ധർമത്തിന് ഗ്ലാനി സംഭവിക്കുകയും അധർമത്തിന് ശക്തി വർധിക്കുകയും ചെയ്യുന്ന സമയത്താണ് അവതാരങ്ങൾ സംഭവിക്കുന്നതെന്ന് ഭഗവദ്ഗീത പറയുന്നു. ദുഷ്ട ശിക്ഷണം, ശിഷ്ടരക്ഷണം, ധർമസ്ഥാപനം എന്നിവയാണ് അവതാരലക്ഷ്യങ്ങൾ എന്ന് ഗീതയെ മുൻനിർത്തി സംക്ഷേപിക്കാം. അനാദിയായ ഈശ്വരസന്ദേശങ്ങൾ പ്രചരിപ്പിക്കാനും പ്രവർത്തിപ്പിക്കാനും നിയുക്തരായ പ്രവാചകന്മാരും ഋഷികളും മുനിമാരും ബോധിസത്വന്മാരും ഒരർഥത്തിൽ അവതാരങ്ങൾതന്നെയാണ്.
മനുഷ്യൻ പരിണാമത്തിന്റെ പടവുകൾ കയറി ഏത് ഉത്കൃഷ്ടമായ അവസ്ഥയിലാണോ എത്തേണ്ടത് അവിടെനിന്നുള്ള അവരോഹണമാണ് അവതാരഗുരുക്കന്മാർ എന്നാണ് മഹർഷി അരബിന്ദോയുടെ അഭിപ്രായം. കാരുണ്യം, ത്യാഗം, സേവനം, നന്മ, സ്നേഹം, ജ്ഞാനം തുടങ്ങിയ സവിശേഷതകൾ ഏത് മഹാത്മാവിൽ വർത്തിക്കുന്നുവോ അയാൾ അവതാരംതന്നെയാണെന്നാണ് വിവേകാനന്ദ സ്വാമികൾ വിശേഷിപ്പിച്ചത്.
രാക്ഷസന്മാരുടെ അതിക്രമങ്ങളിൽ മനംനൊന്ത ഭൂമീദേവി പശുരൂപമെടുത്ത് സത്യലോകത്തിൽ ചെന്ന് ബ്രഹ്മാവിനോട് പരാതി ബോധിപ്പിച്ചു. ബ്രഹ്മാവ് അവരെയും കൂട്ടി വൈകുണ്ഠത്തിലെത്തി. യോഗനിദ്രയിൽനിന്നുണർന്ന വിഷ്ണുഭഗവാൻ അയോധ്യാധിപനായ ദശരഥന്റെ പുത്രനായി ശ്രീരാമൻ എന്ന പേരിൽ താൻ ഭൂമിയിൽ അവതരിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും രാവണാദികളായ രാക്ഷസന്മാരെ നിഗ്രഹിച്ച് ദുരിതങ്ങൾക്കെല്ലാം അറുതിവരുത്തുമെന്നും വാക്കുകൊടുത്തു.
തുടർന്നാണ് മക്കളില്ലാത്ത ദുഃഖം അനുഭവിക്കുന്ന ദശരഥൻ ഋശ്യശൃംഗമഹർഷിയെ അയോധ്യയിൽ വരുത്തി പുത്രകാമേഷ്ടിയാഗം നടത്തുന്നതും അതിലൂടെ ലഭിച്ച പായസം അദ്ദേഹത്തിന്റെ ഭാര്യമാർക്ക് നൽകി സന്താനലബ്ധിയുണ്ടാകുന്നതും. ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്നന്മാർ ഭൂമിയിൽ അവതരിക്കുന്നത് അങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.