രാമായണത്തിലെ ബാലകാണ്ഡത്തിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീകഥാപാത്രമാണ് താടക. കരുത്തും ക്രൂരതയും കാണിച്ച് തപസ്വികളെയും ബ്രാഹ്മണരെയും ഭീതിയിലാഴ്ത്തിയ, അധർമ പ്രതീകമെന്ന തരത്തിലാണ് അവരെ അവതരിപ്പിക്കുന്നത്. കാമരൂപിണിയായ താടക വാഴുന്ന കാട്, അവളെപ്പേടിച്ച് ആരും നേർവഴി നടക്കില്ല എന്നിങ്ങനെയുള്ള സൂചനകളിലൂടെ വിശ്വാമിത്രൻ രാമലക്ഷ്ണന്മാർക്ക് പരിചയപ്പെടുത്തുന്നത് അധ്യാത്മരാമായണത്തിൽ വായിക്കാം. അവരുടെ കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും ദാരുണമായ ജീവിതയാഥാർഥ്യങ്ങളിൽനിന്നാണ് ഉരുത്തിരിയുന്നത്.
സുരക്ഷന്റെ പുത്രനായ സുകേതു എന്ന യക്ഷന് ബ്രഹ്മ്മാവിന്റെ പ്രസാദത്താൽ ജനിച്ച പുത്രിയാണ് താടക. ആയിരം ആനയുടെ കരുത്തുള്ള അവർക്ക് മായാസിദ്ധികളുണ്ടായിരുന്നു. ഝർഝരപുത്രനായ സുന്ദനെ വിവാഹം കഴിച്ച അവർക്ക് മാരീചൻ, സുബാഹു എന്നീ പുത്രന്മാർ ഉണ്ടായി. ഒരിക്കൽ മദോന്മത്തനായി അഗസ്ത്യമുനിയുടെ ആശ്രമം ആക്രമിച്ച സുന്ദൻ അദ്ദേഹത്തിന്റെ കോപാഗ്നിയിൽ വെന്തെരിഞ്ഞു. വിവരമറിഞ്ഞ താടകയും മക്കളും അഗസ്ത്യമുനിയുടെ നേരെ തിരിഞ്ഞു. അഗസ്ത്യൻ അവരെ ശപിച്ച് രാക്ഷസരാക്കി. ഘോരരൂപികളായിത്തീർന്ന അവർ പാതാളത്തിലും പിന്നീട് രാവണനോടൊത്ത് ലങ്കയിലും താമസിച്ചു. രാവണ സഹായത്തോടെ കരൂഷം എന്ന പ്രദേശത്തെ കൊടുങ്കാട് കൈവശപ്പെടുത്തിയ താടക മക്കൾക്കൊപ്പം അവിടെയാണ് വാസമുറപ്പിച്ചത്. തപസ്വികളെയും
ബ്രാഹ്മണരെയും എവിടെക്കണ്ടാലും അവർ ആക്രമിക്കാനും വകവരുത്താനും തുടങ്ങി. ക്രമേണ അഗസ്ത്യനും മുനിമാർക്കും ആ വനം വിട്ടുപോകേണ്ടിവന്നു. പിന്നീടത് ആരും കടന്നുചെല്ലാൻ ഭയപ്പെടുന്ന താടകാവനമായി മാറി. ഇതിനെല്ലാമൊരു പരിഹാരം കാണാൻ രാമലക്ഷ്മണന്മാരുടെ സഹായം ആവശ്യപ്പെട്ടാണ് വിശ്വാമിത്ര മഹർഷി അയോധ്യയിൽ ചെന്നത്. കുലഗുരു വസിഷ്ഠമഹർഷിയുടെ നിർദേശമനുസരിച്ച് ദശരഥ മഹാരാജാവ് രാമലക്ഷ്മണന്മാരെ വിശ്വാമിത്രന് വിട്ടുകൊടുത്തു. ആ വനത്തെക്കുറിച്ചും താടകയെക്കുറിച്ചുമൊക്കെ വിവരിക്കെ ഘോരരൂപിണിയായ അവൾ അവർക്ക് മുന്നിലെത്തി.
ഭയങ്കരിയും ദുർവൃത്തയും ദുഷ്ടപരാക്രമിയുമായ താടകയെ പശുവിന്റെയും ബ്രാഹ്മണരുടെയും ഹിതം പരിപാലിക്കുന്നതിനായി വധിക്കാനാണ് വിശ്വാമിത്രൻ ശ്രീരാമനോട് ആവശ്യപ്പെട്ടത്. സ്ത്രീകളെ വധിക്കാമോ എന്ന ശങ്കക്ക് അവകാശമില്ലെന്നും ചാതുർവർണ്യധർമത്തിന്റെ പരിപാലനത്തിനായി വധിക്കുന്നത് നിഷ്കരുണമോ അല്ലയോ എന്നൊന്നും ആലോചിക്കേണ്ടതില്ലെന്നും പ്രജാരക്ഷണാർഥം ഏതു കർത്തവ്യവും ഏറ്റെടുക്കേണ്ടതാണെന്നും വിശ്വാമിത്രൻ ശ്രീരാമനെ ഉദ്ബോധിപ്പിച്ചു.
താടക കൊല്ലപ്പെട്ട വിവരമറിഞ്ഞ് മക്കളായ സുബാഹുവും മാരീചനും രാക്ഷസപ്പടയോടെ യാഗഭൂമിയിൽ എത്തിച്ചേർന്നു. രക്തവൃഷ്ടിയും മറ്റും നടത്തി യാഗം മുടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇതുകണ്ട് ശ്രീരാമൻ തൊടുത്ത രണ്ട് ബാണങ്ങളിൽ ഒന്ന് സുബാഹുവിനെ വകവരുത്തി. മറ്റൊന്ന് മാരീചനുനേരെ കുതിച്ചു. തന്നെ പിന്തുടരുന്ന രാമബാണത്തിൽനിന്ന് രക്ഷനേടാൻ ഗത്യന്തരമില്ലാതെ മാരീചൻ ശ്രീരാമനെത്തന്നെ ശരണം പ്രാപിച്ചു. ഒടുവിൽ മാരീചൻ അദ്ദേഹത്തിന്റെ ഭക്തനായിത്തീരുകയാണുണ്ടായത്. ശേഷിച്ച രാക്ഷസസേനയെ ലക്ഷ്മണൻ കൊന്നൊടുക്കി. താടകാനിഗ്രഹത്തോടെയാണ് ശ്രീരാമൻ അവതാരോദ്ദേശ്യങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.