ഭാരതീയ സംസ്കൃതി ലോകത്തിന് സമ്മാനിച്ച വൈശിഷ്ട്യമാർന്ന ഇതിഹാസകൃതികളാണ് രാമായണവും മഹാഭാരതവും. പുരുഷാർഥങ്ങളായ ധർമാർഥകാമമോക്ഷങ്ങളെ ഉപദേശിക്കുന്ന, പാരമ്പര്യോപദേശരൂപേണ ഇപ്രകാരം ഇവിടെ സംഭവിച്ചിരിക്കുന്നു എന്ന നിലയിൽ ആഖ്യാനം ചെയ്യുന്ന കൃതികളെയാണ് ഇതിഹാസം എന്ന് വിളിക്കുന്നത്. ചരിത്രത്തിന്റെ അടരുകളും രേഖാപടങ്ങളും ഇതിഹാസങ്ങളിൽ കണ്ടേക്കാമെങ്കിലും അവ ആധികാരികമായ ചരിത്രരേഖകളല്ല.
ആദികാവ്യമായ രാമായണത്തിന്റെ കർത്താവ് വാല്മീകിമഹർഷിയാണ്. വേട്ടയാടിയും കവർച്ച നടത്തിയും മുന്നോട്ടുപോയ ഒരു ജീവിതത്തിൽ നിന്ന് ചിതൽപ്പുറ്റ് മൂടിയതുപോലുമറിയാതെ അനേകം വർഷങ്ങൾ രാമമന്ത്രം ജപിച്ച് ആത്മസംസ്കരണത്തിന് വിധേയനായ അദ്ദേഹത്തിന് സപ്തർഷിമാരാണ് വാല്മീക(ചിതൽപ്പുറ്റ്)ത്തിൽ(നിന്ന്) ഭവിച്ചവൻ എന്ന അർഥത്തിൽ വാല്മീകി എന്ന പേര് നൽകിയത്.
ഒരിക്കൽ ശിഷ്യൻ ഭരദ്വാജനോടൊപ്പം തമസാനദിയിൽ കുളിക്കാനെത്തിയതായിരുന്നു വാല്മീകി. കൊക്കുരുമ്മി നിൽക്കുന്ന ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ ലക്ഷ്യമാക്കി ഒരു വേടൻ വില്ലുകുലച്ചുനിൽക്കുന്നത് അദ്ദേഹത്തിന്റെകണ്ണിൽപ്പെട്ടു. ‘മാ നിഷാദാ’ (അരുത് കാട്ടാളാ) എന്ന് പറഞ്ഞു തടയുമ്പോഴേക്കും അയാൾ അമ്പയച്ചു കഴിഞ്ഞിരുന്നു. അമ്പേറ്റ് ചോരയിൽ കുളിച്ച് ചിറകിട്ടടിക്കുന്ന ഇണയുടെ ചുറ്റും പറന്ന് പെൺപക്ഷി കരയുന്നത് കണ്ട മുനിയിൽനിന്ന് തന്ത്രീലയസമന്വിതമായ, തുല്യ അക്ഷരങ്ങളോടും നാലുവരികളോടും കൂടിയ ശ്ലോകം പുറപ്പെട്ടു.
മാ നിഷാദഃ പ്രതിഷ്ഠാം ത്വ–മഗമശ്ശാശ്വതീ സമാഃയത് ക്രൗഞ്ചമിഥുനാദേക–മവധീഃ കാമമോഹിതം
(അരുത് കാട്ടാളാ, കാമമോഹിതരായ ഇണക്കിളികളിലൊന്നിനെ കൊന്ന നീ ഭൂമിയിൽ ശാശ്വതമായ പ്രതിഷ്ഠ നേടാതെ പോകട്ടെ!) എന്നാണത്. നിസ്സാരമെന്ന് വിലയിരുത്തുന്ന ഒരു കിളിയുടെ ജീവനെടുത്തവനോടുപോലും അദ്ദേഹത്തിന്റെ കവിത്വ(ഋഷിത്വം)ത്തിന് പൊറുക്കാനാകുന്നില്ല. ആ നൊമ്പരത്തിന്റെ പിടച്ചിൽ കണ്ണീർക്കടലായി പരന്നതിന് രാമേതിഹാസം തന്നെ സാക്ഷ്യം.
ആദികവിയിൽനിന്ന് പൊട്ടിപ്പുറപ്പെട്ട അവസാനമില്ലാത്ത ചുടുകണ്ണീരാണ് കാണ്ഡങ്ങൾ പുരോഗമിക്കുന്തോറും രാമായണത്തിൽ വെളിപ്പെടുന്നത്. ശ്രീരാമനുൾപ്പെടെയുള്ള വിവിധ കഥാപാത്രങ്ങൾ അനുഭവിച്ച ദുഃഖവും ദുരിതങ്ങളും ദുരന്തങ്ങളും അതിൽ ഹൃദയസ്പർശിയായി ചിത്രീകരിച്ചിരിക്കുന്നു.
കൗമാരം മുതൽ ശത്രുനിഗ്രഹത്തിന് സ്വയമർപ്പിച്ച ജന്മം, പിതാവിന്റെ വാക്ക് പാലിക്കാൻ മാതാപിതാക്കളെയും ബന്ധുമിത്രാദികളെയും ഭൗതികമായ സുഖസൗകര്യങ്ങളെയും വെടിഞ്ഞുകൊണ്ടുള്ള വനവാസം, അതിനിടെ സ്വപത്നിയുമായുള്ള വേർപാട്, അവരെ കണ്ടെത്തി തിരിച്ചെടുക്കാൻ നടത്തേണ്ടിവന്ന രക്തച്ചൊരിച്ചിലും ആൾനാശവും, സ്വന്തം ഭാര്യയുടെ പാതിവ്രത്യം തെളിയിക്കുന്നതിനുള്ള അഗ്നിപരീക്ഷ, അവരെ എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യം, സഹോദരങ്ങളുടെ വേർപാട്, ഒടുവിൽ സരയൂ നദിയിലേക്കിറങ്ങിയുള്ള പ്രാണത്യാഗം.
ഇങ്ങനെ ആദികവിയിൽനിന്ന് ഇറ്റിയിറങ്ങിയ കണ്ണീർപ്പുഴയിൽ ആത്മാർപ്പണം ചെയ്യുന്ന കഥാനായകനും ഹൃദയനൊമ്പരത്തിന്റെ ജലപാതത്തിൽ അന്തർധാനം ചെയ്യുന്ന കഥാനായികയും അതിന്റെ ചുഴിമലരികളിൽപ്പെട്ടുഴലുന്ന മറ്റനേകം കഥാപാത്രങ്ങും സംഭവപരമ്പരകളുമെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത് കണ്ണീരിന്റെ അവസാനിക്കാത്ത ഈ കാവ്യസഞ്ചാരത്തെത്തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.