തിരുവനന്തപുരം: ആലപ്പുഴയിലെ നൂറനാട് നാലാം ക്ലാസ് വിദ്യാർഥിയെ രണ്ടാനമ്മയും പിതാവും ക്രൂരമർദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
സ്കൂളുകളിൽ ‘സുരക്ഷാമിത്രം’ എന്ന പേരിൽ സഹായപ്പെട്ടികൾ സ്ഥാപിക്കും. പ്രധാനാധ്യാപികയുടെയോ പ്രിൻസിപ്പലിന്റെയോ മുറിയിൽ വെക്കണം. കുട്ടികൾക്ക് പേര് വെച്ചോ, വെക്കാതെയോ കാര്യങ്ങൾ പറയാം. ആഴ്ചയിൽ ഒരിക്കൽ പെട്ടി തുറന്ന് പരാതി വായിക്കണം. പരിഹാരം കണ്ടെത്തണം, വേണ്ട നടപടി സ്വീകരിക്കണം. ജില്ലാ അടിസ്ഥാനത്തിൽ സ്കൂൾ കൗൺസിലർമാരുടെ യോഗം വിളിച്ചു ചേർക്കുമെന്നും കൗൺസിലിങ് സമയത്ത് കേട്ട അനുഭവങ്ങൾ നേരിട്ട് കേട്ടറിയുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നാലാം ക്ലാസുകാരി നേരിട്ട ദുരനുഭവം മനസാക്ഷിയെ ഞെട്ടിച്ചുവെന്നും മന്ത്രി പറഞ്ഞു. കുട്ടിയെ കാണാൻ മന്ത്രി നൂറനാട്ടെ വീട്ടിലെത്തിയിരുന്നു. കുട്ടികൾക്കെതിരായ അതിക്രമം വെച്ചു പൊറുപ്പിക്കില്ല. കുട്ടിക്കുള്ള സഹായവും സംരക്ഷണവും സർക്കാർ ഉറപ്പ് നൽകുന്നു. കുട്ടിയെ കണ്ടുവെന്നും വല്ലാതെ വിഷമം തോന്നുന്ന കാര്യങ്ങൾ കുട്ടി പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. ഇങ്ങനെയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകി.
ആ മകൾ കാര്യങ്ങൾ പറയുമ്പോൾ എങ്ങനെ ഈ ക്രൂരത കാണിച്ചെന്ന് തോന്നിപ്പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മന്ത്രി ഇക്കാര്യം വ്യക്തമാക്കി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പ്രയാസകരമായ സാഹചര്യത്തിൽ അവൾക്ക് താങ്ങും തണലുമായി ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി കുറിച്ചു.
ആലപ്പുഴ ചാരുംമൂട്ടിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും മർദനത്തിനിരയായ കുഞ്ഞിനെ ഇന്ന് സന്ദർശിച്ചു. ആ കുഞ്ഞുമോളെ നേരിൽ കണ്ടപ്പോൾ എന്‍റെ മനസ്സിൽ ഒരുപാട് വേദന തോന്നി. ഈ സംഭവത്തിന്റെ ആഘാതത്തിലും നിറഞ്ഞ ചിരിയോടെയാണ് അവൾ എന്നോട് സംസാരിച്ചത്.
സംസാരിക്കുന്നതിനിടയിൽ, 'വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം' എന്ന് ആ കുഞ്ഞ് നിഷ്കളങ്കമായി പറയുമ്പോൾ, സ്നേഹമെന്ന വികാരം എത്രത്തോളം ശക്തമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
പ്രയാസകരമായ ഈ സാഹചര്യത്തിൽ അവൾക്ക് താങ്ങും തണലുമായി ഞങ്ങൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.