കൊൽക്കത്ത: ‘ഒരിക്കലും ഈ ലോകത്തിലേക്ക് ചേരുകയില്ല!’- കൊൽക്കത്ത ഐ.ഐ.എസ്.ഇ.ആറിലെ ഓട്ടിസം ബാധിതനായ മൂന്നാം വർഷ പി.എച്ച്.ഡി ഗവേഷകന്റെ അവസാനത്തെ വരികളിലൊന്നാണിത്. തന്റെ ചുറ്റുമുള്ളവർ അധിക്ഷേപവുമായി ഒറ്റപ്പെടുത്തിയെന്നും സ്ഥാപനത്തിലുള്ളവർ ഭീഷണിപ്പെടുത്തിയെന്നും ആ സമയത്ത് തന്റെ സൂപ്പർവൈസർ മൗനം പാലിക്കുക മാത്രമല്ല, പീഡിപ്പിക്കുന്നയാളെ പിന്താങ്ങുകയും ചെയ്തുവെന്നും തുറന്നെഴുതിയായിരുന്നു ബയോളജിക്കൽ സയൻസസ് ഗവേഷകനും 25കാരനുമായ അനമിത്ര റോയിയുടെ ആത്മഹത്യ.
വ്യാഴാഴ്ച രാത്രി കല്യാണി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബയോളജി ലാബിൽ സ്വന്തം ന്യൂറോളജിക്കൽ മരുന്നുകൾ അമിതമായി കഴിച്ച നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ സുഹൃത്തുക്കൾ കല്യാണിയിലെ എയിംസിലേക്കു കൊണ്ടുപോയി. അവിടെ വെച്ചായിരുന്നു മരണം.
നോർത്ത് 24പർഗാനാസിലെ ശ്യാംനഗറിൽ നിന്നുള്ള ഈ യുവാവ് വ്യാഴാഴ്ച പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിൽ, തന്നെ പീഡിപ്പിക്കുന്നവരായി ആരോപിച്ച് സൗരഭ് ബിശ്വാസിന്റെയും സൂപ്പർവൈസർ അനിന്ദിത ഭദ്രയുടെയും പേരുകൾ പരാമർശിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതൽ മാതാപിതാക്കളിൽ നിന്ന് ആവർത്തിച്ചുള്ള ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടിവന്നതായും അതിൽ പറയുന്നു. തുടർന്ന് താൻ ജീവിതകാലം മുഴുവൻ അനുഭവിച്ച പ്രശ്‌നങ്ങളും അതിനോടുള്ള പീഡനങ്ങളും അദ്ദേഹം വിശദീകരിച്ചു. ഐ.ഐ.എസ്.ഇ.ആർ കൊൽക്കത്തയുടെ ആന്റി റാഗിങ് സെല്ലും തന്നെ പരാജയപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ പോസ്റ്റ് സൂചിപ്പിക്കുന്നു.
വിരമിച്ച പോസ്റ്റ് മാസ്റ്ററാണ് അനാമിത്രയുടെ അച്ഛൻ തപസ് കുമാർ റോയ്. അമ്മ അഞ്ജന വീട്ടമ്മയും. മകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെയും ആത്മഹത്യയുടെയും വെളിച്ചത്തിൽ അവർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം.
പോസ്റ്റിലെ ഭാഗങ്ങൾ: ‘എല്ലാം കുട്ടിക്കാലം മുതലേ ആരംഭിച്ചു. എപ്പോഴും അമിതമായി ദേഷ്യപ്പെടുന്നവരും പക്വതയില്ലാത്തവരുമായ മാതാപിതാക്കളിൽ നിന്നുള്ള ആവർത്തിച്ചുള്ള ശാരീരികവും മാനസികവുമായ പീഡനം ഏറ്റുവാങ്ങി. എല്ലാത്തിനുമുപരി, ഓട്ടിസം ഉള്ളത് കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പീഡനം കാരണം ഞാൻ ആദ്യം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു. 10-ാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യത്തെ വലിയ വിഷാദം വന്നു. വീട്ടിൽ തുടർച്ചയായ പീഡനങ്ങൾക്കിടയിൽ എങ്ങനെയോ ഞാൻ കോളജിലെത്തി.
