ന്യൂഡൽഹിയിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ സൗമ്യ
‘എല്ലാ ക്ലാസുകളിലും ഒന്നാം ക്ലാസായി ജയിച്ചുകയറിയ പെൺകുട്ടിയെ ഡിഗ്രി പഠിക്കാൻ എന്തിന് മൂന്നാം ഗ്രൂപ്പിന് ചേർത്തു എന്ന ചോദ്യം വ്യാപകമായി ഉയർന്നിരുന്നു. സയൻസ് പഠിച്ച് ഡോക്ടറോ എൻജിനീയറോ ആവാൻ വിടാതെ ഇക്കണോമിക്സ് പഠിപ്പിക്കാൻ വിടുന്നതിനോട് മുഖം തിരിച്ചവർ നിരവധി.
എന്നാൽ, അത് അവളുടെ തീരുമാനമായിരുന്നു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങായിരുന്നു അവളുടെ റോൾ മോഡൽ. ഇക്കണോമിക്സ് പഠിച്ച് പ്രധാനമന്ത്രി വരെയാവാമെങ്കിൽ എന്തിന് മൂന്നാം ഗ്രൂപ്പിനെ അയിത്തം കൽപിച്ച് മാറ്റിനിർത്തുന്നു എന്നായിരുന്നു അവളുടെ വാദം.
ആ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്തു. അത് നൂറുശതമാനം ശരിയെന്ന് അവൾ തെളിയിക്കുകയും ചെയ്തു’ -കണ്ണൂർ പയ്യന്നൂരിലെ കോടിയത്ത് രാജേശ്വരൻ ഇതു പറയുമ്പോൾ മകളെക്കുറിച്ചുള്ള അഭിമാനബോധം ആകാശത്തോളം ഉയരുന്നുണ്ടായിരുന്നു.
രാഷ്ട്രപതി ദ്രൗപദി മുർമു ഈയിടെ അൽജീരിയ സന്ദർശിച്ചപ്പോൾ. ചിത്രത്തിൽ സൗമ്യയെയും കാണാം
ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ശബ്ദം
മൂന്നാം ഗ്രൂപ്പെടുത്ത് പഠിച്ച രാജേശ്വരന്‍റെ മകൾ സൗമ്യയാണ് ഇനി ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ നിലപാട് പറയുക. ലോകരാഷ്ട്രങ്ങൾ ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഇന്ത്യയുടെ തീരുമാനങ്ങൾ അവതരിപ്പിക്കുന്ന സഭയിൽ കഴിഞ്ഞ ഫെബ്രുവരി 28 മുതൽ ആ ‘സൗമ്യ’സാന്നിധ്യമുണ്ട്.
രാജേശ്വരന് ഗുജറാത്തിൽ ബിസിനസായിരുന്നതിനാൽ സൗമ്യയുടെ സ്കൂൾ വിദ്യാഭ്യാസം കേരളത്തിലായിരുന്നില്ല. ഗുജറാത്ത് ചന്ദ്രബാല മോദി അക്കാദമിയിലായിരുന്നു പഠനം.
സ്കൂളിൽ എല്ലാ ക്ലാസിലും ഒന്നാമതായിരുന്നു സൗമ്യ. അച്ഛൻ പ്രോഗ്രസ് കാർഡിൽ ഒപ്പിടാൻ പോകുമ്പോൾ അധ്യാപകർ പറയും, ‘സൗമ്യ ഈസ് ഗോൾഡ്’. പ്ലസ് ടു കഴിഞ്ഞ ശേഷം സ്കൂൾ പ്രിൻസിപ്പൽ ഭട്ടാചാര്യയുടെ നിർദേശ പ്രകാരമാണ് സൗമ്യയെ ഡൽഹി ശ്രീറാം കോളജിൽ ബിരുദത്തിന് ചേർത്തത്.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനൊപ്പം
എല്ലാ വിഷയങ്ങളിലും ഒന്നാം സ്ഥാനത്ത്
സ്കൂൾ മുതൽ പഠിക്കാൻ മിടുക്കിയായിരുന്നു സൗമ്യ. അവൾ ഒന്നാം സ്ഥാനത്തെത്തുമ്പോൾ സഹപാഠിയും ഗുജറാത്ത് സ്വദേശിയുമായ റമീസ് നതാനി രണ്ടാം സ്ഥാനത്തുണ്ടാവും. ചിലപ്പോൾ റമീസ് ഒന്നാം സ്ഥാനത്തും. പിന്നീട് ശാസ്ത്രജ്ഞനായ ഡോ. റമീസ് നതാനി സൗമ്യയുടെ ജീവിത പങ്കാളിയായതും ചരിത്രം.
