താരാ കെ. ജോർജ് ഇന്തോനേഷ്യയിലെ ബാലിയിൽ

ഈ ലോകത്ത് എത്ര രാജ്യങ്ങളുണ്ടെന്നറിയാമോ? ഔദ്യോഗികമായി 200ൽ താഴെ രാജ്യങ്ങൾ അല്ലേ... ഇത്രയും രാജ്യങ്ങളിൽ നമ്മളൊക്കെ എത്ര ഇടത്തു യാത്ര ചെയ്തിട്ടുണ്ടെന്ന് ചോദിച്ചാലോ?... പലർക്കും പലതായിരിക്കും ഉത്തരം..

ചിലർ ഇന്ത്യ വിട്ട് ഒരിടത്തും പോയിട്ടുണ്ടാകില്ല, മറ്റു ചിലർ പല പല രാജ്യങ്ങളിൽ യാത്ര ചെയ്തവരുണ്ടാകും, ഇനിയും ചിലർ വിദേശരാജ്യങ്ങളിൽ താമസിക്കുന്നവരുണ്ടാകാം... പല രാജ്യങ്ങളിൽ യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്കും യാത്ര ചെയ്യുന്നവർക്കുമെല്ലാമായി ഒരാളെ പരിചയപ്പെടുത്തിത്തരാം.

ജീവിതത്തിലെ കുറഞ്ഞ കാലം കൊണ്ടുതന്നെ ഈ ലോകത്തെ 75 ശതമാനത്തിലേറെ രാജ്യങ്ങളിൽ കാലുകുത്തിയ, യാത്രതന്നെ ജീവിതമാക്കിയ ഒരു യുവതി. ഭൂപടത്തിൽ ഇല്ലാത്ത ഇടങ്ങളിൽപോലും സന്ദർശിക്കാൻ സാധിച്ച അവരെ മറ്റൊരു വഴിയിൽ വായനക്കാർ അറിയും.

കേരളം കണ്ട എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ അന്തരിച്ച കെ.ജി. ജോർജിന്‍റെ മകൾ താര കെ. ജോർജ്. ലോകഭൂപടത്തിൽ പോലുമില്ലാത്ത രാജ്യങ്ങളുൾപ്പെടെ 150ലേറെ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട് താര. ഓരോ നാടും കാണുമ്പോൾ അവിടത്തെ സുന്ദര കാഴ്ചകൾക്കപ്പുറം ആ നാട്ടിലെ കുറെയേറെ ആളുകളെയും മനസ്സിൽ ഒപ്പം കൂട്ടിയാണ് അവിടെനിന്നെല്ലാം മടങ്ങുന്നത്.


പറന്നിറങ്ങിയ യാത്രകൾ...

ദുബൈയിൽ 2005ലെ ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തി, അവിടെ കുറച്ചുനാൾ താമസിച്ചപ്പോഴാണ് എമിറേറ്റ്സ്, ഇത്തിഹാദ് എയർലൈനുകളുടെ കാബിൻ ക്രൂ നിയമനത്തിനുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്നത്. രണ്ടു കമ്പനിയിലും സെലക്ഷൻ കിട്ടിയെങ്കിലും ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്സാണ് താര തിരഞ്ഞെടുത്തത്.

പരിശീലന കാലത്ത് ചെറിയ യാത്രകളാണ് ഉണ്ടായിരുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയപ്പോൾ, ആദ്യം കിട്ടിയത് ലണ്ടൻ യാത്രയായിരുന്നു. പല നാട്ടിൽനിന്നുള്ള ക്രൂ ആയിരുന്നു ഒപ്പമുണ്ടായിരുന്നത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങി കൂട്ടുകാർക്കൊപ്പം ലണ്ടൻ നഗരത്തെ കണ്ടറിഞ്ഞു.

സാധാരണ കമേഴ്സ്യൽ വിമാനങ്ങൾ നിർത്തുമ്പോൾ അടുത്ത 24 മണിക്കൂർ തിരിച്ചുപുറപ്പെടുന്നതിനു മുമ്പ് നമുക്ക് കിട്ടും. ആ സമയത്ത് അവിടെ ചുറ്റിക്കറങ്ങാം. ഈ ഇടവേളയിലായിരുന്നു താര ഓരോ നാടിനെയും അടുത്തറിഞ്ഞത്.

