അഖിലേന്ത്യാ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്സി നഴ്സിങ് കോഴ്സുകളിൽ 15 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേതടക്കമുള്ള ഒന്നാംഘട്ട എം.സി.സി-നീറ്റ് യു.ജി സീറ്റ് അലോട്ട്മെന്റ് ഇന്ന് പ്രഖ്യാപിച്ചേക്കും. ആഗസ്റ്റ് ഏഴ് ഉച്ചക്ക് 1.30 വരെയുള്ള ചോയ്സുകൾ പരിഗണിച്ചാണ് അലോട്ട്മെന്റ്. അലോട്ട്മെന്റ് ലഭിച്ച കോളജ്, കോഴ്സിൽ ആഗസ്റ്റ് ഒമ്പത് മുതൽ 18 വരെ നടപടികൾക്ക് വിധേയമായി റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.
ഇതിനെതുടർന്നുള്ള കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളിലും മാറ്റംവരുത്തിയിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂളുകളും പ്രവേശന നടപടിക്രമങ്ങളും മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.mcc.nic.inൽ ലഭിക്കും. സംസ്ഥാനതലത്തിലും മാറ്റം: എം.സി.സി-നീറ്റ് യു.ജി അലോട്ട്മെന്റ് വൈകിയ സാഹചര്യത്തിൽ സംസ്ഥാനതല മെഡിക്കൽ, ഡെന്റൽ ബിരുദ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് ഷെഡ്യൂളുകളിലും മാറ്റം വരുത്തി. ഒന്നാം റൗണ്ട് കൗൺസലിങ്/അലോട്ട്മെന്റ് നടപടികൾ ആഗസ്റ്റ് 9-18 വരെ നടക്കും. 24നകം പ്രവേശനം നേടാം.
രണ്ടാം റൗണ്ട് അലോട്ട്മെന്റ്/പ്രവേശന നടപടികൾ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ അഞ്ചുവരെയാണ്. സെപ്റ്റംബർ 11നകം പ്രവേശനം നേടാം. മൂന്നാം റൗണ്ട് പ്രവേശന നടപടികൾ സെപ്റ്റംബർ 15-25 വരെ. പ്രവേശനം 30നകം നേടിയിരിക്കണം. ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി റൗണ്ട് പ്രവേശന നടപടികൾ ഒക്ടോബർ 2-5 വരെയാണ് ക്രമീകരിച്ചിട്ടുള്ളത്. അലോട്ട്മെന്റ് ലഭിക്കുന്നവർ ഒക്ടോബർ 10നകം പ്രവേശനം നേടണം. സെപ്റ്റംബർ അഞ്ചിന് കോഴ്സുകൾ തുടങ്ങാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനതല പ്രവേശന നടപടികളുടെ പുതുക്കിയ സമയക്രമം എം.സി.സി വെബ്സൈറ്റിൽ ലഭ്യമാണ്.
അതേസമയം മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ നിർദേശപ്രകാരം എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട സ്റ്റേറ്റ് കൗൺസലിങ് ഷെഡ്യൂളുകൾ പ്രവേശന പരീക്ഷാ കമീഷൻ പുനഃക്രമീകരിച്ചു. ആഗസ്റ്റ് ഒമ്പത് മുതൽ 15 രാത്രി 11.59 വരെ ഓപ്ഷൻ രജിസ്ട്രേഷൻ/ഡിലീഷൻ/പുനഃക്രമീകരണം എന്നിവക്കുള്ള സൗകര്യം വെബ്സൈറ്റിൽ വീണ്ടും ലഭ്യമാകും. ആഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിച്ച താൽക്കാലിക അലോട്ട്മെന്റ് ആഗസ്റ്റ് 15 വരെ ലഭ്യമാകുന്ന ഓപ്ഷനുകൾകൂടി ഉൾപ്പെടുത്തി 16ന് പുനഃപ്രസിദ്ധീകരിക്കും. തുടർന്ന് ആഗസ്റ്റ് 18ന് അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും www.cee.kerala.gov.in സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.