വനവാസത്തിനിടെ ശ്രീരാമനും സീതയും ലക്ഷ്മണനും ചിത്രകൂടപർവതത്തിലുള്ള വാല്മീകിയുടെ ആശ്രമം സന്ദർശിക്കുന്നുണ്ട്. പർണകുടീരത്തിലെത്തിയ അവരെ ആനന്ദാശ്രുക്കളോടെ, ഭക്ത്യാദരങ്ങളോടെയാണ് വാല്മീകിമഹർഷി സ്വീകരിച്ചാനയിച്ചത്. ധർമം, സത്യം, ഭക്തി, അഹിംസ എന്നിവയിൽ അഗാധവിശ്വാസമുള്ള വാല്മീകി ആദികവിയെന്നതിലുപരി മാനവസംസ്കൃതിയുടെ പ്രാതിനിധ്യമുൾക്കൊള്ളുന്ന ഋഷിയായി അടയാളപ്പെട്ട് നിൽക്കുന്നു. താനുൾക്കൊണ്ട രാമതത്ത്വത്തെ വിസ്തരിച്ചും സ്തുതിച്ചും ചാരിതാർഥ്യമടയുന്ന മുനി തെൻറ മുൻകാലജീവിതത്തിലേക്കും മനസ്സു തുറക്കുന്നുണ്ട്. കൊള്ളയും കൊലയും പിടിച്ചുപറിയുമുൾപ്പെടെ അതിഹീനമായ കർമങ്ങളിലേർപ്പെട്ട് ഒടുവിൽ മുനിയായി മാറിയ സ്വന്തം കഥ!
പ്രചേതസ്സിന്റെ (വരുണന്റെ) പത്താമത്തെ പുത്രനായിരുന്ന രത്നാകരൻ വനത്തിൽ വേട്ടയാടിയും കവർച്ച നടത്തിയുമാണ് ഉപജീവനം കഴിച്ചുപോന്നത്. ഒരിക്കൽ വനത്തിലൂടെ വന്ന സപ്തർഷികളെ അദ്ദേഹം തടഞ്ഞുനിർത്തി. ഇത്തരം പാപപങ്കിലമായ ജീവിതം നയിക്കുന്നതിന്റെ കാരണം മുനിമാർ അന്വേഷിച്ചപ്പോൾ കുടുംബം പുലർത്താനെന്നായിരുന്നു മറുപടി. ‘‘കവർച്ച ചെയ്തുണ്ടാക്കുന്ന സമ്പാദ്യം നീ അവർക്ക് കൊടുക്കുന്നു. നിന്റെ പാപത്തിന്റെ പങ്കും അവർ സ്വീകരിക്കുമോ’’എന്ന് ഋഷിമാർ ചോദിച്ചു. അയാൾ മുനിമാരുടെ ചോദ്യം കുടുംബാംഗങ്ങളോട് ആവർത്തിച്ചു.
"താൻതാൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻതാനനുഭവിച്ചീടുകെന്നേ വരൂ" എന്നാണ് അവരിൽനിന്ന് കിട്ടിയ ഉത്തരം. അതോടെ ചെയ്തുകൂട്ടിയ മഹാപരാധങ്ങളിൽനിന്ന് തന്നെ രക്ഷിക്കണമെന്ന് രത്നാകരൻ മുനിമാരോട് യാചിച്ചു. സപ്തർഷികൾ അദ്ദേഹത്തിന് താരകമന്ത്രം (രാമമന്ത്രം) ഉപദേശിച്ച് അത് നിരന്തരം ജപിക്കാൻ ആവശ്യപ്പെട്ട് മടങ്ങി. ആ മന്ത്രം ജപിച്ച് വർഷങ്ങളോളം അവിടെത്തന്നെ ഇരിപ്പുറപ്പിച്ച അദ്ദേഹം, തന്നെ ചിതൽപ്പുറ്റ് വന്ന് മൂടിയതുപോലും അറിഞ്ഞില്ല. അനേക വർഷങ്ങൾക്കുശേഷം അതുവഴി വന്ന സപ്തർഷിമാർ ആ ചിതൽപ്പുറ്റ് (വാല്മീകം) പിളർന്ന് രത്നാകരനെ പുറത്തുകൊണ്ടു വന്നു. മൂടിയ ചിതൽപ്പുറ്റിൽനിന്ന് പുറത്തെടുത്തതുകൊണ്ടാണ് തനിക്ക് വാല്മീകി എന്ന പേർ സപ്തർഷികൾ നൽകിയതെന്ന് പറഞ്ഞ് അദ്ദേഹം സ്വചരിതം ഉപസംഹരിച്ചു.
കർമത്തിന്റെ ഗതിവിഗതികൾ, അതിന്റെ ഫലങ്ങളുരുത്തിരിയൽ എന്നിവ ഈ പ്രപഞ്ചത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ഏത് ചലനവും അനേകം ഘടകങ്ങളുമായി പ്രതിപ്രവർത്തിച്ച് ഉറവിടത്തിലേക്ക് തിരിച്ചെത്തും. പിൽക്കാലത്ത് ശ്രീരാമപുത്രന്മാരായ ലവകുശന്മാരെ വാല്മീകിയുടെ ഇതേ ആശ്രമത്തിലാണ് സീത പ്രസവിക്കുകയും വളർത്തുകയും ചെയ്യുന്നത്. അതിനാൽ, ഈ സന്ദർശനം ഭാവിയിലെ സംഭവവികാസങ്ങൾക്കും ഗതിവിഗതികൾക്കും വലിയ പങ്ക് വഹിക്കുന്നതായി കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.