രാമായണത്തിലെ നിർണായക വഴിത്തിരിവിനിടയാക്കുന്ന ഒരു കഥാപാത്രമാണ് ശൂർപ്പ(മുറം)ത്തോളം വലിയ നഖമുള്ള, മായാവിദ്യകളിൽ അഗ്രഗണ്യയായ ശൂർപ്പണഖ.വിശ്രവസ്സിെൻ്റയും കൈകസിയുടെയും പുത്രിയായ അവർ രാവണ ന്റെ സഹോദരിയുമായിരുന്നു. കാലകേയന്മാരുമായുള്ള യുദ്ധത്തിൽ രാവണൻ അബദ്ധവശാൽ വധിച്ച വിദ്യുജ്ജിഹ്വനായിരുന്നു ശൂർപ്പണഖയുടെ ഭർത്താവ്.
തനിക്കിഷ്ടമുള്ളയാളെ ഭർത്താവായി ലഭിക്കുന്നതിന് ഈ ലോകം മുഴുവൻ അന്വേഷിച്ചിട്ടും എങ്ങും കണ്ടെത്താനായില്ല. രാമലക്ഷ്മണന്മാരും സീതയും ദണ്ഡകാരണ്യത്തിലെത്തിയ വിവരം അറിഞ്ഞപ്പോൾ ശൂർപ്പണഖ അവരെ നേരിട്ടു കാണാൻ തീരുമാനിച്ചു (സുന്ദരവേഷത്തോടെ മന്ദഹാസം പൊഴിച്ചാണ് അവരുടെ മുന്നിൽ എത്തിയതെന്ന് അധ്യാത്മരാമായണം കിളിപ്പാട്ടിൽ എഴുത്തച്ഛൻ). ശ്രീരാമനെ കണ്ട മാത്രയിൽതന്നെ അവൾ സ്വയം പരിചയപ്പെടുത്തി അഭിലാഷം അറിയിച്ചു. താൻ വിവാഹിതനും ഭാര്യാസമേതനുമാണെന്നും പറഞ്ഞ് രാമൻ ശൂർപ്പണഖയെ ലക്ഷ്മണനടുത്തേക്ക് വിട്ടു.
ലക്ഷ്മണനാവട്ടെ ശ്രീരാമദാസനാണ് താനെന്നും സുന്ദരിയായ അവൾ ദാസിയാകാൻ യോഗ്യയല്ലെന്നും എല്ലാം തുറന്നറിയിച്ചാൽ രാമൻ സ്വീകരിക്കുമെന്നും പറഞ്ഞ് അവളെ രാമനരികിലേക്ക് അയച്ചു. തന്നെ ശുശ്രൂഷിക്കാൻ നിലവിൽ ഒരാളുണ്ടെന്നും അതുകൊണ്ട് ലക്ഷ്മണനെ സമീപിക്കുന്നതാകും ഉചിതമെന്നും അറിയിച്ച് രാമൻ ശൂർപ്പണഖയെ വീണ്ടും ലക്ഷ്മണന്റെ അടുത്തേക്കയച്ചു. തനിക്ക് ശൂർപ്പണഖയിൽ ഒരാഗ്രഹവുമില്ലെന്നറിയിച്ച ലക്ഷ്മണൻ ഒരിക്കൽക്കൂടി ജ്യേഷ്ഠനെ കാണാൻ അവളോട് ആവശ്യപ്പെട്ടു.
രാമനോട് പലതരത്തിൽ അപേക്ഷിച്ചിട്ടും തന്റെ കാമിതം നടക്കാത്തതിൽ ശൂർപ്പണഖയ്ക്ക് കടുത്ത ഇച്ഛാഭംഗവും കോപതാപങ്ങളുമുണ്ടായി. എല്ലാറ്റിനും കാരണമെന്നുറപ്പിച്ച സീതയ്ക്കുനേരെ അവൾ അലറിയടുത്തു. ഇതുകണ്ട ലക്ഷ്മണൻ രാമന്റെ നിർദേശമനുസരിച്ച് ശൂർപ്പണഖയുടെ മൂക്കും മുലകളും വാളാൽ മുറിച്ചു. ഇതാണ് സീതാപഹരണം ഉൾപ്പെടെ സംഭവവികാസങ്ങളുടെയെല്ലാം തുടക്കം.
ശൂർപ്പണഖയുടെ അടങ്ങാത്ത കാമനകളെ ഇങ്ങനെ പ്രതീക്ഷാനിർഭരമാക്കിയതുകൊണ്ടാണ് അവൾ പ്രകോപിതയായത്. ശൂർപ്പണഖയിലെ തടയപ്പെട്ട കാമം േക്രാധമായും അതു പടിപടിയായി ഉയർന്ന് ബുദ്ധിനാശമായും പരിണമിച്ചു. അംഗച്ഛേദത്തെത്തുടർന്ന് ഖരൻ, ദൂഷണൻ, ത്രിശിരസ്സ് തുടങ്ങിയവരെ ചേർത്ത് പ്രതികാരം ചെയ്യാൻ പരിശ്രമിച്ചതിനെ തുടർന്നുണ്ടായ യുദ്ധത്തിൽ രാമൻ വലിയൊരു രാക്ഷസപ്പടയെയാണ് കൊന്നൊടുക്കിയത്. തോൽവി സമ്മതിക്കാതെ രാവണനരികിൽച്ചെന്ന് അതുവരെയുണ്ടായതെല്ലാം വിസ്തരിക്കുന്നു. ഇതിനെ തുടർന്നാണ് രാവണൻ സീതാപഹരണത്തിന് പദ്ധതിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.