വിഷ്ണുവിന്റെ ആറാം അവതാരമാണ് ജമദഗ്നിയുടെയും രേണുകയുടെയും പുത്രനായ പരശുരാമൻ. രാമായണത്തിൽ അയോധ്യാകാണ്ഡത്തിലാണ് അദ്ദേഹം വരുന്നത്. സീതാസ്വയംവരം കഴിഞ്ഞ് അയോധ്യയിലേക്ക് മടങ്ങുന്ന വിവാഹസംഘത്തിനുമുന്നിൽ ചുമലിൽ ചായ്ച്ചുവെച്ച പരശുവും കൈയിൽ വില്ലും ശരങ്ങളുമേന്തിയാണ് വരവ്. ക്ഷത്രിയകുലത്തെ മുച്ചൂടും മുടിച്ച അദ്ദേഹത്തെക്കണ്ട് എല്ലാവരും ഭയപ്പെട്ടു.
‘‘ഞാനൊഴിഞ്ഞുണ്ടോ രാമൻ ഇത്ത്രിഭുവനത്തിങ്കൽ’’ എന്ന് ചോദിച്ചാണ് അദ്ദേഹം ശ്രീരാമനോട് തട്ടിക്കയറിയത്. തന്റെ ഗുരുവായ പരമശിവന്റെ ചാപമൊടിച്ചുവരുന്ന രാമൻ ക്ഷത്രിയകുലത്തിൽ ജനിച്ചവനെങ്കിൽ കൈവശമുള്ള വൈഷ്ണവചാപം പ്രയോഗിച്ചുകാണിച്ച് തന്നോട് യുദ്ധം ചെയ്യണമെന്നും അല്ലെങ്കിൽ കൂടെയുള്ളവരെയെല്ലാം കൊന്നൊടുക്കുമെന്നും പരശുരാമൻ ആക്രോശിച്ചു.
‘അങ്ങയെപ്പോലുള്ള മഹാനുഭാവന്മാർ തന്നെപ്പോലുള്ള ബാലന്മാരോട് ഇങ്ങനെ തുടങ്ങിയാൽ അവർക്ക് മറ്റാശ്രയമെന്താണുള്ളത്... എന്നിങ്ങനെ സൗമ്യമന്ദഹാസത്തോടെയാണ് ശ്രീരാമൻ അതിനോട് പ്രതികരിച്ചത്. തുടർന്ന് പരശുരാമനിൽനിന്ന് വൈഷ്ണവചാപംവാങ്ങി അതിൽ ബാണം തൊടുത്തശേഷം ലക്ഷ്യം കാണിച്ചുതരാൻ ആവശ്യപ്പെട്ടപ്പോൾ, തന്റെ തപസ്സിന്റെ ഫലം ബാണത്തിന്റെ ലക്ഷ്യമാക്കിക്കൊള്ളാൻ പരശുരാമൻ ആവശ്യപ്പെട്ടു. ഒടുവിൽ കുലച്ചവില്ലിനും തൊടുത്തബാണത്തിനും പുറമെ തന്റെ വൈഷ്ണവമായ തേജസ്സും ഓജസ്സുമെല്ലാം ശ്രീരാമന് സമർപ്പിച്ച് ഭൃഗുരാമൻ മഹേന്ദ്രപർവതത്തിലേക്ക് തപസ്സിനുപോവുകയാണുണ്ടായത്.
വിഷ്ണുവിന്റെ രണ്ടവതാരങ്ങളാണ് ഇരുവരും. തന്റെ പ്രാപ്തിയിലും മികവിലും അഭിമാനവും അഹങ്കാരവുമുള്ള പരശുരാമൻ പ്രായവും അറിവും അനുഭവവുംകൊണ്ട് ശ്രീരാമന് മുകളിലാണ്. ആദർശധീരതയും ത്യാഗവും സഹിഷ്ണുതയും ചേർന്ന വ്യക്തിവൈശിഷ്ട്യമാണ് ശ്രീരാമൻ. കരുത്തും വിവേകവും വിനയാദിഗുണങ്ങളും തമ്മിലുള്ള സാമ്യാവസ്ഥയുടെ മൂർത്തീകരണമാണ് അദ്ദേഹം.
സ്വായത്തമാക്കിയ അറിവിന്റെ സ്വരൂപം, സ്വഭാവം, ഗുണനിലവാരം, പ്രയോഗം, ഉദ്ദേശ്യലക്ഷ്യങ്ങൾ എന്നിവക്ക് പുറമെ അവയുടെ ആചരണത്തിലുള്ള അന്തരമാണ് ഒരേ അംശത്തിലുള്ള അവരെ വ്യത്യസ്തരാക്കുന്നത്. നാം എന്തെല്ലാം നേടിയെടുത്തു എന്നതിലുപരി അവ എത്രത്തോളം ഉൾക്കൊണ്ടു, അത് സമയോചിതമായും ഫലപ്രദമായും എങ്ങനെ വിനിയോഗിക്കുന്നു, അത് നമുക്കും നമ്മുടെ ചുറ്റുപാടുകൾക്കും എത്രത്തോളം സൗഖ്യവും സ്വാസ്ഥ്യവും ക്ഷേമവും ഉറപ്പാക്കുന്നു എന്നതാണ് സുപ്രധാനമെന്ന് ഇതിൽനിന്ന് വ്യക്തമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.