ഓരോ പുതിയ നഗരത്തിലേക്കുള്ള യാത്രക്കും മുമ്പായി ഒരു ഗവേഷണം നടത്തും. ആ നാട്ടിൽ ഏതൊക്കെ ടൂറിസ്റ്റ് കേന്ദ്രങ്ങളാണുള്ളത്, എപ്പോഴാണ് പോകാൻ പറ്റിയ സമയം, എങ്ങനെ എളുപ്പത്തിൽ എത്താമെന്നെല്ലാം ഒരു പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് യാത്രാപ്ലാൻ തയാറാക്കുന്നത്.

മുമ്പൊക്കെ മാപ്പ് നോക്കിയായിരുന്നു യാത്രയെങ്കിൽ ഇപ്പോൾ ഗൂഗിൾ മാപ്പും ഇന്‍റർനെറ്റുമാണ് യാത്രാ സഹായി. ചിലപ്പോൾ കാബിൻ ക്രൂവിലുള്ള കൂട്ടുകാരെയും കൂട്ടും, ചിലപ്പോൾ സോളോ വൈബ് പിടിക്കും.


‘റോയൽ’ യാത്രകൾ

എമിറേറ്റ്സിൽ പറന്നുപറന്ന് ജോലി ചെയ്യുന്നതിനിടെയാണ് ഖത്തർ രാജകുടുംബത്തിന്‍റെ പ്രൈവറ്റ് എയർലൈൻസിലേക്ക് കൂടുമാറുന്നത്. 2012ലെ ആ മാറ്റം യാത്രകളുടെ എണ്ണം കൂട്ടി. ഖത്തർ രാജകുടുംബം ഇടക്കിടെ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ അവരുടെ കാബിൻ ക്രൂവായി ഒപ്പം ചെല്ലണം. അങ്ങനെയാണ് ഭൂരിഭാഗം രാജ്യങ്ങളിലും പറന്നിറങ്ങാൻ താരക്ക് ഭാഗ്യം കിട്ടിയത്. ഒരുപക്ഷേ, ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങൾ കണ്ട മലയാളി വനിതയും താര തന്നെയായിരിക്കും.

എമിറേറ്റ്സിലെയും രാജകുടുംബത്തിന്‍റെ സ്വകാര്യ വിമാനത്തിലെയും യാത്രകളിൽ വ്യത്യാസമുണ്ടായിരുന്നു. നടപടിക്രമങ്ങളിലെല്ലാം വ്യത്യാസമുണ്ടാകും. ‘രാജകുടുംബം എന്തിനു പോകുന്നു, എവിടെ പോകുന്നു എന്നതൊന്നും നമ്മളന്വേഷിക്കേണ്ടതില്ല.

യാത്രയിൽ അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് നമ്മുടെ ചുമതല’ -താര പറയുന്നു. ലോകത്തെ ഏറ്റവും പ്രബലരും സ്വാധീനമുള്ളവരുമായ കുടുംബങ്ങളിൽപെട്ടവരായിട്ടുപോലും രാജകുടുംബം കാത്തുസൂക്ഷിച്ച വിനയവും ലാളിത്യവും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

താരാ കെ. ജോർജ് താൻ സന്ദർശിച്ച നാടുകളിൽനിന്ന് ശേഖരിച്ച ട്രാവൽ സുവനീർ ശേഖരവുമായി

മറക്കാനാവാത്ത ‘അവതാർ’ നാട്

നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഉള്ളിൽ ഒരു ഓർമച്ചെപ്പുപോലെ കൊണ്ടുനടക്കുന്ന നാടാണ് ടഹീറ്റി. ദക്ഷിണ പസഫിക് സമുദ്രത്തിൽ, ഫ്രഞ്ച് പോളിനേഷ്യയുടെ ഭാഗമായ ഒരു ദ്വീപാണത്. ഒറ്റ വാക്കിൽ പറഞ്ഞാൽ ഹോളിവുഡ് സൈഫൈ ചിത്രമായ ‘അവതാറി’ലെ പോലൊരു നാട്.

