ബംഗളൂരു ടെക് സമ്മിറ്റിന് മുന്നോടിയായി ബംഗളൂരുവിൽ നടന്ന ചടങ്ങിൽ കര്‍ണാടകയുടെ ടെക് പുരോഗതി റിപ്പോര്‍ട്ട് പുറത്തിറക്കിയപ്പോൾ
ബംഗളൂരു: കര്‍ണാടക സര്‍ക്കാറിന് കീഴിൽ സംഘടിപ്പിക്കുന്ന 28ാമത് ബംഗളൂരു ടെക് സമ്മിറ്റ് (ബി.ടി.എസ്) ‘ഫ്യൂച്ചറൈസ്’ എന്ന പ്രമേയത്തിൽ നവംബര്‍ 18 മുതല്‍ 20 വരെ തുമകൂരു റോഡിലെ ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കും. മുൻവർഷങ്ങളിൽ ബംഗളൂരു പാലസായിരുന്നു വേദി. ലോകോത്തര സൗകര്യങ്ങളോടുകൂടിയ, പരിസ്ഥിതി സൗഹൃദവും വിപുലവുമായ പ്രദര്‍ശന ഹാളുകള്‍, ആധുനിക കോണ്‍ഫറന്‍സ് സൗകര്യങ്ങള്‍, ‘നമ്മ മെട്രോ’ വഴിയുള്ള കണക്ഷൻ എന്നിവ പരിഗണിച്ചാണ് വേദിമാറ്റം.
20,000ത്തിലധികം സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, ആയിരത്തിലധികം നിക്ഷേപകര്‍, 15,000ത്തിലധികം പ്രതിനിധികള്‍, 1200ലധികം എക്സിബിറ്റര്‍മാര്‍ തുടങ്ങി ഒരു ലക്ഷത്തിറെ പേർ സമ്മിറ്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 100ലധികം അറിവ് സെഷനുകള്‍, 5000ത്തിലധികം മീറ്റിങ്ങുകള്‍ എന്നിവയും സമ്മിറ്റിന്റെ ഭാഗമായി നടക്കും. ടെക് സമ്മിറ്റിന് മുന്നോടിയായി വിവിധ ടെക് കമ്പനികളുടെ സി.ഇ.ഒമാരുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ കര്‍ണാടകയുടെ ടെക് പുരോഗതി റിപ്പോര്‍ട്ട് പുറത്തിറക്കി.
44 ശതമാനം സോഫ്റ്റ്വെയര് കയറ്റുമതിയും 18,300ലധികം സ്റ്റാര്‍ട്ടപ്പുകളും കര്ണാടകയിലാണുള്ളതെന്നും ഇന്ത്യയുടെ വളര്‍ച്ചയില്‍ മുന്‍നിരയിലാണ് കർണാടകയുടെ സ്ഥാനമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവരും പങ്കെടുത്തു. ക്രിസ് ഗോപാലകൃഷ്ണന്, ഡോ. കിരണ്‍ മജുംദാര്‍ ഷാ, പ്രശാന്ത് പ്രകാശ്, ഡോ. എ.എസ്. കിരണ്‍കുമാര്‍, ഡോ. എകരൂപ് കൗർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.