പത്മലതയുടെ സഹോദരി ഇന്ദ്രാവതിയും കുടുംബാംഗങ്ങളും
മംഗളൂരു: ധർമസ്ഥലയിൽ നാല് പതിറ്റാണ്ടുകൾ മുമ്പ് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കോളജ് വിദ്യാർഥിനിയുടെ സഹോദരി കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച കൂട്ട ശവസംസ്കാരം അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ (എസ്.ഐ.ടി) സമീപിച്ചു. ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷൻ പരിസരത്തെ പുതിയ പാർപ്പിട സമുച്ചയത്തിൽ മറ്റൊരു പൊലീസ് സ്റ്റേഷൻ പദവിയോടെ പ്രവർത്തിക്കുന്ന എസ്.ഐ.ടി ഓഫിസിൽ സി.പി.എം നേതാവ് ബി.എം. ഭട്ട് ഉൾപ്പെടെയുള്ളവർക്കൊപ്പമാണ് ഇരയുടെ സഹോദരി ഇന്ദ്രാവതി എത്തിയത്.
ഉജിരെയിലെ രണ്ടാം വർഷ പ്രീ-യൂനിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്ന പത്മലതയെ(19) 1986 ഡിസംബർ 22ന് കോളജിന്റെ വാർഷിക ദിനാഘോഷത്തിൽ പങ്കെടുക്കാൻ വീട്ടിൽനിന്ന് പോയശേഷം കാണാതാവുകയായിരുന്നു. 53 ദിവസങ്ങൾക്കുശേഷം കൈകാലുകൾ കെട്ടിയനിലയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. വലിയ പൊതുജന പ്രതിഷേധങ്ങൾ ഉയർന്നിട്ടും കേസ് സി.ഐ.ഡിക്ക് കൈമാറിയിട്ടും അന്വേഷണം മുന്നോട്ട് പോയില്ലെന്ന് ഇന്ദ്രാവതി പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു പത്മലതയുടെ പിതാവ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ധർമസ്ഥലയില്‍ മത്സരിക്കുക എന്നതില്‍ വലിയ എതിര്‍പ്പുണ്ടായി. നാമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന ഭീഷണിയുണ്ടായിരുന്നു. പഠനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന പത്മലതയെ ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
മംഗളൂരു: ധർമസ്ഥലയിലെ ദുരൂഹ ബലാത്സംഗ കൊലപാതകങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തൽ അന്വേഷിക്കുന്ന എസ്.ഐ.ടി വിദഗ്ധ പരിശോധനക്കായി തിങ്കളാഴ്ച ജി.പി.ആർ ( ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ) എത്തിച്ചു. വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരൻ അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ നിർണായകമെന്ന് കരുതുന്ന 13ാം പോയന്റിലാണ് റഡാർ ഉപയോഗിച്ച് പരിശോധന നടത്തുക. ഇതിനകം 17 ഇടങ്ങളിൽ അന്വേഷണ സംഘം മണ്ണുനീക്കി പരിശോധന നടത്തിയെങ്കിലും 13ാം പോയന്റ് ഒഴിച്ചിട്ടിരുന്നു. നേത്രാവതി സ്നാനഘട്ടിന് സമീപമാണ് ഈ സ്ഥലം.
ധർമസ്ഥല നേത്രാവതി നദിക്കരയിൽ റഡാർ സംവിധാനവുമായി എസ്.ഐ.ടി ടീം
നേരത്തേ ഉത്തര കന്നട ജില്ലയിലെ ഷിരൂരിൽ മണ്ണിനടിയിലായ ലോറി കണ്ടെത്തിയത് റഡാർ ഉപയോഗിച്ചാണ്. ഞായറാഴ്ച 16ാം പോയന്റിൽ നടത്തിയ സമഗ്രമായ പരിശോധനക്കുശേഷം വീണ്ടും വെറുംകൈയോടെയാണ് അന്വേഷണ സംഘം മടങ്ങിയത്. പാറക്കെട്ടുകളുള്ള കുന്നിൻമുകളിൽ ഏകദേശം 30 അടി വീതിയും 10 അടി ആഴവുമുള്ള 16 വ്യത്യസ്ത കുഴികൾ സംഘം കുഴിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന ശ്രമത്തിൽനിന്ന് കല്ലുകളും ചളിയും മാത്രമാണ് ലഭിച്ചത്, മനുഷ്യന്റെ അസ്ഥികൂട അവശിഷ്ടങ്ങളോ ഭൗതിക തെളിവുകളോ ഒന്നും ലഭിച്ചില്ല.
കഴിഞ്ഞ 11 ദിവസങ്ങളിലായി 17 വ്യത്യസ്ത സ്ഥലങ്ങളിൽ എസ്.ഐ.ടി പരിശോധന നടത്തി. ഇതിൽ രണ്ടിടത്തുനിന്ന് മാത്രമാണ് മനുഷ്യ അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.