അവിടെ മനുഷ്യരും മൃഗങ്ങളുമെല്ലാം പ്രകൃതിയോട് ഇണങ്ങി, ആരെയും ദ്രോഹിക്കാതെയാണ് ജീവിതം നയിക്കുന്നത്. മറ്റുള്ളവരോട് ഏറെ സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറുന്നതിലും ഇവർ മുന്നിലാണ്. വിമാനത്താവളത്തിൽ ആ നാട്ടിലെ ഒരു പൂകൊണ്ടുണ്ടാക്കിയ മാലയിട്ട് നമ്മളെ സ്വീകരിക്കുന്ന നാട്ടുകാർ തിരിച്ചു മടങ്ങുമ്പോൾ ചിപ്പികൊണ്ട് കോർത്ത മാലയും ഇട്ടുതരും.

ഒരു ടൂർ ഗൈഡിന്‍റെ സഹായത്തോടെയാണ് ദ്വീപിലും മറ്റു ദ്വീപുകളിലേക്കുള്ള യാത്ര. ‘അവതാർ സിനിമയിൽ അഭിനയിക്കുകയാണോ എന്ന് തോന്നിക്കുന്നതുപോലൊരു അനുഭൂതിയാണ് ആ നാട്ടിലുടനീളം. രണ്ടു തവണ ടഹീറ്റിയിൽ പോയിട്ടുണ്ട്, ഇനിയും പോകണമെന്നുണ്ട്’ -അവർ കൂട്ടിച്ചേർത്തു.

ടഹീറ്റിയിലെ എല്ലാവരും തങ്ങളുടെ ജീവിതത്തിന്‍റെ ചുരുക്കം ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന ആചാരമുണ്ട്. ടാറ്റൂ ചെയ്യാനായി ടാറ്റൂ കലാകാരന്‍റെ അടുത്തു ചെന്നപ്പോൾ അദ്ദേഹം ഭാര്യയെ പരിചയപ്പെടുത്താനായി വിളിച്ചു. മിസ് ടുറേറേ എന്നു പേരുള്ള അവരെ കണ്ടപ്പോൾ പ്രത്യേക ദൈവിക ചൈതന്യമാണ് തനിക്കനുഭവപ്പെട്ടത്. ഏതോ മുജ്ജന്മ ബന്ധം പോലെ ഒരുപാട് അടുപ്പം തോന്നി. അവർ സമ്മാനിച്ച കറുത്ത പേൾ മാല ഇന്നും സൂക്ഷിക്കുന്നുണ്ട്, അവരുമായുള്ള സൗഹൃദവും.

ക്യൂബ, മെക്സികോ, ബ്രസീൽ, പെറു തുടങ്ങിയ രാജ്യങ്ങളിലെ മനുഷ്യരും താരയുടെ ഹൃദയത്തെ സ്പർശിച്ചവരാണ്. ബ്രസീലിലൊക്കെ എത്ര സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണെങ്കിൽ പോലും അവരെല്ലാം വളരെ സന്തോഷവാന്മാരും സംതൃപ്തരുമാണെന്ന് ഈ യാത്രിക നിരീക്ഷിക്കുന്നു.

ഇന്ത്യയെ അറിയാൻ...

വിദേശരാജ്യങ്ങളിൽ ഏറക്കുറെ എല്ലായിടത്തും എത്തിയ താരക്ക് ഇന്ത്യയിൽ കൂടുതൽ സ്ഥലങ്ങളിലെത്താനായിട്ടില്ല. ആ കുറവ് നികത്താനുള്ള ഒരുക്കത്തിലാണിപ്പോൾ. ഇന്ത്യയിൽ കൂടുതലും ആത്മീയ ഉണർവ് പകരുന്ന കേന്ദ്രങ്ങളിലാണ് യാത്ര ചെയ്തിട്ടുള്ളത്.