ബിരുദത്തിനുശേഷം ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം. പഠനകാലത്തുതന്നെ ഇന്ത്യൻ സിവിൽ സർവിസ് പാസായി. എസ്.ബി.ഐ മാനേജറായി ഗുജറാത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ഐ.എഫ്.എസിൽനിന്ന് വിളിവരുന്നത്.
അമ്മക്കും അച്ഛനുമൊപ്പം
മൊറോക്കോയിൽനിന്ന് ഐക്യരാഷ്ട്ര സഭയിലേക്ക്
സിവിൽ സർവിസുകാർ മറ്റൊരു ഭാഷ കൂടി പഠിക്കണമെന്ന നിർബന്ധമുണ്ട്. സൗമ്യ തിരഞ്ഞെടുത്തത് അറബിക് ആയിരുന്നു. ഈജിപ്തിലെത്തിയാണ് അറബി പഠിച്ചത്. ഇതിനു ശേഷമാണ് 2014ൽ ദുബൈ എംബസിയിൽ ജോലി ചെയ്തത്. ദുബൈയിൽ വെച്ചായിരുന്നു പഴയ സ്കൂൾ സഹപാഠിയുമായുള്ള വിവാഹം.
ലണ്ടനിൽ ഇന്ത്യൻ ഹൈകമീഷനിലും പിന്നീട് ഇന്ത്യൻ ഫോറിൻ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിലും ജോലി ചെയ്തു. തുടർന്ന് മൊറോക്കോയിൽ ഇന്ത്യൻ എംബസിയിൽ കൗൺസിലർ ആയിരുന്നു.
പ്രകൃതിസുന്ദരമായ, നല്ല മനുഷ്യരുള്ള ഈ കുഞ്ഞൻ ആഫ്രിക്കൻ രാജ്യത്തുനിന്നാണ് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യൻ പ്രതിനിധിയായി സൗമ്യ എത്തുന്നത്. സിവിൽ സർവിസിന്‍റെ തുടക്കത്തിൽ കുറച്ചുനാൾ സ്വന്തം നാടായ കണ്ണൂർ കലക്ടറേറ്റിലും സൗമ്യയുടെ സാന്നിധ്യമുണ്ടായിരുന്നു.
ഭർത്താവിനും മക്കൾക്കുമൊപ്പം
പാട്ടും നൃത്തവും
ഇന്ത്യൻ ഫോറിൻ സർവിസ് 2010 ബാച്ചുകാരിയായ സൗമ്യയുടെ ഹോബി പാട്ടും നൃത്തവുമാണ്. ജോലിത്തിരക്ക് കാരണം സമയം കിട്ടാത്തതിൽ നിരാശയേറെയുണ്ട്. രണ്ടുവർഷം മുമ്പ് ജി- 20 സമ്മേളനത്തിന് എത്തിയപ്പോഴാണ് അവസാനമായി പയ്യന്നൂരിൽ വന്നത്. അഹദും സെയിനും മക്കളാണ്.
1979ലാണ് രാജേശ്വരൻ ഗുജറാത്തിൽ എത്തിയത്. തൃക്കരിപ്പൂരിലെ രാമപുരത്ത് വാസന്തിയാണ് മാതാവ്. യു.എസ്.എയിൽ എൻജിനീയറായ ദർശൻ ആർ. നായർ സഹോദരൻ. മറാത്തി സ്വദേശിനി നിഷ ഗുൽഹാനെയാണ് രാജേശ്വരന്‍റെ മരുമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.