രണ്ടാം വർഷത്തിൽ, എനിക്ക് 18 വയസ്സുള്ളപ്പോൾ വീണ്ടും വലിയ വിഷാദത്തിലേക്ക് പതിച്ചു. അതിനുശേഷം അതെന്നെ വിട്ടുപോയില്ല. എന്റെ പല സഹപ്രവർത്തകരോടൊപ്പം ഞങ്ങളുടെ ലാബിലെ തന്നെ പി.എച്ച്.ഡി വിദ്യാർഥിയായ സൗരഭ് ബിശ്വാസ് എന്നെയും ആവർത്തിച്ച് പീഡിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ സൂപ്പർവൈസർ അനിന്ദിത ഭദ്രക്ക് ആവർത്തിച്ച് പരാതികൾ നൽകിയെങ്കിലും അവരത് കണ്ടതായി പോലും ഭാവിച്ചില്ല’.
‘2025 ഏപ്രിൽ 12ന് ലാബിൽ വെച്ച് സൗരഭ് വളരെ നേരം എന്നെ ശകാരിച്ചു. ഇ-മെയിൽ വഴിയും ഔദ്യോഗിക പോർട്ടൽ വഴിയും ഞാൻ ഐ.ഐ.എസ്.ഇ.ആർ കൊൽക്കത്ത ആന്റി റാഗിങ് സെല്ലിൽ പരാതികൾ രജിസ്റ്റർ ചെയ്തു. അവർ ഒരിക്കലും എന്നെ സമീപിച്ചില്ല’.
‘വിദ്യാർഥി കാര്യ കൗൺസിലിലെ ഒരു അംഗം എന്നെ പിന്തുണച്ചെങ്കിലും മറ്റൊരാൾ പരാതിപ്പെടും മുമ്പ് സ്ഥാപനത്തിന്റെ പ്രശസ്തിയെക്കുറിച്ച് ചിന്തിക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞു. സൂപ്പർവൈസർക്കും സമാനമായ അഭിപ്രായമായിരുന്നു. എന്റെ പെരുമാറ്റത്തിൽ മാത്രമാണ് തെറ്റ് കണ്ടെത്തിയത്. ദിവസങ്ങൾക്കു ശേഷം ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. പക്ഷേ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. ഒടുവിൽ തെറാപ്പിസ്റ്റ് മരുന്നുകളിൽ അഭയംതേടി. എങ്ങനെയോ ഇന്നുവരെ എന്നെത്തന്നെ ജീവനോടെ നിലനിർത്തി’.
‘എന്നെ പീഡിപ്പിച്ചയാളുമായി എല്ലാവരും സാധാരണ ബന്ധം നിലനിർത്തുന്നത് കാണുന്നത് ഏറെ വിഷമമുണ്ടാക്കി. അതെന്നെ പലതവണ തകർത്തു. സൗരഭ് ബിശ്വാസിനോട് ഞാൻ ക്ഷമാപണം മാത്രമേ ആവശ്യപ്പെട്ടുള്ളൂ. അതുപോലും എനിക്ക് നിഷേധിക്കപ്പെട്ടു. ഇന്നു രാവിലെ എന്റെ സൂപ്പർവൈസർ എന്റെ പീഡകനെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും പരസ്യമായി പ്രശംസിക്കുകയും അവർ അതാഘോഷിക്കുകയും ചെയ്തു. ഞാൻ ഉള്ളതെല്ലാം തുറന്നു പറഞ്ഞു. അതിന്റെ പേരിൽ അവർ എന്നെ വീണ്ടും ശകാരിച്ചു. എന്നോട് തെറ്റ് ചെയ്തവരെ നീതിപീഠത്തിലേക്ക് കൊണ്ടുവരാൻ പോസ്റ്റ് വായിക്കുന്നവരോട് അഭ്യർഥിക്കുകയാണ്.
‘ഞാനൊരിക്കലും ഈ ലോകത്തിനായി സൃഷ്ടിക്കപ്പെട്ടയാളല്ലെന്ന് കരുതുന്നു. അതെ, എനിക്ക് ചില നല്ല ആളുകളെയും ചില സുഹൃത്തുക്കളെയും ചില സ്നേഹത്തിന്റെ കണികകളെയും അവിടെയും ഇവിടെയും കണ്ടെത്താനായിട്ടുണ്ട്. പക്ഷേ, ഇനിയും എനിക്കിത് ചെയ്യാതിരിക്കാനാവില്ല. ഞാൻ പോവുന്നു. ജീവിതത്തിൽ ഒരിക്കലും കണ്ടെത്താത്ത സമാധാനം മരണത്തിൽ കണ്ടെത്താനാവട്ടെ’- അദ്ദേഹം എഴുതി.
