വാസന്തി എവറസ്റ്റ് ബേസ് ക്യാമ്പിൽ

‘തയ്യൽ ജോലിയിലൂടെ മിച്ചം പിടിച്ചും സ്വർണം പണയംവെച്ചും കിട്ടിയ തുകയുമായി ഈ 59കാരി യാത്ര ചെയ്തത് എവറസ്റ്റ് ബേസ് ക്യാമ്പ് വരെ’ -വാസന്തി എന്ന വീട്ടമ്മയുടെ യാത്രയിലേക്ക്

പൗലോ കൊയ്ലോയുടെ ‘ആൽക്കമിസ്റ്റ്’ എന്ന പുസ്തകത്തിലൊരു വാചകമുണ്ട്. നമ്മുടെ ആ​ഗ്രഹം ശക്തമാണെങ്കിൽ അത് സഫലീകരിക്കാൻ ഈ ലോകം മുഴുവൻ നമ്മുടെ കൂടെ നിൽക്കും. ഈ വാക്കുകൾ അന്വർഥമാക്കിയ ഒരു വനിതയുണ്ട് നമ്മുടെ നാട്ടിൽ.

ഒറ്റക്ക് പോയി എവറസ്റ്റ് കണ്ടുവന്ന കണ്ണൂർ ജില്ലയിലെ തൃച്ചംബരം സ്വദേശി വാസന്തി ചെറുവീട്ടിൽ. വേഷ്ടിയുടുത്ത് ഇന്ത്യൻ പതാകയുമേന്തി എവറസ്റ്റ് ബേസ് ക്യാമ്പിനു മുന്നിൽ നിൽക്കുന്ന വാസന്തിയുടെ ചിത്രം ആരും മറന്നുകാണില്ല. സമൂഹമാധ്യമങ്ങളിലൂടെ ഇതിനകം പലർക്കും പരിചിതയാണ് ഈ വീട്ടമ്മയെ.

തയ്യൽ ജോലിയിലൂടെ മിച്ചം പിടിച്ചും സ്വർണം പണയംവെച്ചും കിട്ടിയ തുകയുമായി ഈ 59കാരി എത്തിയത് ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ എവറസ്റ്റ് ബേസ് ക്യാമ്പിലാണ്. കുടുംബത്തിന്‍റെ പൂർണ പിന്തുണയോടെ സ്വയം വിശ്വാസമർപ്പിച്ച് നടത്തിയ ആ യാത്രയുടെ വിശേഷങ്ങൾ വാസന്തി പങ്കുവെക്കുന്നു.

‘അമ്മ പോയിട്ട് വാ’

ആദ്യമായി ഒറ്റക്ക് യാത്ര പോയത് തായ്‍ലൻഡിലേക്കാണ്. കഴിഞ്ഞ വർഷം മേയ് 11നായിരുന്നു അത്. എന്‍റെ കൂടെയുള്ള ചില സ്ത്രീകളോട് ഞാൻ ചോദിച്ചിരുന്നു, നമുക്ക് ഒരുമിച്ച് തായ്‍ലൻഡിലേക്ക് പോയാലോ, താൽപര്യമുണ്ടോ എന്നൊക്കെ.

‘അയ്യോ പെണ്ണുങ്ങളൊക്കെ അങ്ങനെ പോവാൻ പാടില്ല’ എന്നായിരുന്നു കിട്ടിയ മറുപടി. എനിക്കതിനോട് യോജിക്കാനായില്ല. മക്കൾ പൂർണ പിന്തുണ നൽകി. ‘ഒരു പ്രശ്നവുമില്ല, അമ്മ പോയിട്ട് വാ’ എന്ന് പറഞ്ഞു.

ആ ധൈര്യത്തിന്‍റെ പുറത്താണ് ഞാൻ തായ്‍ലൻഡിൽ പോയിവന്നത്. നാലു രാത്രിയും അഞ്ചു പകലുമാണ് അവിടെ ചെലവഴിച്ചത്. അടിപൊളി യാത്രയായിരുന്നു. അവിടെ പോയി വന്നപ്പോഴാണ് വീണ്ടും യാത്ര ചെയ്യാനുള്ള ആത്മവിശ്വാസം കിട്ടിയത്.

