രാമായണങ്ങൾ എത്രയുണ്ട് എന്ന ചോദ്യത്തിന് ഉത്തരമേകുന്ന രസകരമായൊരു അർഥവാദകഥയുണ്ട്. ഒരിക്കൽ രാജസിംഹാസനത്തിലിരിക്കുന്ന ശ്രീരാമന്റെ മോതിരം താഴെവീണു. ഭൂമി തുരന്ന് അത് പാതാളത്തിലെത്തി. മോതിരം കണ്ടെത്താൻ ഹനുമാൻ നിയുക്തനായി. പാതാളത്തിലെത്തിയ സൂക്ഷ്മരൂപിയായ ഹനുമാനെ അവിടത്തെ ഭൂതരാജാവ് തടുത്തപ്പോൾ അദ്ദേഹം രാമനാമം ജപിക്കാൻ തുടങ്ങി.
പിന്നീട് വന്ന കാര്യം വെളിപ്പെടുത്തി. അപ്പോൾ ഭൂതരാജാവ് വലിയൊരു തളികയിൽ ആയിരക്കണക്കിന് മോതിരങ്ങളുമായി വന്നു. രാമാവതാരത്തിന്റെ അവസാനകാലത്ത് വീഴുന്ന മോതിരങ്ങളാണ് ഈ തളികയിലുള്ളതെന്നും തിരികെ ചെല്ലുമ്പോൾ ഹനുമാനെ പറഞ്ഞുവിട്ട ആ രാമന്റെ അവതാരവും അവസാനിച്ചിരിക്കുമെന്നും പറഞ്ഞ് മടക്കി അയച്ചുവത്രെ.
കാവ്യേതിഹാസമായ രാമായണത്തിന് വിവിധ ദേശ–കാല–ഭാഷകളിൽ അനേകം പരിഭാഷകളും പാഠങ്ങളും ആഖ്യാനങ്ങളുമുണ്ട്. ചൈന, ലാവോസ്, കംബോഡിയ, ജപ്പാൻ, തായ്ലൻഡ്, തിബത്ത് തുടങ്ങിയ വിവിധ രാജ്യങ്ങൾ വൈവിധ്യാത്മകവും വൈചിത്യ്രപൂർണവുമായാണ് അതിനെ സ്വാംശീകരിച്ചിരിക്കുന്നത്.
അതുകൊണ്ടാണ് അധ്യാത്മരാമായണം സംസ്കൃത മൂലകൃതിയിൽ ‘‘പല പണ്ഡിതരിൽനിന്നും രാമായണങ്ങൾ പലതും ശ്രുതിപ്പെട്ടിട്ടുണ്ട്’’ (രാമായണാനി ബഹുശഃ/ശ്രുതാനി ബഹുഭിർ ദ്വിജൈഃ–അധ്യാത്മരാമായണം–2.4.77) എന്ന് പറഞ്ഞിരിക്കുന്നത്. ‘‘രാമായണങ്ങൾ പലവും കപിവര–/രാമോദമോടു പറഞ്ഞുകേൾപ്പുണ്ടുഞാൻ’’ എന്ന് അധ്യാത്മരാമായണം കിളിപ്പാട്ടിൽ തുഞ്ചത്താചാര്യൻ സീതയിലൂടെ പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ഹനുമാൻ മുഖ്യകഥാപാത്രമാകുന്ന വ്യൂ ചെങ്–എൻ രചിച്ച ഹിഷിയൂച്ചി രാമായണം, ബോധിസത്വൻ കഥാനായകനായി വരുന്ന രാമായണം, ജംബുദ്വീപിൽ ഭരണം നടത്തിയ ദശരഥമഹാരാജാവിന്റെ കഥ പറയുന്ന രാമായണം എന്നിവ ചൈനയിൽ പ്രചാരത്തിലുണ്ട്.
നിഴൽനാടകമായും പാവനാടകമായും രംഗത്തവതരിപ്പിക്കാറുള്ള രാമകീർത്തിയെന്ന കംേബാഡിയൻ രാമായണം, ഹനുമാന് വിചിത്രജന്മമേകുന്ന ലാവോസിന്റെ രാമായണം, കേൾവിയിലൂടെയും വായനയിലൂടെയും രാമനെപ്പോലെ വിജയം വരിക്കാനാകുമെന്ന് തദ്ദേശീയർ വിശ്വസിക്കുന്ന ഇന്തോനേഷ്യൻ രാമായണം, ഫിലിപ്പൈൻസിലെ ഗോത്രവർഗക്കാർക്കിടയിലെ മലയൻ രാമായണം എന്നിവ വിദേശ രാമായണങ്ങളിൽ ചിലതാണ്.
നമ്മുടെ മലയാള ഭാഷയിൽ ചീരാമകവിയെഴുതിയ രാമചരിതം, അയ്യിപ്പിള്ള ആശാന്റെ രാമകഥപ്പാട്ട്, കണ്ണശ്ശരാമായണം, തുഞ്ചത്തെഴുത്തച്ഛൻ രചിച്ച അധ്യാത്മരാമായണം കിളിപ്പാട്ട് എന്നിവ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ഗതിവിഗതികൾ നിർണയിച്ച കൃതികളാണ്. വയനാടൻ ചെട്ടിരാമായണം, വയനാടൻ സീതായനം, കുട്ടോത്ത് മുസ്ലിയാർ എഴുതിയതെന്ന് കരുതപ്പെടുന്ന മാപ്പിളരാമായണം എന്നിവ നാടോടി രാമായണങ്ങളിൽപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.