‘എന്റെ ജീവിതത്തിലുടനീളം ഞാൻ ഉണ്ടാക്കിയ എല്ലാ വേദനക്കും കഷ്ടപ്പാടിനും അഗാധമായി ഖേദം പ്രകടിപ്പിക്കുന്നു. ഇപ്പോൾ എന്റെ മരണത്തിലൂടെയും അത് വരുത്തിവെക്കും. എന്നെ ആർക്കെങ്കിലും ഓർമിക്കണമെങ്കിൽ, ഞാൻ കാണിച്ച ദയയിലൂടെ അവരങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്രയേ പറയാനുള്ളൂ. കർട്ടനിടുന്നു’- ഏറെ ഹൃദയവേദനയോടെയുള്ള പോസ്റ്റ് അദ്ദേഹം ഇങ്ങനെ അവസാനിപ്പിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് കണ്ട് പരിഭ്രാന്തരായ അനാമിത്രയുടെ സുഹൃത്തുക്കൾ ആദ്യം അനാമിത്ര താമസിച്ചിരുന്ന കല്യാണിയിലെ വാടക വീട്ടിലേക്ക് ഓടി. അവിടെ കണ്ടെത്താനാകാതെ വന്നപ്പോൾ ലബോറട്ടറിയിലേക്കും.
അവിടെ അനാമിത്ര ബോധരഹിതനായി കിടക്കുന്നത് അവർ കണ്ടു. രാത്രി 10 മണിയോടെ അദ്ദേഹത്തെ എയിംസ് കല്യാണിയിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ തനിക്ക് അർഹതയില്ലാത്ത ഈ ലോകത്തുനിന്ന് എന്നെന്നേക്കുമായി മടങ്ങി.
അനമിത്രയുടെ സഹോദരി പൗശാലി റോയ്, ഐ.ഐ.എസ്.ഇ.ആർ കൊൽക്കത്ത അധികൃതരെയും സഹോദരനെ ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന വിദ്യാർഥിയെയും സൂപ്പർവൈസറെയും കുറ്റപ്പെടുത്തി.
‘സോഷ്യൽ മീഡിയ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ കുടുംബവുമായി ബന്ധപ്പെട്ടു. ഉള്ളടക്കം അവരെ അറിയിക്കുകയും പരാതി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു’വെന്ന് റാണഘട്ട് പൊലീസ് സൂപ്രണ്ട് ആശിഷ് മൗര്യ പ്രതികരിച്ചു. ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്നും മൗര്യ പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിന് സ്വമേധയാ കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
ഐ.ഐ.എസ്.ഇ.ആർ അധികൃതർ അനാമിത്രയുടെ വിഷയം കൈകാര്യം ചെയ്തതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഐ.ഐ.എസ്.ഇ.ആർ കൊൽക്കത്ത മുമ്പും ഇത്തരം ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2022 ഏപ്രിൽ 4ന്, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി പ്രോഗ്രാമിലെ അവസാന വർഷ വിദ്യാർഥി ശുഭദീപ് റോയിയെ ഫിസിക്സ് ലബോറട്ടറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് റാഗിങ് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തി.
2017 മെയ് 2ന്, ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ 19 വയസ്സുള്ള സാഗർ മൊണ്ടലിനെ ഹോസ്റ്റൽ ടോയ്‌ലറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹരിൻഘട്ടയിൽ നിന്നുള്ള ദരിദ്ര കർഷകന്റെ മകനായ സാഗർ, ചില മുതിർന്ന വിദ്യാർഥികളിൽ നിന്നുള്ള റാഗിങ്ങിന്റെ ആഘാതത്തിനിരയായതായി പറയുന്നു.
ആ സമയത്ത് നിരവധി മുതിർന്ന പ്രഫസർമാർ വിദ്യാർഥികൾക്കേൽക്കുന്ന ഈ ഗുരുതര പ്രഹരം പരിഹരിക്കുന്നതിൽ സ്ഥാപനത്തിന്റെ വ്യവസ്ഥാപരമായ പരാജയങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും കാര്യമായ പരിഷ്കാരങ്ങളൊന്നും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.