വാസന്തി

വളയും മാലയും പണയപ്പെടുത്തി

തായ്ലൻഡ് യാത്രയുടെ തയാറെടുപ്പിന്‍റെ ഭാഗമായി മുമ്പ് യാത്ര പോയിവന്നവരുടെ വിഡിയോകൾ സമൂഹമാധ‍്യമങ്ങളിൽ കാണുമായിരുന്നു. അങ്ങനെയാണ് എവറസ്റ്റ് ബേസ് ക്യാമ്പിനെക്കുറിച്ചുള്ള വിഡിയോ കാണുന്നത്. അതോടെ അവിടെ പോകണമെന്നായി.

കൂടുതൽ അന്വേഷിച്ചപ്പോൾ എനിക്ക് കഴിയുമെന്ന് മനസ്സിലായി. അത്രയും ശക്തമായ ആ​ഗ്രഹമായത് കൊണ്ടാണ് എനിക്കാ വിശ്വാസമുണ്ടായത്.

പിന്നീട് അതിനുള്ള ഒരുക്കമായി. എവറസ്റ്റ് ബേസ് ക്യാമ്പ് യാത്രക്ക് നല്ല തയാറെടുപ്പുകൾ വേണ്ടിവന്നു. ആദ്യം മാനസികമായി തയാറെടുക്കണം. അവിടെ എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് നേരത്തേ മനസ്സിലാക്കി.

അതിനായി മനസ്സിനെ പാകപ്പെടുത്തി. മാത്രമല്ല, ശരീരവും ഫിറ്റായിരിക്കണം. ഒരുപാട് നടക്കാനുള്ളതാണ്. ദിവസവും രാവിലെ ഏഴു മുതൽ 11 വരെ നടക്കും. വൈകീട്ടും അടുത്തുള്ള കുന്നിൻപുറത്ത് ഒന്ന് രണ്ട് മണിക്കൂർ നടക്കും.

ഞാൻ 40 വർഷത്തോളമായി തയ്യൽ ജോലി ചെയ്യുന്നു. ഇതിൽനിന്ന് മിച്ചം പിടിച്ച തുകയാണ് യാത്രകൾക്കായി ഉപയോഗിക്കുന്നത്. എന്നാൽ, എവറസ്റ്റിലേക്കുള്ള യാത്രക്ക് അത് മതിയാകുമായിരുന്നില്ല. അതിനാൽ വളയും മാലയും പണയപ്പെടുത്തിയിരുന്നു. തായ്‍ലൻഡിലേക്ക് 47,000 രൂപയും ബേസ് ക്യാമ്പിലേക്ക് ഒന്നേമുക്കാൽ ലക്ഷം രൂപയുമാണ് ചെലവായത്. തിരിച്ചുവരുമ്പോൾ ഹെലികോപ്ടറിലും കൂടി യാത്ര ചെയ്തത് കൊണ്ടാണ് ചെലവ് കൂടിയത്.


വെല്ലുവിളികളൊന്നും തടസ്സമായിരുന്നില്ല

ഏത് യാത്രക്കിടയിലും വെല്ലുവിളികൾ സാധാരണമാണ് എന്ന ബോധ്യമുണ്ടായിരുന്നു. കാഠ്മണ്ഡുവിൽനിന്ന് ലുക്ളയിലേക്കുള്ള വിമാനം മോശം കാലാവസ്ഥയെതുടർന്ന് റദ്ദാക്കിയിരുന്നു.

എയർപോർട്ടിൽനിന്ന് പരിചയപ്പെട്ട ജർമൻ ദമ്പതികളുടെ കൂടെ റോഡ് മാർഗമാണ് പിന്നെ ലക്ഷ്യസ്ഥാനത്തെത്തിയത്. ബേസ് ക്യാമ്പിലേക്കുള്ള സഞ്ചാരത്തിനിടെ ദിവസവും അവരെന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. നല്ല ശ്രദ്ധയാണ് അവരെനിക്ക് തന്നത്.

അവരുമായി ഇപ്പോഴും ബന്ധമുണ്ട്. അവിടെ തണുപ്പും കയറ്റവും ഇറക്കവുമൊക്കെയുള്ള വഴികളായിരിക്കുമെന്ന് അറിയാമായിരുന്നു. ആ പ്രദേശത്തെ മുൻകൂട്ടി മനസ്സിലാക്കിയതിനാലും അതിനായുള്ള തയാറെടുപ്പുകൾ നടത്തിയതിനാലും അവയൊന്നും തടസ്സമായിരുന്നില്ല.

