർ കണ്ടൽഭൂമി ഏറ്റെടുത്താൽ ഈ കടം വീട്ടാൻ കഴിയുമെന്നാണ് ഇദ്ദേഹത്തിന്‍റെ പ്രതീക്ഷ. പ്രതിസന്ധികൾക്കിടയിലും കണ്ടലി​നോടുള്ള സ്നേഹത്തിൽ ഒരു കുറവുമില്ല. ഭാര്യ സേതുലക്ഷ്മിയും മക്കളായ യദു, പൂജ എന്നിവരും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.

Tags:    
News Summary - parayil rajan's environmental life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.