കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിച്ചവരുടെ ആദ്യ സംഘം ബുധനാഴ്ച മുതല്‍ തിരിച്ചെത്തിത്തുടങ്ങും. ആദ്യ സംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് 3.20നാണ് എത്തുക. മദീനയില്‍നിന്നാണ് ഹജ്ജ് സംഘങ്ങളുടെ മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്.
കൊച്ചിയിലേക്കുള്ള മടക്കയാത്ര 26 മുതലും കണ്ണൂരിലേക്കുള്ളത് 30 മുതലും ആരംഭിക്കും. ഹജ്ജിന് പുറപ്പെട്ട അതേ ക്രമത്തിലാണ് മടക്കയാത്രയും. ആദ്യ സംഘത്തെ വരവേല്‍ക്കാനുള്ള ഒരുക്കം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൂര്‍ത്തിയായതായി ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
വൈകീട്ട് 3.20ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തുന്ന സംഘത്തില്‍ 173 പേരാണുണ്ടാകുക. വിമാനത്താവളത്തിലെ നടപടികള്‍ പൂര്‍ത്തിയാക്കി സംസം വിതരണംചെയ്ത ശേഷമായിരിക്കും തീര്‍ഥാടകരെ പുറത്തിറക്കുക. അന്താരാഷ്ട്ര ടെര്‍മിനലിനു മുന്നില്‍ ബന്ധുക്കള്‍ക്ക് ഹാജിമാരെയും ഹജ്ജുമ്മമാരെയും സ്വീകരിക്കാന്‍ പ്രത്യേക ക്രമീകരണമുണ്ടാകും.
തീര്‍ഥാടകര്‍ക്കുള്ള സംസം നേരത്തേതന്നെ വിമാനക്കമ്പനികള്‍ സംസ്ഥാനത്തെ മൂന്നു പുറപ്പെടല്‍ കേന്ദ്രങ്ങളായ വിമാനത്താവളങ്ങളില്‍ എത്തിച്ചിരുന്നു. സംസ്ഥാനത്തുനിന്ന് ഹജ്ജിന് പുറപ്പെട്ട 16,482 തീര്‍ഥാടകരില്‍ 16,474 പേരാണ് ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മടങ്ങിവരുന്നത്. എട്ടു പേര് രണ്ടു തീര്‍ഥാടനവേളയിലും മടക്കയാത്ര ആരംഭിക്കുന്നതിനു മുമ്പായും മരിച്ചിരുന്നു.
കരിപ്പൂരിലേക്ക് ജൂലൈ എട്ടു വരെ 31 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനി ഹാജിമാരുടെ മടക്കയാത്രക്കായി ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയിലേക്കുള്ള 289 പേരടങ്ങുന്ന ആദ്യ സംഘം 26ന് പുലർച്ച 12.15ന് എത്തും. ആദ്യ ദിവസം രണ്ടു വിമാനങ്ങളാണ് കൊച്ചിയിലെത്തുക.
രാവിലെ 6.50നാണ് രണ്ടാമത്തെ വിമാനം. കൊച്ചിയിലേക്കുള്ള ഹാജിമാരെ തിരിച്ചെത്തിക്കാന്‍ ജൂലൈ 10 വരെ സൗദി എയര്‍ലൈന്‍സിന്റെ 23 വിമാനങ്ങള്‍ മദീനയില്‍നിന്ന് സർവിസ് നടത്തും.
കണ്ണൂരിലേക്കുള്ള ആദ്യസംഘം 30ന് വൈകീട്ട് 5.05ന് തിരിച്ചെത്തും. രണ്ടാമത്തെ സംഘം വൈകുന്നേരം 7.55നുമെത്തും. 171 ഹാജിമാര്‍ വീതമാണ് ഇരുവിമാനങ്ങളിലുമുണ്ടാകുക. കണ്ണൂരിലേക്ക് ജൂലൈ 11 വരെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 28 വിമാനങ്ങളാണ് സര്‍വിസ് നടത്തുക. മടക്കയാത്രയുടെ മുന്നൊരുക്കം വിമാനത്താവള അതോറിറ്റിയുടെയും ഹജ്ജ് കമ്മിറ്റി അധികൃതരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.