ദിവസവും ആറേഴ് മണിക്കൂർ നടത്തം

കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് വീട്ടിൽനിന്ന് പുറപ്പെട്ട് മൈസൂരിലെ മകന്‍റെ വീട്ടിൽ എത്തിയ ശേഷം 11നാണ് യാത്ര തുടങ്ങുന്നത്. 15ന് നേപ്പാളിലെ സൂർക്കയിൽനിന്നാരംഭിച്ച ട്രക്കിങ് ദിവസവും ആറേഴ് മണിക്കൂർ നടന്നാണ് പൂർത്തിയാക്കിയത്. 23നാണ് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തുന്നത്. അവിടെയെത്തി കൈയിൽ കരുതിയിരുന്ന വേഷ്ടി ധരിച്ച് ഇന്ത്യൻ പതാകയേന്തി. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു അത്. തിരിച്ച് ലുക്ള വരെ ഹെലികോപ്ടറിലാണ് വന്നത്. കാഠ്മണ്ഡുവും പറ്റാവുന്നത്ര ചുറ്റിക്കറങ്ങി.

‍യാത്രയിൽ പേടിയൊന്നും ഉണ്ടായിരുന്നില്ല. സഹായമനസ്കതയുള്ളവരായിരുന്നു അവിടത്തുകാർ. വഴികാട്ടിയായി ഒരു നായുമുണ്ടായിരുന്നു. പ്രകൃതി പോലെതന്നെ നിഷ്കളങ്കരായ ആൾക്കാരാണവിടെയുള്ളത്.

സുവർണ നിമിഷം

ബേസ് ക്യാമ്പിലെത്തിയപ്പോഴുള്ള വികാരം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. വാക്കുകൾക്കതീതമാണ് ആ നിമിഷങ്ങൾ. ബേസ് ക്യാമ്പിൽനിന്ന് എവറസ്റ്റ് കാണുകയെന്നത് അത്രയും വലിയ ആ​ഗ്രഹമായിരുന്നു. സന്തോഷവും സംതൃപ്തിയുമെല്ലാം ചേർന്ന ജീവിതത്തിലെ ഏറ്റവും മനോഹരമായ സുവർണ നിമിഷങ്ങളായിരുന്നു അത്.

യാത്രകൾ പഠിപ്പിച്ചത്

ഒരുപാട് പേരെ കാണാനും പരിചയപ്പെടാനും സാധിച്ചു. വളരെ ബുദ്ധിമുട്ടി ‍ജീവിക്കുന്നവരുണ്ട് അവിടെ. അതൊക്കെ കാണുമ്പോൾ നമ്മൾ എത്ര ഭാ​ഗ്യവാന്മാരാണെന്ന് തോന്നും. അത്രയും തണുപ്പത്ത് താഴെ നിന്ന് വേണം പല അവശ്യ സാധനങ്ങളും അവർക്ക് മുകളിലെത്തിക്കാൻ. സ്ത്രീകൾക്കും ഒറ്റക്ക് എവിടെയും യാത്ര പോകാം എന്നും മനസ്സിലാക്കി.

അടുത്ത ലക്ഷ്യം ചൈനാ വൻമതിൽ

എവറസ്റ്റ് ബേസ് ക്യാമ്പും ചൈനാ വൻമതിലും കാണണമെന്നത് ഒരുമിച്ച് മനസ്സിൽ മൊട്ടിട്ട ആ​ഗ്രഹങ്ങളായിരുന്നു. ഏത് ആദ്യം പോകുമെന്ന ആലോചനയിൽ കൂടുതൽ റിസ്ക് ഉള്ള ബേസ് ക്യാമ്പ് തെരഞ്ഞെടുത്തു.

വീട്ടമ്മമാരോട് എനിക്ക് പറയാനുള്ളത്, നമ്മൾ യാത്രകൾ പോകാൻ ശ്രമിക്കണം. വീട്ടുകാര്യങ്ങൾ മാത്രം നോക്കി ഒതുങ്ങിപ്പോകരുത്. അവരവരുടെ സാമ്പത്തികശേഷി കൊണ്ട് പറ്റുന്ന രീതിയിൽ യാത്രകൾ ചെയ്ത് തുടങ്ങണം.

മക്കളായ വിനീത്, വിവേക്, മരുമകൾ അശ്വതി, പേരമകൾ വാമിക എന്നിവരടങ്ങുന്ന കുടുംബത്തിന്‍റെ പൂർണ പിന്തുണയുള്ളതിനാൽ ഇനിയും സ്വപ്നങ്ങൾ കീഴടക്കാനുള്ള തയാറെടുപ്പിലാണ് ഈ വീട്ടമ്മ.

Tags:    
News Summary - Travelogue of a housewife named Vasanthi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.