ന്യൂഡൽഹി: 11, 12 ക്ലാസുകളിലെ നിയമപഠന സിലബസിൽ സുപ്രധാന പരിഷ്‍കരണങ്ങൾ വരുത്തി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സി.ബി.എസ്.ഇ). മുത്തലാഖ് നിർത്തലാക്കൽ, രാജ്യദ്രോഹക്കുറ്റം നിർത്തലാക്കൽ, ഭാരതീയ ന്യായ സംഹിത(ബി.എൻ.എസ്)നടപ്പാക്കൽ, സ്വവർഗ രതി കുറ്റകരമാക്കുന്ന 377ാം വകുപ്പ് റദ്ദാക്കിയത് എന്നിവയുൾപ്പെടെയുള്ള സമീപ കാല നിയമ പരിഷ്‍കരണങ്ങളാണ് പുതിയ സിലബസിൽ ഉൾപ്പെടുത്തുന്നതെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഈ മാറ്റങ്ങൾക്ക് സി.ബി.എസ്.ഇ കരിക്കുലം കമ്മിറ്റി അംഗീകാരം നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, കഴിഞ്ഞ ജൂണിൽ ഭരണസമിതി അതിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്ക് പകരം പുതിയ സുപ്രധാന നിയമങ്ങളെ കുറിച്ച് സീനിയർ വിദ്യാർഥികൾ ഉടൻ പഠിക്കും.
2023-24 കാലഘട്ടത്തിൽ കൊണ്ടുവന്ന സുപ്രധാന നിയമപരിഷ്‍കരണങ്ങളാണ് ഈ സിലബസ് പരിഷ്‍കരണത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. രാജ്യദ്രോഹം, മുത്തലാഖ് എന്നിവ റദ്ദാക്കിയതും 1861ലെ സ്വവർഗരതി കുറ്റകരമാക്കുന്ന നിയമം(377ാം വകുപ്പ്) എടുത്തുകളഞ്ഞതും ആ സുപ്രധാന നിയമ മാറ്റങ്ങളിൽ പെട്ടതാണ്. കൊളോണിയൽ കാലത്തെ പാഠപുസ്തകങ്ങൾ സമീപകാല നിയമ പരിഷ്‍കാരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ബോർഡ് കണ്ടെത്തിയിരുന്നു. തുടർന്ന് 2026-27 വർഷത്തേക്ക് പരിഷ്‍കരിച്ച പാഠപുസ്തകങ്ങൾ തയാറാക്കാനായി വിദഗ്ധ സമിതി രൂപീകരിക്കാനും ഉള്ളടക്ക ഏജൻസിയെ നിയമിക്കാനും ബോർഡ് തീരുമാനിച്ചു.
2013ലാണ് 11ാം ക്ലാസിൽ സി.ബി.എസ്.ഇ നിയമ പഠനം പുതിയ വിഷയമാക്കി അവതരിപ്പിച്ചത്. തൊട്ടടുത്ത വർഷം 12ാം ക്ലാസിലും ഇത് നടപ്പാക്കി. നിയമ പഠനം, ഭരണം, പൊതുനയം എന്നിവയിൽ താൽപര്യമുള്ള വിദ്യാർഥികൾക്കിടയിൽ ഇത് വലിയ ജനപ്രീതി നേടുകയും ചെയ്തു. 2022-23 വർഷത്തിൽ കൊണ്ടുവന്ന പരിഷ്‍കരണത്തിന്റെ ഭാഗമായി 2013ലെ പോഷ് നിയമം, വിവരാവകാശ നിയമം, ഉപഭോക്തൃ സംരക്ഷണ നിയമം, ബൗധിക സ്വത്തവകാശങ്ങൾ, നിയമപരമായ സ്ഥാപനങ്ങൾ തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.