ന്യൂഡല്‍ഹി: വോട്ട് ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് പ്രചാരണ വിഡിയോ പുറത്തിറക്കി. വോട്ട് ക്രമക്കേട് ചൂണ്ടിക്കാട്ടാനും ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പിന്തുണ അറിയിക്കാനും വോട്ട് ചോരി എന്ന വെബ്‌സൈറ്റ് തയാറാക്കിയതിന് പിന്നാലെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്സിൽ പ്രചാരണ വിഡിയോ പോസ്റ്റുചെയ്തു. വോട്ടർമാർ തങ്ങളുടെ വോട്ട് ചെയ്യാനെത്തുമ്പോള്‍ മറ്റുചിലർ വോട്ട് ചെയ്ത് മടങ്ങുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.
പ്രായമായവരുടെയും സ്ത്രീകളുടെയും വോട്ട് പോലും ബി.ജെ.പി പ്രവർത്തകർ പോൾചെയ്യുകയാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നുമുള്ള സന്ദേശമാണ് വീഡിയോ നല്‍കുന്നത്. വോട്ട് ക്രമക്കേട് ചൂണ്ടിക്കാട്ടാനായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷകൾ നടത്തുന്ന പ്രചാരണപരിപാടികളുടെ ഭാഗമാണ് വീഡിയോ. ‘അവർ നിങ്ങളുടെ വോട്ട് മോഷ്ടിക്കും, നിങ്ങളുടെ അവകാശവും സ്വത്വവും മോഷ്ടിക്കും’ എന്ന കുറിപ്പോടുകൂടിയാണ് രാഹുൽ ഗാന്ധി വിഡിയോ പങ്കുവെച്ചത്.
വോട്ട് ചെയ്യാനായി രണ്ടുപേര്‍ പോളിങ് ബൂത്തിലെത്തുന്നതാണ് വിഡിയോയുടെ തുടക്കം. ആ സമയം പോളിങ് ബൂത്തില്‍നിന്ന് രണ്ട് യുവാക്കള്‍ പുറത്തേക്ക് വരുന്നു. അവര്‍ വോട്ട് ചെയ്യാനെത്തിയവരോട് നിങ്ങളുടെ പേരെന്താണെന്ന് ചോദിക്കുന്നു. പേരുപറയുമ്പോൾ അത് ഞാനല്ലേ എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് യുവാക്കള്‍ തിരിച്ചുചോദിക്കുക്കുകയും വോട്ട് ചെയ്യാനെത്തിയവരോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. പോളിങ് ബൂത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നിങ്ങള്‍ ചെയ്‌തോളൂ, ഞാന്‍ നോക്കിക്കോളാമെന്ന് യുവാക്കളോട് പറയുന്നതും വിഡിയോയിൽ കാണാം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലും മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി പത്രസമ്മേളനം വിളിച്ചിരുന്നു. ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും ഇതിനായി ഗുഢാലോചന നടത്തിയെന്നും തെളിവുകള്‍ നിരത്തി അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ആരോപണത്തിന് തെളിവ് നൽകണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമീഷൻ രംഗത്തുവന്നു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രാജ്യമെങ്ങും വ്യാപക പ്രചാരണ പരിപാടികൾക്ക് തുടക്കംകുറിച്ചതിനു പിന്നാലെയാണ് നടപടി.
രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഇടയിൽ നേർക്കു നേർ പോര് മുറുകയാണ്. ശകുൻ റാണി എന്ന സ്ത്രീ രണ്ടു തവണ വോട്ടു ചെയ്തതിന് തെളിവ് എവിടെ എന്ന് ചോദിച്ച് കർണാടകയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. തെളിവുണ്ടെങ്കിൽ സത്യപ്രസ്താവനയിലൂടെ നല്കാനായിരുന്നു കമീഷൻ നിർദേശം. മഹാരാഷ്ട്ര, ഹരിയാന സി.ഇ.ഒമാരും ഇക്കാര്യത്തിൽ രാഹുലിന് കത്ത് നല്കി. ഇതിന് തയാറല്ലെങ്കിൽ രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പു പറയണമെന്ന ആവശ്യം കമീഷൻ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.