തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ കമീഷണറുടെ അവസാന അലോട്ട്മെന്റും പൂർത്തിയായപ്പോൾ പ്രവേശനം ഉറപ്പാക്കിയത് 25659 പേർ. മെറിറ്റ് സീറ്റുകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അലോട്ട്മെന്റ് നേടിയവരുടെ എണ്ണത്തിൽ ഇത്തവണ വർധനവുണ്ട്. ഒന്നാം അലോട്ട്മെന്റിൽ 27021 പേരും രണ്ടാം അലോട്ട്മെന്റിൽ 25184 പേരുമാണ് ഇടംപിടിച്ചത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേരിയ വർധനവാണ്.
കഴിഞ്ഞ വർഷം 22871 പേരാണ് രണ്ടാം അലോട്ട്മെന്റ് പട്ടികയിൽ ഉൾപ്പെട്ടത്. മൂന്നാം അലോട്ട്മെന്റ് സമ്പൂർണ അലോട്ട്മെന്റായി നടത്തുന്നതിന് പകരം സീറ്റ് ഫില്ലിങ് റൗണ്ടായാണ് കഴിഞ്ഞ വർഷം നടത്തിയത്. അലോട്ട്മെന്റ് ലഭിച്ചവരിൽ എത്രപേർ കോളജിലെത്തി പ്രവേശനം നേടുന്നുവെന്ന് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഈ വർഷത്തെ മെറിറ്റ് സീറ്റുകളിലെ ഒഴിവിന്റെ എണ്ണം വ്യക്തമാകുക.
12 വരെയാണ് കോളജിൽ പ്രവേശനം നേടാനുള്ള സമയം. ഇതിന് ശേഷവും സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകളിൽ ഒഴിവുവരുന്ന സീറ്റുകളിലേക്ക് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ കേന്ദ്രീകൃത സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നതാണ് രീതി. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലേക്ക് കോളജ് അടിസ്ഥാനത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. ഈ വർഷം ഏറ്റവും കൂടുതൽ പേർ പ്രവേശനം ഉറപ്പാക്കിയത് കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിൽ തന്നെയാണ്; 8092 പേർ. രണ്ടാം അലോട്ട്മെന്റിൽ ഇത് 7950 ആയിരുന്നു.
കഴിഞ്ഞ വർഷം രണ്ടാം അലോട്ട്മെന്റിൽ 7656 പേരാണ് കമ്പ്യൂട്ടർ സയൻസിൽ അലോട്ട്മെന്റ് നേടിയത്. ഇത്തവണ 4678 പേർ ഇലക്ട്രോണിക്സിലും 3295 പേർ സിവിൽ എൻജിനീയറിങ്ങിലും 2770 പേർ മെക്കാനിക്കലിലും 2187 പേർ ഇലക്ട്രിക്കലിലും അലോട്ട്മെന്റ് നേടി. ഈ വർഷം തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങിൽ (സി.ഇ.ടി) കമ്പ്യൂട്ടർ സയൻസിൽ 571ാം റാങ്കിൽ വരെ കമ്പ്യൂട്ടർ സയൻസിൽ സ്റ്റേറ്റ് മെറിറ്റിൽ അലോട്ട്മെന്റ് ലഭിച്ചു. കഴിഞ്ഞ വർഷം 552ാം റാങ്ക് വരെയായിരുന്നു സ്റ്റേറ്റ് മെറിറ്റിലെ അലോട്ട്മെന്റ്. തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ ഈ വർഷം കമ്പ്യൂട്ടർ സയൻസിൽ സ്റ്റേറ്റ് മെറിറ്റിൽ 1087ാം റാങ്ക് വരെയും കഴിഞ്ഞ വർഷം 1020ാം റാങ്ക് വരെയുമായിരുന്നു അലോട്ട്മെന്റ്.
സ്വകാര്യ സ്വാശ്രയ കോളജുകളിൽ സർക്കാർ അലോട്ട്മെന്റിനായി നൽകുന്ന 50 ശതമാനം സീറ്റുകളിൽ മൂന്ന് അലോട്ട്മെന്റിന് ശേഷവും ബാക്കിയുള്ള സീറ്റുകൾ മാനേജ്മെന്റിന് തിരികെ ലഭിക്കും. ഈ സീറ്റുകളിലേക്ക് കോളജുകൾക്ക് അലോട്ട്മെന്റ് നടത്താം. ഇങ്ങനെ ലഭിക്കുന്ന സീറ്റുകളിൽ എൻട്രൻസ് യോഗ്യത നേടാത്തവരുടെ അഭാവത്തിൽ യോഗ്യത നേടാത്തവരെ പ്ലസ് ടു പരീക്ഷയിലെ യോഗ്യത ഉറപ്പാക്കി കോളജുകൾക്ക് പ്രവേശനം നൽകാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.