ന്യൂഡൽഹി: വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റപ്പെട്ട മൂന്നുപേർ കൽക്കത്ത ഹൈകോടതിക്ക് മുന്നിൽ ആത്മഹത്യ ശ്രമം നടത്തിയത് വ്യക്തിപരമാണെന്നും അതിൽ ഇടപെടില്ലെന്നും ബിഹാർ എസ്.ഐ.ആറിനെതിരായ അന്തിമ വാദത്തിനിടയിൽ ജസ്റ്റിസ് എ. സുര്യകാന്ത് അധ്യക്ഷനായ ബെഞ്ച്.
ബിഹാറിൽ എസ്.ഐ.ആർ തീരും മുമ്പ് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടത്താനിരിക്കുന്ന പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ നടപടികൾ തുടങ്ങിയ വിവരം കോടതിയെ അറിയിച്ച തൃണമൂൽ കോൺഗ്രസ് എം.പി കൂടിയായ മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജിയാണ് സ്ഥിതിവിശേഷം ഗുരുതരമാണെന്ന് പറഞ്ഞ് മൂന്നുപേരുടെ ആത്മഹത്യ ശ്രമത്തെക്കുറിച്ച് പറഞ്ഞത്.
സംസ്ഥാന സർക്കാറിനെ പോലും അറിയിക്കാതെ ബിഹാറിന് പിന്നാലെ പശ്ചിമ ബംഗാളിലും ഈ മാസം എട്ടിന് എസ്.ഐ.ആർ നടപടി തുടങ്ങിയെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനും ബോധിപ്പിച്ചു.
എന്നാൽ, ബംഗാളിന്റെ കാര്യം ഇപ്പോൾ കേൾക്കില്ലെന്നും മറ്റൊരു തീയതി നിശ്ചയിക്കുമെന്നും അതിനായി കാത്തിരിക്കണമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ബിഹാറിലെ എസ്.ഐ.ആറിൽ സുപ്രീംകോടതി കൈക്കൊള്ളുന്ന തീരുമാനം ബംഗാളിനും ബാധകമായിരിക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.