അടുത്തിടെ കുംഭമേളയിൽ പങ്കെടുക്കാൻ പോയി. അങ്ങനെയാണ് വാരാണസി ഉൾപ്പെടെയുള്ള നഗരങ്ങളിലെത്തുന്നത്. ഇന്ത്യയിൽ വാരാണസിയാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമെന്ന് അവർ പറയുന്നു. ഋഷികേശ്, അയോധ്യ തുടങ്ങിയ പുണ്യഭൂമികൾ സന്ദർശിച്ച് ലേഹ്, ലഡാക്ക് സ്ട്രിപ് പൂർത്തിയാക്കാനാണ് ലക്ഷ്യം. എന്നു പോകണമെന്ന് പ്ലാൻ ചെയ്തിട്ടില്ലെങ്കിലും പോകാമെന്ന ഉൾവിളി വന്നാലുടൻ അതിന് പുറപ്പെടണം എന്നതാണ് താരയുടെ പോളിസി.

കേരളത്തിലെ ചില സ്ഥലങ്ങളും സന്ദർശിക്കാനുള്ളവയാണ്. തെക്കോട്ടുള്ള ടൂറിസം കേന്ദ്രങ്ങളിലെല്ലാം എത്തിയിട്ടുണ്ടെങ്കിലും വടക്കൻ കേരളത്തിൽ ഇനിയുമെത്താത്ത ചില ഇടങ്ങളുണ്ട്. പുറത്തുനിന്ന് കൂട്ടുകാർ വരുമ്പോൾ അവരെയും കൊണ്ട് ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിലൊക്കെ പതിവായി പോകാറുണ്ട്...

വിപണിയിൽ ഇറങ്ങിയപ്പോൾ തന്നെ സ്വന്തമാക്കിയ ഥാർ ആണ് നാട്ടിലെ യാത്രകളിലെല്ലാം സഹയാത്രികൻ. കേരളത്തിൽ ആദ്യമായി ഈ വാഹനം ബുക്ക് ചെയ്ത വനിത കൂടിയാണ് താര.

18ാം വയസ്സിൽ സ്വന്തം കാലിൽ

കെ.ജി. ജോർജിന്‍റെ മറക്കാനാവാത്ത ഓർമകൾ എന്നെന്നും കൂട്ടിനുണ്ട് താരക്ക്. കൊച്ചി വെണ്ണലയിലെ കുന്നപ്പിള്ളി റോഡിൽ ‘ദി സ് പ്ലെൻഡർ’ വീട്ടിൽ അദ്ദേഹത്തിന്‍റെ വലിയ പുസ്തകങ്ങളുടെയും പുരസ്കാരങ്ങളുടെയും ശേഖരത്തിനൊപ്പം താര ഓരോ നാട്ടിൽനിന്ന് ശേഖരിച്ച ട്രാവൽ സുവനീറുകൾ കാണാം. താരയും അമ്മ സൽമ ജോർജുമാണ് ഇന്നിവിടെ താമസം.

താൻ ഇന്ന് എന്തായോ അതിനു കാരണം ഡാഡിയുടെ വളർത്തലിന്‍റെ രീതിയും ചിന്താഗതികളിലെ സ്വാധീനവുമാണെന്ന് താര പറയുന്നു. അദ്ദേഹത്തിന്‍റെ ലോകപരിചയം മക്കൾക്കും പകർന്നു നൽകി.

18 വയസ്സായപ്പോഴേക്ക് താരയെയും സഹോദരൻ അരുൺ ജോർജിനെയും സ്വന്തം കാലിൽ നിൽക്കാൻ പിതാവ് പ്രാപ്തരാക്കി. ‘എറണാകുളം സെന്‍റ് തെരേസാസ് കോളജിൽ പഠിക്കുമ്പോൾ ആങ്കറിങ് ഉൾപ്പെടെ ജോലികൾ ചെയ്യുമായിരുന്നു.

ലിബറൽ ചിന്താഗതിക്കാരനായ അദ്ദേഹം വേണ്ടുവോളം സ്വാതന്ത്ര്യം തന്നാണ് വളർത്തിയത്. പ്രായമാകുമ്പോൾ കുടുംബത്തെ ബുദ്ധിമുട്ടിക്കാതെ വയോമന്ദിരത്തിൽ താമസിക്കണമെന്നതും അദ്ദേഹത്തിന്‍റെ തീരുമാനമായിരുന്നു’ -അവർ പറഞ്ഞുനിർത്തി.

Tags:    
News Summary - K.G. George's daughter Thara K. George shares travel experiences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.